ബിജെപിയാണ് മുഖ്യശത്രു എന്ന സിപിഎം നിലപാടിൽ അഭിമാനം; മന്ത്രി വി മുരളീധരൻ
ദില്ലി; ബി ജെ പിയാണ് മുഖ്യ ശത്രു എന്ന സിപിഎം നിലപാടിൽ അഭിമാനമാണ് ഉള്ളതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സി പി എം ദേശീയതയെ അപമാനിക്കുന്ന പാർട്ടിയാണ്. അവരുടെ ഗുണ്ടായിസത്തെ മറികടക്കാൻ ബി ജെ പിക്ക് മാത്രമേ സാധിക്കൂവെന്നും മുരളീധരൻ പറഞ്ഞു.
ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്ന, വിശ്വാസങ്ങളെ അവഹേളിക്കുന്ന, ദേശീയതയെ പരിഹസിക്കുന്ന, പാവപ്പെട്ടവരെ കുടിയിറക്കാൻ കാത്ത് നിൽക്കുന്ന പാർട്ടിയാണ് സി പി എം. അങ്ങനെയൊരു പാര്‍ട്ടിയാണ് ബി ജെ പിയെ മുഖ്യശത്രുവായി കാണുന്നത്. അവരുടെ നിലപാടുകള്‍ക്ക് നേര്‍ വിപരീതമാണ് ബിജെപി നിലപാടുകൾ. സിപിഎമ്മിന്റെ ഗുണ്ടായിസത്തെ നേരിടാൻ കേരളത്തില് ബി ജെ പി അല്ലാതെ മറ്റൊരു പാർട്ടിയില്ല. അതുകൊണ്ടാണ് അവർ ബി ജെ പിയെ മുഖ്യശത്രുവായി പ്രഖ്യാപിക്കുന്നത്.

കേരളത്തിൽ സി പി എമ്മിനെതിരായി കോൺഗ്രസ് നിൽക്കില്ല. കണ്ണൂരിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കൾ വണ്ടികയറിയിരിക്കുകയാണ്. ആദ്യം പ്രഖ്യാപിച്ച പരിപാടിയിൽ തിരുവനന്തപുരത്തെ എംപിയുടെ പേര് ഉൾപ്പെടെ ഉണ്ടായിരുന്നു. സി പി എമ്മും കോൺഗ്രസും തമ്മിൽ വലിയ വ്യത്യാസം ഒന്നും ഇല്ലാത്ത സ്ഥിതി ആയിരിക്കുകയാണ്. അത്തരത്തിലുള്ളൊരു സി പി എമ്മിന്റെ അക്രമത്തെ തടയുമെന്നോ അവരുടെ ജനാധിപത്യ വിരുദ്ധമായ നടപടികൾക്കെതിരെ നിലപാട് എടുക്കുമെന്നോ കരുതാനാകില്ല.
സിൽവർ ലൈൻ പ്രക്ഷോഭത്തിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെയോ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയോ കണ്ടിട്ടുണ്ടോ? അവർ കുടിയിറക്കപ്പെടുന്നവരെ കാണാൻ പോയിട്ടുണ്ടോ? ബി ജെ പി സംസ്ഥാന അധ്യക്ഷനും ജില്ലാ പ്രസിഡന്റുമാരുമാണ് സമരത്തിന്റെ മുൻനിരയിൽ നിൽക്കുന്നത്. അതിനാൽ സി പി എം ബി ജെ പിക്കെതിരെ നിലകൊള്ളുന്നുണ്ടെങ്കിൽ ഞങ്ങൾ ജനാധിപത്യത്തിനും ദേശീയതയ്ക്കും വിശ്വാസികൾക്കും പാവപ്പെട്ടവർക്കും വേണ്ടി നിലകൊള്ളുന്നത് കൊണ്ടാണെന്നും മുരളീധരൻ പറഞ്ഞു.
സി പി എമ്മിന്റെ അക്രമത്തെ തുറന്ന് കാണിച്ച് കൊണ്ട് ആശയത്തെ ആശയങ്ങൾ കൊണ്ടാണ് ഞങ്ങൾ നേരിടുന്നതെന്നും മുരളീധരൻ പറഞ്ഞു.
പിബി യിൽ ദളിതനെ ഉൾപെടുത്താൽ കഴിയാത്തതിൽ യെച്ചൂരി പറയുന്ന ന്യായങ്ങൾ അപഹാസ്യമാണെന്നും മുരളീധരൻ പറഞ്ഞു. സി പി എമ്മിന്റെ വിശദീകരണങ്ങൾ അങ്ങേയറ്റം കാപട്യം നിറഞ്ഞതാണ്. തങ്ങൾ പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണെന്നാണ് അവർ പറഞ്ഞത്. സ്ത്രീ പക്ഷ നിലപാട് തങ്ങൾ സ്വീകരിക്കുന്നതെന്നാണ് അവരുടെ വാദം.
സി പി എം അവരുടെ പി ബിയിൽ ദളിതരെ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ബി ജെ പിയുടെ അഖിലേന്ത്യ സെക്രട്ടറിമാരിൽ ദളിത് വിഭാഗത്തിൽ പെടുന്നവരുണ്ട്. കേന്ദ്രമന്ത്രിസഭയിൽ പന്ത്രണ്ട് പേരുണ്ട്. രാജ്യസഭയിലേക്ക് ഇപ്പോൾ ബി ജെ പിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരിൽ പട്ടിക ജാതി വിഭാഗത്തിൽ പെടുന്നവരുണ്ട്, പട്ടിക വർഗ വിഭാഗത്തിൽ പെടുന്നവരുണ്ട്, ഒ ബി സി വിഭാഗക്കാരും ഉണ്ട്. ഭാരതീയ ജനതപാർട്ടി ഇതെല്ലാം ഉറപ്പുവരുത്തുന്നുണ്ട്. എന്നിട്ട് സി പി എം ബി ജെ പിയെ വിളിക്കുന്നത് സവർണ പാർട്ടിയെന്നാണ്.
സി പി എമ്മിന്റെ സ്ത്രീ പക്ഷ നിലപാട് ശബരിമലയിൽ കണ്ടതാണ്. സിൽവർ ലൈൻ സമരത്തിൽ സി പി എം നിലപാടിന് വിരുദ്ധ നിലപാടെടുക്കുന്ന സ്ത്രീകളെ സൈബർ ആക്രമണത്തിന് വിധേയമാക്കുകയാണ്. അതുകൊണ്ടാണ് താൻ പറഞ്ഞത് സി പി എം നിലപാടുകൾ വെറും കാപട്യമാണ്. ഈ കാപട്യം കൊണ്ട് എത്രകാലം കേരളത്തിലെ ജനങ്ങളെ പറ്റിക്കാൻ കഴിയും എന്ന് കാണാം. കേരളത്തിലെ ജനതയാണ് ഇതിൽ തിരുമാനമെടുക്കേണ്ടതെന്നും മുരളീധരൻ പറഞ്ഞു.












Click it and Unblock the Notifications