കേശത്തിന് പിറകെ നബിയുടെപാനപാത്രവും കാന്തപുരത്തിന്
കോഴിക്കോട് പ്രവാചകന്‍ മുഹമ്മദ് നബിയുടെ തിരുകേശത്തിന് പിറകെ കേരളത്തിലെ ഇസ്ലാമിക സംഘടനായുദ്ധങ്ങള്‍ക്ക് വഴിവക്കാന്‍ നബിയുടെ പാന പാത്രവും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ കൈകളിലേക്ക്. ഇസ്ലാമിക പണ്ഡിതനായ അഹമ്മദ് ഖസ്‌റജിയാണ് നബി ഉപയോഗിച്ചതെന്ന് അവകാശപ്പെടുന്ന പാത്രം കാന്തപുരത്തിന് നല്‍കിയത്.
അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനായ അഹമ്മദ് ഖസ്‌റജി, നബിയുടെ തിരുശേഷിപ്പുകളുടെ സൂക്ഷിപ്പുകാരനായാണ് അറിയപ്പെടുന്നത്. നേരത്തെ തിരുകേശം കാന്തപുരത്തിന് സമ്മാനിച്ചതും ഇദ്ദേഹം തന്നെയാണ്. കോഴിക്കോട് നടന്ന മീലാദ് സമ്മേളനത്തില്‍ വച്ചാണ് ഖസ്‌റജി പാത്രം കാന്തപുരത്തിന് നല്‍കിയത്.

പ്രവാചകന്‍ വെള്ളം കുടിച്ചിരുന്ന പാത്രം എന്നാണ് ഖസ്‌റജി അവകാശപ്പെടുന്നത്. കേരളത്തിലെ ഇസ്ലാം വിശ്വാസികള്‍ക്കുള്ള സമ്മാനം എന്ന് പറഞ്ഞാണ് പാന പാത്രം കാന്തപുരത്തിന് നല്‍കിയത്. പ്രവാചകന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കാണുന്നത് സുകൃതമാണെന്നും ഖസറ്ജി പറഞ്ഞു.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ആയിരുന്നില്ല പാനപാത്രം ലഭിച്ചത് എന്നാണ് കാന്തപുരം നല്‍കുന്ന വിവരം. സമ്മേളനത്തിനിടെ അപ്രതീക്ഷിതമായി നല്‍കുകയായിരുന്നത്രെ.
തിരുകേശത്തിന്റെ പേരില്‍ കേരളത്തില്‍ ഉണ്ടായ വിവാദങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. അതിനിടയിലാണ് ഇപ്പോള്‍ നബിയുടെ പാനപാത്രവും കാന്തപുരത്തിന്റെ കൈകളില്‍ എത്തുന്നത്. തിരുകേശത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത വിഭാഗം പാനപാത്രത്തിനെതിരേയും രംഗത്തെത്തിക്കഴിഞ്ഞു.












Click it and Unblock the Notifications