പ്രതിഷേധം വിനയായി: കായികമേളയില്‍ നിന്നും രണ്ട് പ്രമുഖ സ്കൂളുകളെ വിലക്കി
തിരുവനന്തപുരം: കേരള സ്‌കൂൾ കായികമേളയില്‍ നിന്നും പണ്ട് സ്കൂളുകളെ വിലക്കി വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ സ്കൂള്‍ കായികമേളയുടെ സമാപന ചടങ്ങ് അലങ്കോലപ്പെടുത്തുന്ന രീതിയിൽ പ്രതിഷേധം നടത്തിയ രണ്ട് സ്‌കൂളുകൾക്കെതിരെയാണ് നടപടി. മലപ്പുറം ജില്ലയിലെ തിരുനാവായ എൻ എം എച്ച് എസ് എസ്, എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബേസിൽ എച്ച് എസ് എസ് എന്നീ സ്‌കൂളുകളെയാണ് വിലക്കിയത്.
അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേള മത്സരങ്ങളിൽ പങ്കെടുക്കുന്നതിനാണ് വിലക്ക്. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. 2024 നവംബർ 04 മുതൽ 11 വരെ എറണാകുളം ജില്ലയിൽ സംഘടിപ്പിച്ച സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങിൽ ഉണ്ടായ പ്രശ്നങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു. കമ്മിറ്റി നിർദേശപ്രകാരമാണ് നടപടി.

സംസ്ഥാന സ്‌കൂൾ കായികമേള സമാപനച്ചടങ്ങിൽ പോയിൻ്റ് നിലയെ ചൊല്ലിയുള്ള തർക്കം വിദ്യാർത്ഥികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരുന്നു. രണ്ടും മൂന്നും സ്ഥാനത്തുവന്ന സ്‌കൂളിനെ തഴഞ്ഞ് മറ്റൊരു സ്‌കൂളിന് ട്രോഫി നല്‍കി എന്നാരോപിച്ചായിരുന്നു വിദ്യാർത്ഥികൾ സമാപനച്ചടങ്ങിൽ പ്രതിഷേധിച്ചത്. മികച്ച സ്‌കൂളുകളുടെ വിഭാഗത്തില്‍ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയല്‍ ഇ എച്ച് എസ് എസ് ആണ്. 44 പോയിന്റോടെ തിരുനാവായ നവാമുകുന്ദ എച്ച് എസ് എസും 43 പോയിന്റോടെ കോതമംഗലം മാര്‍ ബേസിലുമായിരുന്നു തൊട്ടുപിന്നില്‍.
എന്നാല്‍ ഇവര്‍ക്ക് പകരം സ്‌പോര്‍ട്‌സ് സ്‌കൂളായ ജി വി രാജയെ പോയിന്റ് അടിസ്ഥാനത്തില്‍ മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി രണ്ടാം സ്ഥാനം നല്‍കിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം ആരംഭിച്ചത്. സമാപന ചടങ്ങിന്റെ വേദിയിൽ വിദ്യാഭ്യാസ മന്ത്രി ഇരിക്കെയായിരുന്നു പ്രതിഷേധം. മന്ത്രിയെ തടഞ്ഞുള്ള പ്രതിഷേധവും നടന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സമാപന ചടങ്ങ് വേഗത്തിൽ അവസാനിപ്പിക്കേണ്ടിയും വന്നു. അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാർത്ഥികളെ ഇളക്കി വിടുകയായിരുന്നുവെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അന്ന് തന്നെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications