കേരളത്തിന് അഭിമാന നേട്ടം: അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമ പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം
തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടുറിസം മിഷന്‍ നടപ്പിലാക്കുന്ന അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചതായി ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം വണ്‍ ടു വാച്ച് പുരസ്‌കാരത്തില്‍ ടൂറിസം മേഖലയിലെ അതിവേഗ വൈവിധ്യവത്കരണം എന്ന വിഭാഗത്തിലാണ് അയ്മനം മാതൃകാ പദ്ധതിക്ക് അംഗീകാരം ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു.
കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്റ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നതാണ്. കുമരകത്തെ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കും വിധം പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. അതിനുശേഷം ഇപ്പോള്‍ അയ്മനവും ലോകത്തിന്റെ ശ്രദ്ധയിലേക്ക് എത്തിയിരിക്കുകയാണ്. ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി അയ്മനത്ത് വിവിധ ഹോംസ്റ്റേകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

ഗ്രാമീണ ജീവിതം, പക്ഷി നിരീക്ഷണം, ഗ്രാമ യാത്ര, നെല്‍പ്പാടങ്ങളിലൂടെ നടത്തം, സൈക്കിള്‍ സവാരി എന്നിങ്ങനെയുള്ള വിവിധ പാക്കേജുകളാണ് അയ്മനത്ത് നടപ്പാക്കി വരുന്നത്. പ്രദേശത്തെ പരമ്പരാഗത ഉത്സവങ്ങളും കലാരൂപങ്ങളും ഉള്‍പ്പെടുത്തി കള്‍ച്ചറല്‍ എകസ്പീരിയന്‍സ് പാക്കേജുളും ഉണ്ട്. കൊവിഡ് പ്രതിസന്ധികളെ അതിജീവിച്ച് തിരിച്ചുവരവിന്റെ പാതയിലുള്ള കേരള ടൂറിസത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പുരസ്‌ക്കാരം കൂടുതല്‍ ഈര്‍ജ്ജം പകരുമെന്ന് പ്രതീക്ഷിക്കുന്നെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള 'സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയിനബിള്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം' അവാര്‍ഡ് കേരളത്തിന് ലഭിച്ചിരുന്നു. നഗര ഗതാഗത മേഖലയിലെ മികവിന് കേന്ദ്ര സര്‍ക്കാരിന്റെ ഭവന-നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. കൊച്ചിമെട്രോ, വാട്ടര്‍മെട്രോ, ഇ-മൊബിലിറ്റി തുടങ്ങിയ സംവിധാനങ്ങളിലൂടെ കൊച്ചി നഗരത്തിലെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുവാന്‍ നടപ്പിലാക്കിയ പദ്ധതികള്‍ കണക്കിലെടുത്താണ് പുരസ്‌കാരം ലഭിച്ചത്.
വിവിധ ഗതാഗത സൗകര്യങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സംയോജിപ്പിച്ച കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്കിന്റെ രൂപീകരണം പുരസ്‌കാരം ലഭിക്കുന്നതിന് സഹായകരമായി . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ഗതാഗത സൗകര്യം വിലയിരുത്തിയാണ് ഈ അവാര്‍ഡ് നല്‍കുന്നത് . ഒക്ടോബര്‍ 29ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഹൗസിങ്ങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി അവാര്‍ഡ് വിതരണം ചെയ്യുന്നതായിരിക്കും .












Click it and Unblock the Notifications