കൈവെട്ട് കേസ്: ഭീകരപ്രവര്‍ത്തനം തെളിഞ്ഞെന്ന് കോടതി; ആറ് പേര്‍ കുറ്റക്കാര്‍, അഞ്ച് പേരെ വെറുതെവിട്ടു
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രൊഫസറായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. അഞ്ച് പ്രതികളെ വെറുതെ വിട്ടു. കേസിലെ രണ്ടാം ഘട്ട വിധി പ്രസ്താവത്തില്‍ കൊച്ചി എന്‍ ഐ എ കോടതിയാണ് പ്രതികളുടെ വിധി പുറപ്പെടുവിച്ചത്. പ്രതികള്‍ക്കെതിരായ ഭീകരപ്രവര്‍ത്തനം എന്ന കുറ്റം തെളിഞ്ഞെന്ന് കോടതി ചൂണ്ടിക്കാട്ടി.
വധശ്രമവും ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി പറഞ്ഞു. ഷഫീഖ്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ സവാദ് ഇപ്പോഴും ഒളിവിലാണ്. രണ്ടാം പ്രതി സജലും മൂന്നാം പ്രതി നാസറും കുറ്റക്കാരനാണ് എന്ന് കോടതി പറഞ്ഞു.

കുറ്റകൃത്യത്തിന് ആസൂത്രണം നടത്തിയ നാസറിനെതിരായ കുറ്റങ്ങളെല്ലാം നിലനില്‍ക്കും. സജല്‍ കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തയാളാണ്. മൂന്ന് പ്രതികള്‍ക്കെതിരെ വധശ്രമം, ഗൂഢാലോചന, ഭീകരപ്രവര്‍ത്തനം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. അതേസമയം ശിക്ഷ പരമാവധി കുറക്കണം എന്ന് പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാവര്‍ക്കും വേദനയില്ലേ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
പ്രതികള്‍ക്കെതിരെ ഗൂഢാലോചന, ആയുധം കൈവശം വയ്ക്കല്‍, ഒളിവില്‍ പോകല്‍, ആയുധം കൊണ്ട് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ തെളിഞ്ഞതായി എന്‍ ഐ എ കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ല എന്ന് എന്‍ ഐ എയും പറഞ്ഞു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്തു നടപ്പാക്കിയ കൃത്യമാണ് കൈവെട്ട് എന്നാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍.
ഒന്നാം ഘട്ടത്തില്‍ 37 പ്രതികളെ വിസ്തരിച്ച എന്‍ ഐ എ കോടതി 11 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. 26 പേരെയാണ് എന്ന് വെറുതെ വിട്ടത്. ആദ്യഘട്ട കുറ്റപത്രത്തിന് ശേഷമാണ് ഇപ്പോള്‍ ശിക്ഷ വിധിച്ച പ്രതികള്‍ അറസ്റ്റിലായത്. തൊടുപുഴ ന്യൂമാന്‍ കോളജിലെ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയ്ക്കു തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടായി എന്ന ആരോപണമാണ് സംഭവങ്ങള്‍ക്ക് തുടക്കം.
ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ടി ജെ ജോസഫിന്റെ കൈപ്പത്തി അക്രമികള്‍ വെട്ടിമാറ്റുകയായിരുന്നു. 2010 ജൂലൈ നാലിനായിരുന്നു സംഭവം. ഇപ്പോള്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും എന്നാണ് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും കണ്ടെത്തിയിരുന്നത്.












Click it and Unblock the Notifications