'വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകാൻ പാലരുവി എക്സ്പ്രസ് പിടിച്ചിടുന്നു'; പ്രതിഷേധവുമായി യാത്രക്കാർ..
കൊച്ചി: വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകാൻ പാലരുവി എക്സ്പ്രസ് ട്രെയിൻ മുളന്തുരത്തി റെയിൽവെ സ്റ്റേഷനിൽ പിടിച്ചിടുന്ന നടപടിക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം. എറണാകുളം ടൗൺ റെയിൽവെ സ്റ്റേഷനിലാണ് യാത്രക്കാർ പ്രതിഷേധവുമായി എത്തിയത്. സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർക്ക് യാത്രക്കാർ നിവേദനം നൽകി.
രാവിലെ 8. 25 എറണകുളം ടൗണിലെത്തുന്ന വന്ദേ ഭാരതിന് കടന്നുപോകാനായാണ് പാലരുവി എക്സ്പ്രസ് മുളന്തിരുത്തിയിൽ പിടിച്ചിടുന്നത്. 7.52 ന് മുളന്തുരുത്തിയിൽ നിന്ന് പുറപ്പെടേണ്ട പാലരുവി പലപ്പോഴും അര മണിക്കൂറോളം വന്ദേ ഭാരത് കടന്നുപോകാനായി പിടിച്ചിടാറുണ്ട്. പിന്നാലെയാണ് യാത്രക്കാർ പ്രതിഷേധവുമായി എത്തിയത്.

കോളേജ് വിദ്യാർത്ഥികളും ജോലിക്കാരും സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിനാണ് പാലരുവി എക്സ്പ്രസ് കഴിഞ്ഞ കുറെ മാസങ്ങളായി വിഷയത്തിൽ നടപടി വേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. കറുത്ത ബാഡ്ജ് ധരിച്ചെത്തിയാണ് എറണാകുളം ടൗൺ റെയിൽവെ സ്റ്റേഷനിൽ യാത്രക്കാർ പ്രതിഷേധിച്ചത്.
പാലരുവി എക്സ്പ്രസിനെ മുളന്തുരുത്തി സ്റ്റേഷനിൽ പിടിച്ചിടുന്നതിന് പകരം തൃപ്പൂണിത്തുറയിൽ പിടിച്ചിട്ടാൽ ജോലിക്ക് പോകേണ്ടവർക്ക് ഉപകാരപ്പെടുമെന്നാണ് യാത്രക്കാർ പറയുന്നത്. കോട്ടയം വഴി എറണാകുളം ഭാഗത്തേയ്ക്കുള്ള യാത്രക്ലേശം രൂക്ഷമാവുകയാണെന്നും യാത്രക്കാർ പറയുന്നത്.
പാലരുവിക്കും വേണാടിനുമിടയിൽ ഒന്നരമണിക്കൂർ ഇടവേളയുണ്ടെന്നും ഈ സമയം ഉപയോഗപ്പെടുത്തി ഒരു മെമുവോ പാസഞ്ചറോ അനുവദിക്കുകയാണെങ്കിൽ യാത്ര പ്രശ്നത്തിന് പരിഹാരമാകുമെന്നും യാത്രക്കാർ പറയുന്നു. യാത്രക്കാരുടെ എണ്ണം കൂടിയതോടെ പാലരുവിയിലെ യാത്ര പലപ്പോഴും ദുഷ്ക്കരമാണെന്നും ട്രെയിനിൽ കൂടുതൽ കോച്ചുകൾക്ക് അനുമതി ലഭിച്ചെങ്കിലും പാലരുവി എക്സ്പ്രസിലെ യാത്ര ക്ലേശം പരിഹരിക്കാൻ റെയിൽ വെ താല്പര്യം കാണിക്കാത്തത് ഖേദകരമാണെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ആരോപിച്ചു.












Click it and Unblock the Notifications