'അവിഹിത ഇടപെടൽ തെളിയിച്ചാൽ ശിഷ്ടകാലം ലീഗോഫീസിലെ പ്യൂണായി കഴിയാം', വെല്ലുവിളിച്ച് ജലീൽ
മലയാള സർവകലാശാലാ ഭൂമി ഇടപാട് വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെടി ജലീൽ. മന്ത്രി എന്ന നിലയിൽ ഭൂമി ഏറ്റെടുക്കാൻ ഒരു മൊട്ടുസൂചിയുടെ സഹായം പോലും അവിഹിതമായി ആർക്കും ചെയ്തു കൊടുത്തിട്ടില്ലെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെടി ജലീൽ വ്യക്തമാക്കുന്നു.
അവിഹിത ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷണം നടത്താനും തെളിയിക്കാനും കെടി ജലീൽ വെല്ലുവിളിച്ചു. ആ ഭൂമി വാങ്ങിയവരോട് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പോലും ഒരു രൂപ ഞാൻ വാങ്ങിയിട്ടില്ല. അവരുടെ ഒരു ചായ പോലും വാങ്ങിക്കുടിച്ചിട്ടില്ലെന്നും കെടി ജലീൽ പറയുന്നു.
'' ബന്ധുനിയമനവും, മലയാള സർവകലാശാലാ ഭൂമി ഇടപാടും, പിന്നെ ഞാനും! ഞാൻ ഏതൊരു പോസ്റ്റിട്ടാലും അതിനടിയിൽ കൊണ്ടുവന്ന്, ഞാൻ മന്ത്രിയായിരുന്നപ്പോൾ നടത്തിയ ബന്ധു നിയമനവും, അതേ തുടർന്നുള്ള ലോകായുക്ത വിധിയും, മലയാളം സർവകലാശാലാ ഭൂമി ഇടപാടിലെ അഴിമതിയും, പരാമർശിക്കുന്ന പോസ്റ്റുകളാണ് ലീഗ്-കോൺഗ്രസ് സൈബറോളികൾ കൊണ്ടുവന്നിടുന്നത്. ഇതു പതിവായ സാഹചര്യത്തിലാണ് ഈ കുറിപ്പ്.
മന്ത്രിയായ കാലത്ത് സത്യസന്ധമായി മാത്രമേ ഞാൻ ജീവിച്ചിട്ടുള്ളൂ. ഒരു തരത്തിലുള്ള അധികാര ദുർവിനിയോഗവും നടത്തിയിട്ടില്ല. എൻ്റെ കുടുംബം ഞാനില്ലാതെ ഔദ്യോഗിക വാഹനങ്ങളിൽ പോയിട്ട് ഒരു സർക്കാർ കാറിൽ പോലും അക്കാലത്ത് സഞ്ചരിച്ചിട്ടില്ല. MLA എന്ന നിലയിലോ മന്ത്രി എന്ന നിലയിലോ എൻ്റെ മക്കളുടെ പഠനത്തിനോ മറ്റെന്തെങ്കിലും കാര്യങ്ങൾക്കോ എൻ്റെ പദവി ദുരുപയോഗപ്പെടുത്തുകയോ ഏതെങ്കിലും മാനേജുമെൻ്റുകളുടെ ഔദാര്യം അഭ്യർത്ഥിക്കുകയോ ചെയ്തിട്ടില്ല. പത്തു പൈസയുടെ കാലിച്ചായ അവിഹിതമായി ആരിൽ നിന്നും വാങ്ങിക്കുടിച്ചിട്ടില്ല. ഒരു രൂപ കൈക്കൂലിയായും വാങ്ങിയിട്ടില്ല.

ഒരു പൊതു പ്രവർത്തകൻ പാലിക്കേണ്ട എല്ലാ മര്യാദകളും അന്തസ്സും പാലിച്ചാണ് 20 വർഷവും ജീവിച്ചത്. 20 വർഷത്തെ MLA, മന്ത്രി എന്നീ നിലകളിൽ എനിക്കു കിട്ടിയ സർക്കാർ ശമ്പളമല്ലാതെ മറ്റൊരു നയാപൈസയും വരുമാനം ഉണ്ടാക്കിയിട്ടില്ല. ഒന്നുമൂളിയാൽ ബിസിനസ് പങ്കാളിയാക്കാൻ പലരും തയ്യാറായിരുന്നു. ആ പ്രലോഭനങ്ങളിൽ ഒരു കടുകുമണിത്തൂക്കം വീഴാതെ ഞാൻ നോക്കിയിട്ടുണ്ട്.
20 വർഷത്തെ MLA-മന്ത്രി ചുമതലകളും, ഏതാണ്ട് 13 വർഷത്തെ കോളേജ് അദ്ധ്യാപക ജോലിയും കഴിഞ്ഞ്, അവസാന മാസത്തെ ശമ്പളം എക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ച് നോക്കുമ്പോൾ, കോളേജിൽ നിന്ന് പിരിഞ്ഞപ്പോൾ കിട്ടിയ 5 ലക്ഷവും, പിന്നെ ശമ്പള എക്കൗണ്ടിലെ 5000 രൂപയുമല്ലാതെ മറ്റൊന്നും ശേഷിപ്പായി ഉണ്ടായിരുന്നില്ല. ആ 5,05000 (അഞ്ചുലക്ഷത്തി അയ്യായിരം) രൂപയാണ് എൻ്റെ 33 വർഷത്തെ "ഭാവി സമ്പാദ്യം".
എൻ്റെ മേൽ സ്ഥിരമായി UDF സൈബറുകാർ ആരോപിക്കുന്ന കുറ്റങ്ങളിൽ പ്രധാനം, ബന്ധുവായ അയോഗ്യനായ അദീപിനെ മൈനോറിറ്റി ഫിനാൻസ് കോർപ്പറേഷൻ്റെ ജനറൽ മാനേജരായി ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ നിയമനം നടത്തി എന്നതാണ്. എൻ്റെ ബന്ധു ഷെഡ്യൂൾഡ് ബാങ്കുകളിൽ മുന്നിൽ നിൽക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിൽ മാനേജരായി ജോലി ചെയ്യുവെയാണ് ഒരു വർഷ ഡെപ്യൂട്ടേഷനിൽ നിയമിക്കപ്പെടുന്നത്. മറ്റൊരാളും അപേക്ഷകരായി ഇല്ലാത്ത സാഹചര്യത്തിൽ ഒരു സർക്കാർ സ്ഥാപനം തളർന്നു പോകരുത് എന്ന സദുദ്ദേശത്തോടെയാണ് ആ നിയമനത്തിന് മുതിർന്നത്. അല്ലാതെ ഒരു സാമ്പത്തിക നേട്ടവും പ്രതീക്ഷിച്ചല്ല.
ചിലരത് വിവാദമാക്കിയപ്പോൾ 15 ദിവസത്തെ സേവനത്തിന് ലഭിച്ച ശമ്പളം പലിശ സഹിതം തിരിച്ചടച്ച് അദീപ് മാതൃസ്ഥാപനത്തിലേക്ക് തിരിച്ചു പോയി. പിന്നീട് ഈ അയോഗ്യനെന്ന് മുദ്രകുത്തിയ എൻ്റെ ബന്ധുവിന് കേന്ദ്ര സർക്കാർ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയുടെ ചീഫ് മാനേജരായി മൽസരപരീക്ഷയിലൂടെ നിയമനം കിട്ടി. അതുകഴിഞ്ഞ് കേന്ദ്ര ഗവ:ൻ്റെ തന്നെ സ്ഥാപനമായ HUDCO യുടെ ഇന്ത്യയിലെ ഡെപ്യുട്ടി ജനറൽ മാനേർജർമാരിൽ ഒരാളായാണ് കടുത്ത അഭിമുഖങ്ങൾക്കൊടുവിൽ നിയമനം ലഭിച്ചത്. അയാൾ ഇപ്പോൾ ഹഡ്കോയുടെ ഡൽഹി ആസ്ഥാനത്ത് ജോലി ചെയ്യുന്നു.
ലോകായുക്ത സിറിയക് ജോസഫ് എന്നെ ഒന്ന് നേരിട്ട് കേൾക്കാതെയും എനിക്കൊരു നോട്ടീസ് പോലും അയക്കാതെയുമാണ് ലീഗുകാരിൽ നിന്ന് പണം വാങ്ങി എനിക്കെതിരെ വിധി പറഞ്ഞത്. കുഞ്ഞാലിക്കുട്ടിയെ ഐസ്ക്രീം പാർലർ കേസിൽ കുറ്റവിമുക്തനാക്കി വിധി പറഞ്ഞതിന് കോടികൾ നൽകി ഇദ്ദേഹത്തെ വശത്താക്കിയത് അറിയാമായിരുന്ന ലീഗിലെ തലതൊട്ടപ്പൻമാർ, സിറിയക്കിനെ നോട്ടുകെട്ടുകൾ കൊണ്ട് സ്വാധീനിച്ച് നേടിയ വിധിയായിരുന്നു അത്.
ലോകായുക്ത വിധിക്കെതിരെ അപ്പീൽ അതോറിറ്റിയായി ഹൈക്കോടതിയേയോ സുപ്രീം കോടതിയേയോ അന്നത്തെ ലോകായുക്താ നിയമത്തിൽ പരാമർശിക്കാതിരുന്നതിനാൽ ഹൈക്കോടതിയും സുപ്രീം കോടതിയും എൻ്റെ അപേക്ഷകൾ കേൾക്കാൻ പോലും തയ്യാറായില്ല. ആ വ്യവസ്ഥയാണ് പിന്നീട് സർക്കാർ ഭേദഗതി ചെയ്ത് അപ്പീൽ അതോറിറ്റിയായി ഹൈക്കോടതിയെ ഉൾപ്പെടുത്തിയത്. അത് തെറ്റാണെന്ന് അഭിപ്രായം നിലവിലെ സർക്കാരിന് ഉണ്ടെങ്കിൽ നിയമം പൂർവ്വസ്ഥിതിയിൽ ലാക്കാൻ അവർ സധൈര്യം മുന്നോട്ടുവരണം. ഇന്ത്യയിൽ ഒരു പക്ഷെ പണവും പദവികളും സ്വന്തമാക്കി ഇത്രയധികം നീതിക്ക് നിരക്കാത്ത വിധികൾ സിറിയക് ജോസഫിനെ പോലെ മറ്റൊരു ന്യായാധിപനും എഴുതിയിട്ടുണ്ടാവില്ല.
ധൈര്യമുണ്ടെങ്കിൽ സിറിയക് ജോസഫ് എനിക്കെതിരെ മേൽപറഞ്ഞ പരാമർശങ്ങളുടെ പേരിൽ ഒരു മാനനഷ്ടക്കേസ് ഫയൽ ചെയ്യട്ടെ. സിറിയക് ജോസഫ് എന്ന നികൃഷ്ടൻ കേരള ഹൈക്കോടതിയിലും കർണ്ണാടക ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ന്യായാധിപനായിരിക്കെ നടത്തിയ വിധികളുടെ കോപ്പികളെല്ലാം ഞാൻ സംഘടിപ്പിച്ച് വെച്ചിട്ടുണ്ട്. ക്വോറി മുതലാളിമാർക്കും, സ്വകാര്യ നഴ്സിംഗ് കോളേജ് മാനേജ്മെൻ്റുകൾക്കും ഉൾപ്പടെ സിറിയക് ജോസഫ് എഴുതിയ അനുകൂല ഉത്തരവുകൾ വായിച്ചാൽ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോകും.
അഭയ കേസ് അട്ടിമറിച്ച് ഒന്നാം പ്രതിയായ തൻ്റെ അടുത്ത ബന്ധു ഫാദർ കോട്ടൂരിനെ രക്ഷിക്കാൻ കർണാടക ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ആയിരിക്കെ സിറിയക് നടത്തിയ ഇടപെടലുകൾ സി.ബി.ഐയുടെ റിപ്പോർട്ടിൽ പോലും ഇടംപിടിച്ചതാണ്. അദ്ദേഹത്തിൻ്റെ മുഖമൂടി, ജോമോൻ പുത്തൻപുരയ്ക്കൽ തൻ്റെ "ദൈവത്തിൻ്റെ സ്വന്തം വക്കീൽ" എന്ന പുസ്തകത്തിൽ, വലിച്ച് കീറുന്നുണ്ട്. ഇത്തരം കാട്ടുകള്ളൻമാർ ഒരു സ്ഥാനത്തും വരാൻ പാടില്ല. തെമ്മാടിക്കുഴിയിൽ അടക്കം ചെയ്യാൻ പോലുമുള്ള അർഹത സിറിയക് ജോസസഫെന്ന മുൻകേരള ലോകായുക്തക്ക് ഇല്ലെന്നു പറയാൻ എൻ്റെ അനുഭവം തന്നെ ധാരാളമാണ്.
സുപ്രീംകോടതി മുൻ ജസ്റ്റിസ് ശ്രി സിറിയക് ജോസഫിനെ ഞാൻ ആയിരംവട്ടം വെല്ലുവിളിക്കുന്നു. ലോകായുക്ത എന്ന നിലയിൽ എനിക്കെതിരെയുള്ള കേസ് ഫയലിൽ സ്വീകരിച്ചപ്പോൾ ഒരു നോട്ടീസെങ്കിലും അദ്ദേഹം എനിക്ക് അയച്ചിരുന്നോ? കേസ് വിസ്താരത്തിൻ്റെ ഏതെങ്കിലും സന്ദർഭത്തിൽ എന്നെ നേരിട്ട് വിളിപ്പിച്ച് വരുത്തി എൻ്റെ ഭാഗം കേട്ടിരുന്നോ? അനർഹമായി നിയമനം ലഭിച്ചു എന്ന് ആക്ഷേപിക്കപ്പെട്ട കെ.ടി അദീപിനെ സിറിയക് കേട്ടിരുന്നോ? ഞാനെഴുതിയ ഈ കുറിപ്പ് അദ്ദേഹത്തിന് എത്തിച്ച് എനിക്കെതിരെ നിയമ നടപടിക്ക് അയാളെ പ്രേരിപ്പിക്കാൻ, സ്വജനപക്ഷപാതം എന്നിൽ ആരോപിക്കുന്നവർ മുന്നോട്ടു വരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
രണ്ടാമത്തെ ആക്ഷേപം മലയാളം സർവകലാശാലക്ക് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയാണ്. ഞാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ മന്ത്രിയായ ശേഷം മലയാള സർവകലാശാലക്ക് ഭൂമി വാങ്ങാൻ ഒരു ഭൂഉടമയേയും സമീപിച്ചിട്ടില്ല. മന്ത്രി എന്ന നിലയിൽ ഭൂമി ഏറ്റെടുക്കാൻ ഒരു മൊട്ടുസൂചിയുടെ സഹായം പോലും അവിഹിതമായി ഞാൻ ആർക്കും ചെയ്തു കൊടുത്തിട്ടില്ല. മലയാള സർവകലാശാലാ ഭൂമി ഇടപാടിൽ എന്തെങ്കിലും അവിഹിത ഇടപെടൽ എൻ്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് നെഞ്ചത്ത് കൈ വെച്ച് ആയിരംവട്ടം എനിക്ക് പറയാനാകും. ഉണ്ടെന്ന് തെളിയിക്കാൻ UDF സർക്കാരിനോ ലീഗിനോ യൂത്ത്ലീഗിനോ സാധിക്കുമെങ്കിൽ ശിഷ്ടകാലം മലപ്പുറം ലീഗോഫീസിലെ പ്യൂണായി കഴിയാം.
ആ ഭൂമി വാങ്ങിയവരോട് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പോലും ഒരു രൂപ ഞാൻ വാങ്ങിയിട്ടില്ല. അവരുടെ ഒരു ചായ പോലും വാങ്ങിക്കുടിച്ചിട്ടില്ല. ഇപ്പോൾ പലതും സതീശൻ സർക്കാർ അന്വേഷിക്കുന്നുണ്ടല്ലോ? മലയാളം സർവകലാശാലക്ക് ഭൂമി വാങ്ങിയതും അന്വേഷണത്തിൻ്റെ പരിധിയിൽ കൊണ്ടുവരട്ടെ. ഇപ്പോൾ എടുത്ത ഭൂമി സർവകലാശാലക്ക് യോജ്യമല്ലെങ്കിൽ ഇടപാട് റദ്ദാക്കി നൽകിയ പണം ഭൂഉടമകളിൽ നിന്ന് തിരിച്ചു പിടിക്കട്ടെ. ഒരു ലവലേശം നടപടിക്രമങ്ങൾ മന്ത്രി എന്ന നിലയിൽ ഞാൻ തെറ്റിച്ചിട്ടില്ല. ആ ഭൂമി വാങ്ങാൻ തീരുമാനിച്ചപ്പോഴും വില നിശ്ചയിച്ചപ്പോഴുമൊന്നും ഞാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ചുമതലക്കാരൻ ആയിരുന്നില്ല.
അതിൽ എൻ്റെ പങ്ക് ആരോപിച്ച യൂത്ത്ലീഗിൻ്റെ മാതൃസംഘടനയായ ലീഗ് ഇപ്പോൾ ഭരണത്തിലല്ലേ? ഭൂമി പരിശോധിച്ച് തെളിവുകൾ ശേഖരിച്ച, പി.കെ ഫിറോസ് ഇപ്പോൾ MLA അല്ലേ? മലയാള സർവകലാശാലാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഒരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ ഒരു സബ്മിഷൻ അവതരിപ്പിക്കാൻ അദ്ദേഹം തയ്യാറാകണം. അല്ലെങ്കിൽ ഒരു വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകാൻ തയ്യാറാവണം. ഏതന്വേഷണത്തിനും 101% സ്വാഗതം. മേപ്പുര ഇല്ലാത്തവനെന്ത് തീപ്പൊരി മാഷെ''.


Click it and Unblock the Notifications
