'ഷെയിനിനെ കുറിച്ച് പറയുന്നത് കള്ളം, പബ്ലിസിറ്റിക്ക് വേണ്ടി കണ്ടെത്തുന്ന കുറ്റങ്ങള്‍'; നന്ദു പൊതുവാള്‍
കൊച്ചി : ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന്മാരായ ഷെയിന്‍ നിഗത്തെയും ശ്രീനാഥ് ഭാസിയെയും നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയത്. ഇരുവരുമായുള്ള ചിത്രങ്ങളുമായി സഹകരിക്കില്ലെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന അറിയിക്കുന്നത്. ഷെയിന്‍ നിഗം ഏഡിറ്റിംഗ് പോലുള്ള കാര്യങ്ങളില്‍ ഇടപെടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ അമ്മ സിനിമ കാര്യങ്ങളില്‍ ഇടപെടുന്നു എന്നൊക്കെയാണ് നിര്‍മ്മാതാക്കളുടെ സംഘടന ആരോപിക്കുന്നത് .
നടന്‍ ശ്രീനാഥ് ഭാസി ഓരേസമയത്ത് ഒരുപാട് സിനിമകള്‍ക്ക് ഡേറ്റ് നല്‍കുകയാണെന്നും ഇത് കാരണം പല സിനിമകളും മുടങ്ങിപ്പോകുന്നെന്നും സംഘടന ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് നടന്മാരുമായി സഹകരിക്കുന്നില്ലെന്ന് സംഘടന തീരുമാനമെടുത്തത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ നന്ദു പൊതുവാള്‍.

നടന്‍ ഷെയിന്‍ നിഗത്തെ കുറിച്ചുള്ള ഇപ്പോഴത്തെ ആരോപണം കള്ളമാണെന്നാണ് നന്ദു പറയുന്നത്. പണ്ട് പ്രശ്‌നങ്ങളുണ്ടായിക്കാണും. എന്നാല്‍ ഷൂട്ടിംഗ് സമയത്ത് കൃത്യമായി വരുന്നയാളാണ്. പ്രശ്‌നങ്ങളില്ല. വയ്യെങ്കില്‍ തന്നെ ചിരിച്ചുകൊണ്ട് ലേശം വൈകിയാല്‍ കുഴപ്പമുണ്ടോ ചേട്ടാ, വയ്യാത്തത് കൊണ്ടാണ് എന്ന് ചോദിക്കുമെന്ന് നന്ദു പൊതുവാള്‍ പറയുന്നു.
കൂട്ടത്തില്‍ പറയുന്ന മറ്റൊരു പേര് ഷൈന്‍ ടോം ചാക്കോയുടേതാണ്. അദ്ദേഹമൊക്കെ സിനിമ യൂണിറ്റിന് മുമ്പ് തന്നെ സെറ്റിലെത്തുന്നത് കണ്ടിട്ടുണ്ട്. ചിലരൊക്കെ പബ്ലിസിറ്റിക്ക് വേണ്ടി പറയുന്നതാണ് ഇത്തരം കുറ്റങ്ങളെന്ന് തോന്നുന്നെന്ന് നന്ദു പൊതുവാര്‍ പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നന്ദു ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, കഴിഞ്ഞ ദിവസം നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസും ഷെയിനിനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. അസോസിയേഷനില്‍ പറയുന്ന പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് പകരം നാട്ടുകാരുടെ മുന്നിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്നും തീരുമാനങ്ങള്‍ നീതിപൂര്‍വമാകണമെന്നും സാന്ദ്രാ തോമസ് പറഞ്ഞിരുന്നു.
ഇതിനേകാള്‍ വലിയ പ്രശ്‌നങ്ങള്‍ വന്നിട്ട് വിലക്കിലേക്ക് പോയിട്ടില്ല. ഷെയിനിന് വേണ്ടി അദ്ദേഹത്തിന്റെ അമ്മ സംസാരിക്കുന്നത് മോശം രീതിയില്‍ ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ലെന്നും സാന്ദ്രാ തോമസ് പറഞ്ഞിരുന്നു. അസോസിയേഷന്‍ പറയുന്നത്, ഷെയിന്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നു എഡിറ്റ് കാണണെന്നും ഷെയിനും അമ്മയും പറഞ്ഞു എന്നൊക്കെയാണ്. എന്റെ അറിവില്‍ മിക്ക താരങ്ങളും എഡിറ്റ് കാണാറുണ്ട്. ചിലപ്പോഴൊക്കെ സ്പോട്ട് എഡിറ്റ് നടക്കുന്ന സമയത്ത് അങ്ങോട്ട് പറയും. ഒന്നു കണ്ടു നോക്കൂ എന്ന്- സാന്ദ്ര തോമസ് പറഞ്ഞു.












Click it and Unblock the Notifications