പിവി ഗംഗാധരന്‍ അന്തരിച്ചു: വടക്കന്‍ വീരഗാഥ ഉള്‍പ്പെടേയുള്ള ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ്, വ്യവസായി
കോഴിക്കോട്: പ്രമുഖ മലയാള സിനിമാ നിർമ്മാതാവും മാതൃഭൂമി മുഴുവന്‍ സമയ ഡയറക്ടറുമായ പിവി ഗംഗാധരന്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. അസുഖ ബാധിതനായതിനെ തുടർന്ന് ഒരാഴ്ച മുമ്പായിരുന്നു പിവി ഗംഗാധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് കൂടിയായ അദ്ദേഹം നിലവില്‍ എ ഐ സി സി അംഗമാണ്.
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ കീഴില്‍ സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേടിയ നിരവധി സിനിമകള്‍ നിർമ്മിച്ച വ്യക്തിയാണ് പിവി ഗംഗാധരന്‍. അങ്ങാടി, അഹിംസ, കാറ്റത്തെ കിളിക്കൂട്, വാർത്ത, ഒരു വടക്കൻ വീരഗാഥ , എന്ന് സ്വന്തം ജാനകിക്കുട്ടി , വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ശാന്തം, യെസ് യുവർ ഓണർ, തുടങ്ങി ഇരുപതിലേറെ സിനിമകള്‍ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. 2006 ല്‍ പുറത്തിറങ്ങിയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം നോട്ട്ബുക്കാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് നിർമ്മിച്ച അവസാന ചിത്രം.

കെ എസ് യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം കോഴിക്കോട് നഗരം കേന്ദ്രീകരിച്ചുള്ള പാർട്ടി പ്രവർത്തനങ്ങളിലും സജീവമായിരുന്നു. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നോർത്ത് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി നിയമസഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിച്ചു. ശക്തമായ മത്സരം കാഴ്ചവെക്കാന്‍ സാധിച്ചെങ്കിലും എണ്ണായിരത്തിലേറെ വോട്ടുകള്‍ക്ക് സി പി എമ്മിലെ എ പ്രദീപ് കുമാറിനോട് പരാജയപ്പെട്ടു.
ഇന്ത്യാവിഷന്‍ തുടങ്ങിയ കാലംമുതല്‍ ഡയറക്ടറും പിന്നീട് വൈസ് ചെയര്‍മാനുമായിരുന്നെങ്കിലും 2011 ലെ നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഡിഎഫിന് ഏറെ ക്ഷീണമുണ്ടാക്കുന്ന പ്രവൃത്തി ചാനല്‍ ചെയ്തത് ഉത്തരവാദപ്പെട്ട എഐസിസി മെമ്പര്‍ എന്ന നിലയില്‍ തനിക്ക് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിവി ഗംഗാധരന്റെ ഇന്ത്യാവിഷനില്‍ നിന്നുള്ള പടിയിറക്കം.
കെടിസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകൻ പി.വി. സാമിയുടേയും മാധവി സാമിയുടേയും മകനായി 1943-ൽ കോഴിക്കോടായിരുന്നു ജനനം. മാതൃഭൂമി മാനേജിങ് എഡിറ്റർ പിവി ചന്ദ്രൻ മൂത്ത സഹോദരനാണ്. പിവി ഷെറിൻ ആണ് ഭാര്യ. ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് മക്കള്‍.












Click it and Unblock the Notifications