കോട്ടക്കൽ ബൈപ്പാസ് സമരം; ഷബീന ബീഗത്തെ പോലീസ് അറസ്റ്റ് ചെയ്തു... വാഹനത്തിലേക്ക് വലിച്ചിഴച്ചു...
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു പോലീസ് ഉദ്യോഗസ്ഥർ സമരപ്പന്തലിൽ എത്തിയത്.
മലപ്പുറം: കോട്ടക്കലിൽ ദേശീയപാത ബൈപ്പാസ് നിർമ്മാണത്തിനെതിരെ സമരം ചെയ്ത അഡ്വക്കേറ്റ് ഷബീന ബീഗത്തെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. അനിശ്ചിതകാല നിരാഹാര സമരം നയിച്ചിരുന്ന ഷബീനയെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തുനീക്കിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു പോലീസ് ഉദ്യോഗസ്ഥർ സമരപ്പന്തലിൽ എത്തിയത്. പോലീസ് നടപടിയോട് സഹകരിക്കാതിരുന്ന ഷബീനയെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിൽ കയറ്റിയത്. രാവിലെ മെഡിക്കൽ സംഘം ഷബീനയെ പരിശോധിച്ചിരുന്നെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിരുന്നില്ല. അതിനിടെയാണ് ഷബീനയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

സ്വാഗതമാട് ബൈപ്പാസിനെതിരെ സ്ത്രീകളുടെ നേതൃത്വത്തിലാണ് കോട്ടക്കലിൽ സമരം നടക്കുന്നത്. വയലുകളും തണ്ണീർത്തടങ്ങളും നികത്തി നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുള്ള ബൈപ്പാസ് നിർമ്മാണം വേണ്ടെന്നാണ് നാട്ടുകാരുടെ നിലപാട്. ബൈപ്പാസ് നിർമ്മാണം ഉപേക്ഷിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് പ്രഖ്യാപിച്ചാണ് ഷബീനയടക്കമുള്ള സ്ത്രീകൾ സമരരംഗത്തിറങ്ങിയത്. അതേസമയം, ഷബീനയെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ മറ്റൊരു വനിത നിരാഹാരം ഇരിക്കുമെന്ന് സമരസമിതി അറിയിച്ചു.












Click it and Unblock the Notifications