സങ്കുചിത താല്പര്യങ്ങൾ മുൻനിർത്തി വസ്തുതാവിരുദ്ധമായ പ്രചരണം; ബഫർ സോണിൽ കോൺഗ്രസിനെതിരെ മന്ത്രി രാജീവ്
തിരുവനന്തപുരം: ബഫർ സോൺ വിഷയം കോൺഗ്രസ്സ് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കാൻ ശ്രമിക്കുന്നതെന്ന് മന്ത്രി പി രാജീവ്. സങ്കുചിത താല്പര്യങ്ങൾ മുൻനിർത്തി വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളാണ് അവർ നടത്തുന്നത്.പ്രതിപക്ഷം പ്രചരിപ്പിക്കുന്നതുപോലെ 2019 ലെ മന്ത്രിസഭാ തീരുമാനം റദ്ദാക്കിയില്ലെന്ന വാദം വസ്തുതാവിരുദ്ധമാണ്. പൊതുജനാഭിപ്രായം പരിഗണിച്ചുമാണ് ജനവാസ കേന്ദ്രങ്ങൾ പൂർണമായും ഒഴിവാക്കി കരട് വിജ്ഞാപനങ്ങൾ സമർപ്പിച്ചത്.ഇപ്പോഴത്തെ ആശങ്കകൾ സമയബന്ധിതമായി പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. കേരളം നൽകിയ പുനഃപരിശോധനാ ഹർജി കൂടാതെ വിധിയിൽ ഭേദഗതികൾ ആവശ്യപ്പെട്ട് യൂണിയൻ ഗവൺമെന്റും കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസാണ് ജനുവരി 11ന് സുപ്രീംകോടതി പരിഗണിക്കുന്നത്. അതിൽക്കൂടി നമ്മുടെ സവിശേഷതകൾ ശ്രദ്ധയിൽപ്പെടുത്തി ജനവാസമുള്ളിടങ്ങളിൽ സീറോ ബഫർസോൺ എന്ന നിലപാട് അവതരിപ്പിക്കാൻക്കൂടിയാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ബഫർ സോൺ വിഷയത്തിൽ സുപ്രീകോടതി വിധി പൊതു സമൂഹത്തിൽ ആശങ്കകൾ ഉണ്ടാക്കിയിട്ടുണ്ട്. മലയോര മേഖലകളിൽ അടക്കമുള്ള കർഷകരുടെയും ഇതര ജനവിഭാഗങ്ങളുടെയും ഇടയിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ വിധിക്കായിട്ടുണ്ട്. സ്വാഭാവികമായും മലയോര ജനതയുടെയും അവരെ പ്രതിനിധാനം ചെയ്യുന്നവരുടെയും പ്രതികരണങ്ങളെ സർക്കാർ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ടാണ് പ്രവർത്തിക്കുന്നത്. ജനങ്ങളുടെ പൊതു വികാരത്തിന് ഒപ്പമാണ് സർക്കാറിന്റെ നയമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.അതിനുവേണ്ടി ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.കോൺഗ്രസ്സ് ഈ പ്രശ്നത്തെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കാൻ ശ്രമിക്കുന്നത്. സങ്കുചിത താല്പര്യങ്ങൾ മുൻനിർത്തി വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ അവർ നടത്തുന്നുണ്ട്. സംസ്ഥാന സർക്കാരിൻ്റ തീരുമാനമാണ് ബഫർസോൺ വിഷയത്തിലെ വിധിയിലേക്ക് നയിച്ചതെന്നാണ് പ്രധാന പ്രചാരണം. എന്നാൽ സുപ്രീംകോടതി വിധിക്ക് ആധാരം 2011 ഫെബ്രുവരി ഒമ്പതിലെ യുപിഎ സർക്കാരിൻ്റ ഗൈഡ് ലൈനാണ് എന്നകാര്യം ബോധപൂർവം മറച്ചുപിടിക്കാൻ അവർ ശ്രമിക്കുന്നു.

ദേശീയ ഉദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും ഉൾപ്പെടുന്ന സംരക്ഷിത വനങ്ങളിൽ അവയുടെ അതിർത്തിയിൽനിന്ന് ചുരുങ്ങിയത് ഒരു കിലോമീറ്റർ ചുറ്റളവ് ഇക്കോ സെൻസിറ്റീവ് സോൺ വേണമെന്ന അന്നത്തെ കോൺഗ്രസ്സ് സർക്കാരിന്റെയും കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെയും നിർദ്ദേശമാണ് സുപ്രീം കോടതി വിധിക്ക് ആധാരമെന്നതാണ് വാസ്തവം. അന്ന് ജനവികാരം ഉയർന്നപ്പോൾപ്പോലും ദൂരപരിധിയിൽ ഇളവു നൽകാൻ ജയറാം രമേശ് തയ്യാറായില്ല. ആധികാരികമായി ഈ വിഷയത്തിൽ ഇടപെട്ട കോൺഗ്രസ്സ് പാർട്ടിയുടെ ഇപ്പോഴത്തെ മുതലകണ്ണീർ രാഷ്ട്രീയ ലക്‌ഷ്യം മുൻനിർത്തിയുള്ളതുമാത്രമാണ്. 2002ൽ വിഷൻ ഡോക്യുമെന്റ് പ്രസിദ്ധപ്പെടുത്തിയ വാജ്പേയി സർക്കാരും പത്തു കിലോമീറ്റർ പരിധിയാണ് പറഞ്ഞിരുന്നതെന്നും പ്രസക്തം. ബിജെപി നിലപാടിനെ പിന്തുണക്കുകയാണ് കോൺഗ്രസ്സ് ചെയ്തത്. കോൺഗ്രസ് പ്രചരിപ്പിക്കുന്നപോലെ 2019ലെ മന്ത്രിസഭാ തീരുമാനവും ഈ കോടതി വിധിയും തമ്മിൽ ഒരു ബന്ധവുമില്ല. പ്രളയത്തിനുശേഷം പൂജ്യംമുതൽ ഒരു കിലോമീറ്റർവരെ ഇക്കോ സെൻസിറ്റീവായി പരിഗണിക്കുന്ന തീരുമാനം 2019ൽ എടുത്തിരുന്നു. കേന്ദ്ര സർക്കാർ മാർഗനിർദേശത്തിന് അനുസരിച്ച് 10 കിലോമീറ്റർവരെ ബഫർസോണാക്കിയ യുഡിഎഫ് സർക്കാർ നടപടിയെ പൂജ്യംമുതൽ ഒരു കിലോമീറ്റർ വരെയാക്കി കുറയ്ക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്.

കരടുവിജ്ഞാപനങ്ങളുടെയും പൊതുജന അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കി കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ ജനവാസ കേന്ദ്രങ്ങൾ പൂർണമായും ഒഴിവാക്കിയിരുന്നു. ജനവാസ കേന്ദ്രങ്ങളിൽ പൂജ്യം എന്നതായിരുന്നു അടിസ്ഥാനം. യഥാർഥത്തിൽ, 2013ലെ യുഡിഎഫ് മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ കരട് വിജ്ഞാപനങ്ങളേക്കാളും കുറഞ്ഞ പരിധിയാണ് ഇതിലുണ്ടായിരുന്നത്. കോൺഗ്രസ്സ് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയാണ് തങ്ങൾ റിപ്പോർട്ട് തയ്യാറാക്കിയെതെന്ന വാദവും കളവാണ്. 2013ലെ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിന് യുഡിഎഫ് സമർപ്പിച്ച കരട് വിജ്ഞാപനങ്ങളിലെ രേഖാംശവും അക്ഷാംശവും തെറ്റായിരുന്നു. കളർകോഡ് ഉൾപ്പെടെ തെറ്റായതുകൊണ്ട് കേന്ദ്ര സർക്കാർ തിരിച്ചയച്ചു. ഇതിലെല്ലാം വ്യക്തത വരുത്തി ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിയ കരട് വിജ്ഞാപനം സമർപ്പിക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. വിധി വന്നതിനുശേഷവും നാടിന്റെ പൊതു വികാരത്തിനൊപ്പം നിന്നുകൊണ്ടുള്ള തുടർ നടപടികളാണ് സർക്കാർ ചെയ്തത്.

പ്രതിപക്ഷം പ്രചരിപ്പിക്കുന്നതുപോലെ 2019ലെ മന്ത്രിസഭാ തീരുമാനം റദ്ദാക്കിയില്ലെന്ന വാദം വസ്തുതാവിരുദ്ധമാണ്. പൊതുജനാഭിപ്രായം പരിഗണിച്ചുമാണ് ജനവാസ കേന്ദ്രങ്ങൾ പൂർണമായും ഒഴിവാക്കി കരട് വിജ്ഞാപനങ്ങൾ സമർപ്പിച്ചത്.2013ലെ മന്ത്രിസഭാ തീരുമാനം റദ്ദാക്കിയല്ല 2019ൽ മന്ത്രിസഭാ തീരുമാനമെടുത്തതെന്നതും പ്രസക്തം. ഇപ്പോഴത്തെ ആശങ്കകൾ സമയബന്ധിതമായി പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. കേരളം നൽകിയ പുനഃപരിശോധനാ ഹർജി കൂടാതെ വിധിയിൽ ഭേദഗതികൾ ആവശ്യപ്പെട്ട് യൂണിയൻ ഗവൺമെന്റും കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസാണ് ജനുവരി 11ന് സുപ്രീംകോടതി പരിഗണിക്കുന്നത്. അതിൽക്കൂടി intervene ചെയ്ത് നമ്മുടെ സവിശേഷതകൾ ശ്രദ്ധയിൽപ്പെടുത്തി ജനവാസമുള്ളിടങ്ങളിൽ സീറോ ബഫർസോൺ എന്ന നിലപാട് അവതരിപ്പിക്കാൻക്കൂടിയാണ് ശ്രമിക്കുന്നത്.

സുപ്രീം കോടതിയുടെ വിധി സൃഷ്ടിച്ച ആശങ്കകൾ ജനങ്ങൾക്കൊപ്പം നിന്ന് പരിഹരിക്കാനും നാടിന്റെ താല്പര്യം സംരക്ഷിക്കാനും മുഖ്യമന്ത്രി ചർച്ചകളിലൂടെ ശ്രമിച്ചിട്ടുണ്ട്. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ഏക സംസ്ഥാനം കേരളമാണ്. നിയമസഭ പ്രമേയം പാസാക്കിയ ഏക സംസ്ഥാനവും കേരളമാണ്. വിദഗ്ധസമിതിയെ നിയോഗിച്ചതും ഫിസിക്കൽ സർവേ നടത്താൻ തീരുമാനിച്ചതും ജനാഭിപ്രായം കേൾക്കാൻ നിശ്ചയിച്ചതും കേരളം മാത്രമാണ്. കർഷകർ ഉയർത്തിയ ആശങ്കകളെ ജനാധിപത്യ ബോധത്തോടെ സമീപിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ നിലപാട് സ്വീകരിക്കുകയും ചെയ്തത് എൽഡിഎഫ് മാത്രമാണ്. അതുകൊണ്ടാണ് സങ്കുചിത രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമാക്കി കോൺഗ്രസ് നടത്തുന്ന നുണപ്രചാരവേലകളെ ജനം തള്ളിക്കളഞ്ഞത്.












Click it and Unblock the Notifications