ആക്രമണം സസ്‌പെന്‍ഷനിലിരിക്കെ; കേരള മനസാക്ഷിയെ ഞെട്ടിച്ച കൈവെട്ട് കേസിന്റെ നാള്‍വഴികള്‍
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രൊഫസറായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ വിധി പ്രസ്താവം വരുന്നത് സംഭവം നടന്ന് 13 വര്‍ഷങ്ങള്‍ക്ക് ശേഷം. കേരളത്തെ ഒന്നാകെ നടുക്കിയ സംഭവമായിരുന്നു അധ്യാപകന്റെ കൈവെട്ട് കേസ്. സംസ്ഥാനത്ത് ഇതിന് മുന്‍പ് കേട്ടുകേള്‍വിയില്ലാത്ത വിധത്തിലായിരുന്നു ക്രൂരകൃത്യം.
തൊടുപുഴ ന്യൂമാന്‍ കോളജിലെ ബികോം മലയാളം ഇന്റേണല്‍ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രൊഫസര്‍ക്കെതിരായ ആക്രമണം. ചോദ്യ പേപ്പര്‍ തയ്യാറാക്കിയ ടി ജെ ജോസഫിന്റെ കൈപ്പത്തി പ്രതികള്‍ വെട്ടിമാറ്റുകയായിരുന്നു. ആരോപണത്തെ തുടര്‍ന്ന് സസ്പെന്‍ഷനില്‍ കഴിയവെയാണ് ജോസഫ് ആക്രമിക്കപ്പെടുന്നത്.

2010 ജൂലൈ നാലിനായിരുന്നു കേരളത്തെയാകെ ഞെട്ടിച്ച സംഭവം. ഇപ്പോള്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും എന്നാണ് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് കേസ് അന്വേഷിച്ച എന്‍ ഐ എയും കണ്ടെത്തിയത്. പ്രതികള്‍ക്ക് വിദേശത്ത് നിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും എന്‍ ഐ എ കണ്ടെത്തിയിരുന്നു.
സംഭവത്തിന് ശേഷം പ്രതികളെല്ലാം ഒളിവില്‍ പോയിരുന്നു. വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത എന്‍ ഐ എ വേവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചാണ് വിചാരണ പൂര്‍ത്തിയാക്കിയത്. പ്രതികള്‍ക്കെതിരെ എന്‍ ഐ എ യു എ പി എ ചുമത്തിയിരുന്നു. സംഭവത്തിന് ശേഷം വര്‍ഷങ്ങളോളം ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കി കൊച്ചിയിലെ എന്‍ഐഎ കോടതി 2015 ഏപ്രില്‍ 30 ന് ആണ് വിധിപറഞ്ഞിരുന്നത്.
37 പ്രതികളില്‍ 11 പേരെയാണ് അന്ന് ശിക്ഷിച്ചത്. 26 പേരെ വിട്ടയച്ചു. ഇതിനുശേഷം പിടികൂടിയ 11 പേരുടെ വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ആദ്യ ഘട്ടത്തെ വിചാരണയ്ക്ക് ശേഷമാണ് ഇവരില്‍ പലരും അറസ്റ്റിലാകുന്നത്. മുഖ്യ സൂത്രധാരനും ആലുവ സ്വദേശിയുമായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം കെ നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സവാദ്, അസീസ് ഓടക്കാലി, ഷഫീക്ക്, നജീബ് , മുഹമ്മദ് റാഫി, സുബൈര്‍, നൗഷാദ്, മന്‍സൂര്‍, അയ്യൂബ്, മൊയ്തീന്‍ കുഞ്ഞ് എന്നിവരാണ് രണ്ടാം ഘട്ട പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്.
ഇവരില്‍ ഷഫീഖ്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നിവരെയാണ് ഇന്ന് കോടതി വെറുതെ വിട്ടിരിക്കുന്നത്. ഒളിവിലുള്ള ഒന്നാംപ്രതി എറണാകുളം ഓടയ്ക്കാലി സ്വദേശി സവാദിനായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപയും എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications