വീണയ്ക്ക് തിളങ്ങാൻ കഴിയുന്ന മറ്റൊരു വകുപ്പ് നൽകണം: ആരോഗ്യ മന്ത്രിയെ ഉടന്‍ മാറ്റണമെന്ന് എസ്എസ് ലാല്‍
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിനെ മാറ്റണമെന്നും ഡോക്ടറും പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതാവുമായ എസ്എസ് ലാല്‍. ആരോഗ്യവകുപ്പ് മന്ത്രിയായി പാർട്ടിയിലെ മുതിർന്ന ആരെയെങ്കിലും കൊണ്ടുവരാന്‍ മുഖ്യമന്ത്രി ശ്രമിക്കണമെന്നാണ് എസ്എസ് ലാല്‍ ആവശ്യപ്പെടുന്നത്. ഏറ്റവും പ്രധാനപ്പെട്ട ഒരു വകുപ്പാണ് ആരോഗ്യ വകുപ്പ്. പാർട്ടിയിൽ മന്ത്രിയേക്കാൾ സീനിയറായ പ്രൈവറ്റ് സെകട്ടറിയാണ് വകുപ്പ് നിയന്ത്രിക്കുന്നതെന്നാണ് ഐഎഎസ് കാർ പോലും പറയുന്നതത്രെയെന്നും എസ്എസ് ലാല്‍ അവകാശപ്പെടുന്നു.
ഇത്തരം ഒരു ആരോഗ്യ വകുപ്പ് സംസ്ഥാനത്തിലെ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണ്. ശ്രീമതി വീണയ്ക്ക് അവർക്ക് തിളങ്ങാൻ കഴിയുന്ന മറ്റേതെങ്കിലും വകുപ്പ് നൽകിയാൽ പ്രശ്നം തീരുമല്ലോ. ആരോഗ്യരംഗത്ത് നിൽക്കുന്ന പരിചയ സമ്പന്നരായ ഒരുപാട് പേരെ പ്രതിനിധീകരിച്ചാണ് ഞാനിത് പറയുന്നത്. ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നത്. ആരോഗ്യമന്ത്രിയോട് വ്യക്തിപരമായ ഒരു എതിർപ്പുമില്ല. രാഷ്ട്രീയരംഗത്ത് നിൽക്കുന്ന ഒരു വനിതയെന്ന നിലയിൽ അവരോട് അധിക ബഹുമാനം മാത്രമാണുള്ളതും എസ്എസ് ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

അതേസമയം, നിപ രോഗം നേരിടുന്നതിൽ സംസ്ഥാന സർക്കാരിന്റെ തെറ്റായ നടപടികൾ ചൂണ്ടിക്കാണിക്കേണ്ടത് പൊതുജനങ്ങളുടെ ആരോഗ്യത്തിൽ താൽപര്യമുള്ളവരുടെ കടമയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പകർച്ചവ്യാധികൾ മൂലമുള്ള ഓരോ മരണവും ദുഃഖകരമാണ്. നിപ പോലൊരു രോഗം സംസ്ഥാനത്ത് വീണ്ടും പടരുമ്പോൾ ആരോഗ്യവകുപ്പിനും ജനങ്ങൾക്കും എല്ലാ പിന്തുണയും നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഈ രോഗം കൂടുതൽ പേർക്ക് ഉണ്ടാകാതിരിക്കാനുള്ള ഉത്തരവാദിത്വം നാട്ടിലെ മുഴുവൻ പേർക്കുമുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യ വകുപ്പിന്റെ ശാസ്ത്രീയ നിർദ്ദേശങ്ങൾ ചെവിക്കൊള്ളാനും അനുസരിക്കാനുമുള്ള ബാദ്ധ്യത നമുക്കെല്ലാവർക്കുമുണ്ട്.
കേരളത്തിൽ ആവർത്തിച്ച് നിപ രോഗം റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. കൊവിഡ് പോലെ വ്യാപകമായി പടരുന്ന രോഗമല്ല ഇത്. അതിനാൽ മരണ സംഖ്യ കുറവായിരിക്കും. എന്നാൽ മരണനിരക്ക് വളരെ കൂടുതലുള്ള രോഗമാണ്. അണുബാധ കിട്ടിയ ഏതാണ്ട് എഴുപത് ശതമാനം വരെ പേർ മരിക്കാം. അതിനാൽ രോഗം വരാതെയും പടരാതെയും നോക്കേണ്ടതുണ്ട്.
എന്താണ് ഇക്കാര്യത്തിൽ സർക്കാർ ചെയ്യേണ്ടതും ചെയ്യാൻ വിട്ടുപോയതും?
1. നിപ രോഗം വീണ്ടും വരാൻ സാദ്ധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും ഈ രോഗനിർണ്ണയത്തിനുള്ള സംവിധാനം സർക്കാർ ഉണ്ടാക്കിയിട്ടില്ല. ആദ്യ തവണയും മറ്റ് സംസ്ഥാനങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇത്തവണയും കാര്യങ്ങൾ ഇതുപോലെയൊക്കെ ആവർത്തിച്ചു. അത് കാലതാമസമുണ്ടാക്കി. കേരളത്തിൽ സർക്കാർ നിപ പരിശോധന ഏർപ്പെടുത്തണം.
2. നിപ രോഗം കൈകാര്യം ചെയ്യാനുള്ള ഒരു ചികിത്സാ പ്രോട്ടോകോൾ കേരളം ഉണ്ടാക്കിയിട്ടില്ല. അത് അടിയന്തിരമായി ചെയ്യണം.
3. നിപ ചികിത്സയ്ക്കായി വേണ്ട പ്രത്യേക മരുന്നുകളും സംവിധാനങ്ങളും കേരളത്തിലെ പ്രധാന ആശുപത്രികളിൽപ്പോലും സജ്ജീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഇനിയും അമാന്തം പാടില്ല.
4. നിപ രോഗം കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യ പ്രവർത്തകർക്ക് കാര്യമായ പരിശീലനം നൽകിയിട്ടില്ല. ഇനിയെങ്കിലും ഇത് ചെയ്യണം.
5. ഭാവിയിലെ നിപ രോഗം തടയാനുള്ള തയ്യാറെടുപ്പിന്റെ കാര്യത്തിലും രോഗത്തിന്റെ കൃത്യമായ വിശദാംശങ്ങളും സ്ഥിതിവിവരക്കണക്കുകളും കൃത്യസമയത്ത് നൽകുന്നതിലും ഉണ്ടായ പരാജയങ്ങൾ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിലും ചൂണ്ടിക്കാണിക്കുന്നുണ്ട്. രോഗങ്ങളുടെ കാര്യത്തിൽ സുതാര്യതയും കൃത്യമായ കണക്കു നൽകലും കേരളത്തിൽ വീണ്ടും നടപ്പാക്കണം.
6. 2019-ൽ നിപ രോഗം വന്നയാൾ ഇപ്പോഴും ജീവിച്ചിരിക്കുകയാണ്. എന്നാൽ കേരളത്തിൽ രോഗം തുടങ്ങുന്നത് എങ്ങനെയാണെന്ന കാര്യത്തിൽ ഇതുവരെ ഒരു പഠനവും നടന്നിട്ടില്ല. സർക്കാരിന് താല്പര്യമില്ലെങ്കിൽ സ്വകാര്യ ഏജൻസികളെക്കൊണ്ടെങ്കിലും പഠനം നടത്തിക്കണം. നിപ പോലുള പ്രധാന വിഷയങ്ങളിൽ സർക്കാരിന് ഒരു താല്പര്യമോ ആത്മാർത്ഥതയോ ഇല്ല. ഈ രോഗത്തെയും ഉപയോഗിച്ച് രണ്ട് വോട്ട് കൂടുതൽ കിട്ടാനുള മാർഗങ്ങൾ മാത്രമാണ് സർക്കാർ ചെയ്തിട്ടുള്ളത്. കൈയടി വാങ്ങാനുള്ള പത്രസമ്മേളനങ്ങൾ മാത്രം.
ലോകത്ത് ഇതുവരെ എഴുനൂറിൽപരം പേർക്ക് നിപ വന്നിട്ടുണ്ട്. ഈ രോഗത്തിന്റെ മരണ ശതമാനം 70 വരെയാകാം. കേരളത്തിൽ ആദ്യ തവണ രോഗം വന്ന 90 ശതമാനം പേർ മരിച്ചു. അതായത് ഈ രോഗത്തിന്റെ കാര്യത്തിൽ കേരളം ഒരു അത്ഭുതവും കാണിച്ചിട്ടില്ല. പക്ഷേ കേരളത്തിലെ ആരോഗ്യ മന്ത്രി വൈറസിനെ വിരട്ടിയോടിച്ചു എന്നായിരുന്നു പ്രചരണം. അത്തരം കള്ളങ്ങളും അശാസ്ത്രീയ കാര്യങ്ങളും ചേർത്ത് സിനിമകൾ വരെ എടുത്തു.
കേരളത്തിലെ ആരോഗ്യ പ്രവർത്തകരാണ് എത് രോഗവും നിയന്ത്രിക്കുന്നതും ചികിത്സിക്കുന്നതും. ഒപ്പം ആരോഗ്യ അവബോധമുള്ള ജനങ്ങളും. അവർക്കാണ് സല്യൂട്ട് നൽകേണ്ടത്. നിപയുടെ കാര്യത്തിൽ സർക്കാരിന്റെ നേട്ടം ഒരു സിനിമ മാത്രമാണ്. വോട്ടിന് വേണ്ടിയുള്ള ഒരു സിനിമ. മനുഷ്യജീവൻ രക്ഷിക്കാനുള്ള കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ട്. അത് ചെയ്യണം.












Click it and Unblock the Notifications