
'പ്രവാചകനിന്ദയെപ്പറ്റി പ്രസംഗിച്ചാല്‍ പിടിച്ച് അകത്താക്കുമെന്ന് പോലീസ്'; വിമര്‍ശിച്ച് കോണ്‍ഗ്രസ്
കണ്ണൂര്‍: പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ നമസ്കാരത്തിനുശേഷം നടക്കുന്ന മതപ്രഭാഷണങ്ങള്‍ നിയന്ത്രിക്കാനുളള പോലീസിന്റെ നിര്‍ദേശത്തെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി.
കേരള മുഖ്യന് പിണറായി യോഗിയോട് മത്സരിക്കുകയാണെന്നും പ്രവാചകനിന്ദയെപ്പറ്റി പ്രസംഗിച്ചാല്‍ പിടിച്ച് അകത്താക്കും എന്ന് ചങ്കന്റെ പോലീസ് പറയുകയാണെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം. മയ്യില്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഓഫീസറുടെ നോട്ടീസ് പങ്കുവെച്ചായിരുന്നു റിജില്‍ മാക്കുറ്റി വിമര്‍ശനം ഉന്നയിച്ചത്.

റിജില്‍ മാക്കുറ്റി പറഞ്ഞത്: കേരള മുഖ്യന് പിണറായി യോഗിയോട് മത്സരിക്കുകയാണ്.
കണ്ണൂരില്‍ പള്ളികള്‍ക്ക് പിണറായി പൊലീസിന്റെ മുന്നറിയിപ്പ്.
പ്രവാചകനിന്ദയെപ്പറ്റി പ്രസംഗിച്ചാല്‍ പിടിച്ച് അകത്താക്കും എന്ന് ചങ്കന്റെ പോലീസ്. മുസ്ലീം സഹോദരങ്ങളായ വിശ്വാസികളെയും അവരുടെ ആരാധനാലയങ്ങളെയും അപമാനിക്കല്‍ ആണിത്
സംഘികളെ സുഖിപ്പിക്കാന്‍ പിണറായി നടത്തുന്ന നാണംക്കെട്ട ഏര്‍പ്പാടാണ് ഇത്. ശക്തമായ പ്രതിഷേധം ഉയരണം.

റിജില്‍ മാക്കുറ്റി പങ്കുവെച്ച നോട്ടീസ് പ്രകാരം പോലീസ് ആവശ്യപ്പെടുന്ന കാര്യം ഇങ്ങനെയാണ്: പ്രവാചക നിന്ദയുമായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ താങ്കളുടെ കമിറ്റിയുടെ കീഴിലുള്ള പള്ളികളില്‍ വെള്ളിയാഴ്ച ജുമാ നിസ്ക്കാരത്തിന് ശേഷം നടത്തിവരുന്നതായ മത പ്രഭാഷണത്തില്‍ നിലവിലുള്ള സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങള്‍ നടത്താന്‍ പാടില്ലാത്തതാണ്. അങ്ങനെ സംഭവിച്ചതായി വിവരം ലഭിക്കുന്ന പക്ഷം ബന്ധപ്പെട്ട വ്യക്തികളുടെ പേരില്‍ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് ഇതിനാല്‍ അറിയിക്കുന്നു, എന്നാണ് നോട്ടീസില്‍ പറയുന്നത്.

പോലീസ് നോട്ടീസിനെതിരെ കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമും രംഗത്തെത്തിയിരുന്നു. എന്തിനാണ് മുസ്ലിം ആരാധനാലയങ്ങള്‍ക്ക് മാത്രമായി പോലീസിന്റെ ഇങ്ങനെയൊരു ഇണ്ടാസ് എന്ന് ബല്‍റാം ചോദിച്ചു. ശശികലയടക്കമുള്ള വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയില്‍ കേരളത്തിലെ അമ്പലകമ്മിറ്റികള്‍ക്ക് നോട്ടീസ് നല്കാന് പിണറായി വിജയന്റെ പോലീസ് തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തില്‍ ഈയടുത്ത കാലത്ത് എപ്പോഴെങ്കിലും ഏതെങ്കിലും മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം 'സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങള്‍' നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ. പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നില്ല. എന്നാല്‍ പി.സി.ജോര്‍ജിനെ വെണ്ണലയിലെ ക്ഷേത്ര കമ്മിറ്റി ആദരിച്ച് ക്ഷണിച്ചുകൊണ്ടുവന്ന് പ്രസംഗിപ്പിച്ച കാര്യം കേരളം ഈയിടെ ചര്‍ച്ച ചെയ്തതാണ്.

ആ പ്രസംഗത്തിലെ ഉള്ളടക്കം എത്രത്തോളം വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലായിരുന്നു എന്നത് ഇവിടത്തെ നിയമ സംവിധാനത്തിനുമറിയാം. അങ്ങനെയെടുത്ത കേസില്‍ ജോര്‍ജിനെ ജാമ്യത്തിലെടുത്തതും ഇതേ ക്ഷേത്ര കമ്മിറ്റിക്കാര് തന്നെയായിരുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു. അതായത് ജോര്‍ജിന്റെ പ്രസംഗത്തെ സംഘാടകര്‍ ശരിവയ്ക്കുന്നു എന്നര്‍ത്ഥം. നാര്‍ക്കോട്ടിക് ജിഹാദ് അടക്കമുള്ള കഴമ്പില്ലാത്ത വിദ്വേഷ പ്രചരണങ്ങള്‍ക്കും വേദിയായത് ആരാധനാലയങ്ങള്‍ തന്നെയാണ്. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ ദുരാരോപണമുന്നയിച്ച ആ ബിഷപ്പിനെ താമസസ്ഥലത്തെത്തി സമാശ്വസിപ്പിക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായ മന്ത്രിയെന്നും വി.ടി ബല്‍റാം പ്രതികരിച്ചു.

ബിജെപി വക്താവ് നുപൂര്‍ ശര്‍മ നടത്തിയ പ്രവാചക നിന്ദ പരാമര്‍ശത്തിന് പിന്നാലെയാണ് ഇന്ത്യയില്‍ വ്യാപകമായി പ്രതിഷേധം ആരംഭിച്ചത്. ഒരു ദേശീയ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു നുപൂര്‍ ശര്‍മ വിവാദ പരാമര്‍ശം നടത്തിയത്. ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപൂര്‍ ചര്‍ച്ചയില്‍ ആരോപിച്ചത്. മുസ്ലിങ്ങള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുര്‍ ശര്‍മ ആരോപിച്ചിരുന്നു.

ഇതിനുപിന്നാലെ നുപൂറിന്റെ പ്രസ്താവന വലിയ വിവാദമാവുകയും ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നിടം വരെ കാര്യ ചെന്നെത്തുകയും ചെയ്തു. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പറഞ്ഞാണ് പാര്‍ട്ടി ചുമതലകളില്‍ നിന്ന് സസ്പന്‍ഡ് ചെയ്തത്. ബിജെപി എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നുവെന്നും ഒരു മതത്തേയോ മതവ്യക്തിത്വങ്ങളെയോ അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും ബിജെപി പറഞ്ഞിരുന്നു. വിവാദം ശക്തമായതോടെ നുപൂര്‍ താന്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ചിരുന്നു.