സുല്‍ത്താന്‍ ബത്തേരിയല്ല സര്‍ എന്ന് കെ സുരേന്ദ്രന്‍; ഗണപതി വട്ടത്തിന് മുമ്പ് മറ്റൊരു പേരെന്ന് വിമര്‍ശനം
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ സുരേന്ദ്രന്‍ എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിക്കെതിരെയായിരുന്നു ആദ്യ പ്രതികരണം. ഇന്ത്യ സഖ്യത്തിലെ നേതാക്കളായ രാഹുല്‍ ഗാന്ധിയും ആനി രാജയും എതിരേ മല്‍സരിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ദിവസങ്ങള്‍ കഴിയുമ്പോള്‍ സുരേന്ദ്രന്‍ ഉയര്‍ത്തുന്നത് മറ്റൊരു കാര്യമാണ്. അതാകട്ടെ, കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു.
വയനാട് മണ്ഡലത്തില്‍പ്പെട്ട സുല്‍ത്താന്‍ ബത്തേരി സംബന്ധിച്ചാണ് സുരേന്ദ്രന്റെ പുതിയ പ്രതികരണം. ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെടുത്തിയാണ് ഈ സ്ഥലത്തിന് സുല്‍ത്താന്‍ ബത്തേരി എന്ന് പേര് വന്നത്. ബ്രിട്ടീഷുകാരാണ് ഇങ്ങനെ വിളിച്ചതെന്നും പറയപ്പെടുന്നു. ഈ വേളയില്‍ സുല്‍ത്താന്‍ ബത്തേരിയുടെ പഴയ പേര് എന്താണ് എന്ന ചര്‍ച്ചകള്‍ക്കും വഴിവച്ചിട്ടുണ്ട്. സുരേന്ദ്രന്‍ പറയുന്നതല്ല ശരിയായ പേര് എന്നാണ് സാഹിത്യകാരന്‍ ഒകെ ജോണി പറയുന്നത്.

ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെടുത്തി സ്ഥലത്തിന് പേരിടുന്നതിലെ എതിര്‍പ്പാണ് കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നത്. ആ സ്ഥലത്തിന്റെ പേര് സുല്‍ത്താന്‍ ബാറ്ററി അല്ല സര്‍, ഗണപതി വട്ടമാണ് എന്ന് സുരേന്ദ്രന്‍ ഇന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സുല്‍ത്താന്‍ വന്നിട്ട് എത്ര കാലമായി. അതിന് മുമ്പ് ആ സ്ഥലമുണ്ടായിരുന്നില്ലേ. ഇക്കാര്യം 1984ല്‍ പ്രമോദ് മഹാജന്‍ പറഞ്ഞതാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ആ സ്ഥലം ഗണപതി വട്ടമാണ്. കോണ്‍ഗ്രസിനും എല്‍ഡിഎഫിനും ആ സ്ഥലം സുല്‍ത്താന്‍ ബത്തേരി എന്ന് പറയുന്നതാണ് താല്‍പ്പര്യം. അക്രമിയായ വ്യക്തിയുടെ പേരില്‍ എന്തിന് ആ സ്ഥലം അറിയപ്പെടുന്നു. ഞങ്ങള്‍ അതിനെ ഗണപതി വട്ടം എന്നാണ് വിളിക്കുന്നതെന്നും സുരേന്ദ്രന്‍ പറയുന്നു. അതേസമയം, സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു.
സ്ഥലത്തിന്റെ പേര് മാറ്റുന്നത് ലഘുവായ കാര്യമാണെന്ന് തോന്നുമെങ്കിലും ചരിത്രം മാറ്റി എഴുതുക എന്ന സംഘപരിവാര അജണ്ടയുടെ ഭാഗം തന്നെയാണിതെന്ന് സാഹിത്യകാരന്‍ ഒകെ ജോണി ഏഷ്യാനെറ്റിനോട് പറഞ്ഞു. പിറകോട്ട് പോയാല്‍ നമ്മള്‍ എവിടെ എത്തും. വാസ്തവത്തില്‍ ഭാരതം എന്നാണോ ഇന്ത്യയുടെ പേര്. ബുദ്ധന്റെയും മഹാവീരന്റെയും കാലത്ത് ഇന്ത്യ ഉള്‍പ്പെടുന്ന വിശാല ഭൂപ്രദേശത്തിന്റെ പേര് ജംബുദീപം എന്നാണ്....
ഗണപതി വട്ടം എന്നത് വളരെ ചെറിയ സ്ഥലമാണ്. 600 വര്‍ഷം മുമ്പാണ് ഈ പേര് വന്നത്. കോട്ടയം രാജാക്കന്മാര്‍ എത്തിയപ്പോള്‍ സ്ഥാപിച്ച ക്ഷേത്രത്തെ മുന്‍ നിര്‍ത്തിയുള്ള പേരാണ്. രാജഭരണ കാലത്താണ് ആ പേര് വന്നത്. സുല്‍ത്താന്‍ ബത്തേരി എന്ന പേര് 200 വര്‍ഷം മുമ്പ് വന്നതാണ്. ടിപ്പു സുല്‍ത്താന്റെ സൈനിക ക്യാംപ് പിടിച്ചെടുത്ത ബ്രിട്ടീഷുകാര്‍ അടയാളമെന്നോണം ഇട്ട പേരാണ് സുല്‍ത്താന്‍ ബാറ്ററി എന്നത്....
ഈ ഗണപതി വട്ടം എന്ന് പറയുന്ന സ്ഥലത്തിന്റെ പേര് മറ്റൊന്നായിരുന്നു. 12 തെരുവുകളെ സൂചിപ്പിക്കുന്ന കന്നഡ പേരായിരുന്നു അത് എന്നും ഒകെ ജോണി വിശദീകരിച്ചു. സുല്‍ത്താന്‍ ബത്തേരി ചരിത്രവുമായി ചേര്‍ന്ന് നില്‍ക്കുന്ന പേരാണെന്നും അത് മാറ്റാന്‍ പാടില്ലെന്നും കവി കല്‍പ്പറ്റ നാരായണന്‍ പ്രതികരിച്ചു. അതിന്റെ പേര് മാറ്റാന്‍ ആര്‍ക്കും അര്‍ഹതയില്ല. ജനങ്ങള്‍ അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. അപഹാസ്യമായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നീറുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സിപിഎം നേതാവ് സികെ ശശീന്ദ്രന്‍ പറഞ്ഞു. തീരെ ജയസാധ്യതയില്ലാത്ത സുരേന്ദ്രന് എന്തും പറയാണെന്നും ചട്ടവിരുദ്ധമായ കാര്യങ്ങളാണെങ്കിലും സുരേന്ദ്രനാണ് പറഞ്ഞത് എന്നതുകൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് പ്രതികരിച്ചു.


Click it and Unblock the Notifications