സനീഷും ഹർഷനും ടിവി ജേർണലിസത്തിലേക്ക് തിരികെയെത്തുന്നു: മടക്കം 'ന്യൂസ് മലയാളം' ചാനലിന്റെ മുഖങ്ങളായി
പ്രമുഖ മലയാളം മാധ്യമപ്രവർത്തകരായ സനീഷ് ഇളയിടത്തും ടിഎം ഹർഷനും മുഖ്യധാര ടെലിവിഷന്‍ ജേർണലിസം രംഗത്തേക്ക് മടങ്ങിയെത്തുന്നു. ഉടന്‍ പ്രവർത്തനം ആരംഭിക്കാന്‍ പോകുന്ന ന്യൂസ് മലയാളം 24*7 എന്ന ടിവി ചാനലിലൂടെയാണ് വാർത്താ അവതരണ രംഗത്ത് തങ്ങളുടേതായ ഇടംസൃഷ്ടിച്ച മാധ്യമപ്രവർത്തകരുടെ മടങ്ങി വരവ്. ന്യൂസ് ഡയറക്ടർമാരായായി ഇരുവരും ഇതിനോടകം തന്നെ ചാനലില്‍ ജോയിന്‍ ചെയ്ത് കഴിഞ്ഞു. ചാനലിന്റെ എഡിറ്റർ ഇന്‍ ചീഫ് പദവി വഹിക്കുന്നത് മുതിർന്ന മാധ്യമപ്രവർത്തകനായ എംപി ബഷീറാണ്.
മുഖ്യധാര ടെലിവിഷന്‍ ജേർണലിസത്തില്‍ നിന്നും ഇടവേളയെടുത്ത സനീഷും ഹർഷനും ഇക്കാലയളവില്‍ സമാന്തര മാധ്യമപ്രവർത്തന മേഖലയിലും സാമൂഹിക മാധ്യമങ്ങളിലും നിറസാന്നിധ്യമായിരുന്നു. ടിഎം ഹർഷന്‍ ട്രൂ കോപ്പി തിങ്കിന്റെ സിഒഒ ആന്‍ഡ് എക്സിക്യൂട്ടീവ് എഡിറ്റർ് സ്ഥാനവും സനീഷ് ഇളയിടത്ത് ദ മലബാർ ജേർണലിന്റെ എഡിറ്റർ സ്ഥാനവും രാജിവെച്ചാണ് ന്യൂസ് മലയാളം 24*7 ലേക്ക് എത്തുന്നത്.

കൈരളി ടിവി, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍, 24 ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവർത്തിച്ചതിന് ശേഷമായിരുന്നു ടിഎം ഹർഷന്‍ ട്രൂ കോപ്പി തിങ്കിലേക്ക് എത്തിയത്. 24 ന്യൂസിന്റെ അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയിരിക്കെ 2021 ഫെബ്രുവരിയില്‍ ചാനലില്‍ നിന്നും രാജിവെച്ചു. എഡിറ്റോറിയല്‍ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജിയെന്നായിരുന്നു വിവരം.
മംഗളം, വർത്തമാനം തുടങ്ങിയ പത്രങ്ങിലൂടെ മാധ്യമപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന സനീഷ് ഇളയിടത്ത് ഇന്ത്യാ വിഷനിലൂടെയാണ് ടെലിവിഷന്‍ ജേർണലിസത്തിലേക്ക് എത്തുന്നത്. പിന്നീട് ഇന്ത്യാവിഷന്‍ വിട്ട അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവണ്‍, ന്യൂസ് 18 മലയാളം തുടങ്ങിയ ചാനലുകളുടെ മുഖമായി മാറി. 2022 ന്റെ തുടക്ക കാലത്താണ് സനീഷ് ന്യൂസ് 18 മലയാളത്തില്‍ നിന്നും രാജിവെക്കുന്നത്.
കൃത്യമായ ഇടതുപക്ഷ നിലപാട് പങ്കുവെക്കുന്ന മാധ്യമപ്രവർത്തകർ കൂടിയാണ് സനീഷും ഹർഷനും. മാധ്യമപ്രവർത്തന മേഖലയിലെ കൊള്ളരുതായ്മകളെ പരസ്യമായി ചോദ്യം ചെയ്യുകയും, തെറ്റുകളില്‍ യാതൊരു മടിയും കൂടാതെ ക്ഷമ ചോദിച്ചും മാതൃകയായിട്ടുണ്ട് ഇരുവരും. ആലപ്പുഴയിലെ സിപിഎം പ്രവർത്തകനായ ഓമനക്കുട്ടന്‍ പ്രളയ സമയത്ത് ദുരന്തബാധിതരില്‍ നിന്ന് ഫണ്ട് പിരിച്ചെന്ന വാർത്ത മലയാള മാധ്യമ വിമർശനത്തിന് എന്നും ശക്തിപകരുന്ന ആയുധമാണ്. എന്നാല്‍ ഈ വിഷയത്തില്‍ സനീഷും ഹർഷനും അന്ന് ഓമനക്കുട്ടനോടും പൊതു സമൂഹത്തോടും മാപ്പ് പറഞ്ഞത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
തമിഴ് ചാനലായ ന്യൂസ് തമിഴ് 24*7 എന്ന ചാനലിന്റെ ഉടമസ്ഥരാണ് ന്യൂസ് മലയാളം 24*7 നും ആരംഭിക്കുന്നത്. മംഗളം ചാനലിന്റെ സിഇഒ ആയിരുന്ന അജിത് കുമാറാണ് പുതിയ ചാനലിന്റേയും സിഇഒ പദവിയില്‍. ലക്ഷ്മി പദ്മ അടക്കമുള്ള നിരവധി മാധ്യമപ്രവർത്തകർ ഇതിനോടകം ചാനലിന്റെ ഭാഗമാകുമെന്നാണ് വിവരം. ഈ മാസം അവസാനത്തോടെ ലോഞ്ച് ചെയ്യുന്ന ചാനല്‍ ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തോടെ സജീവമാകും.












Click it and Unblock the Notifications