ഹോട്ടലുകളില്‍ അമ്മമാര്‍ വിളമ്പുന്ന സംതൃപ്തി നല്‍കാന്‍ സാധിക്കണമെന്ന് മുഖ്യമന്ത്രി; 'വിലക്കയറ്റം പ്രതിസന്ധി'
ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന നിരവധി പേരുണ്ട്. നമ്മുടെ നാട്ടിലെ ഭക്ഷണ രീതികള്‍ പിന്തുടര്‍ന്ന കാലത്ത് പ്രശ്‌നങ്ങളുണ്ടായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു

എറണാകുളം: ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും അമ്മയുടെ സ്ഥാനമാണ് ഉള്ളത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭക്ഷണം കഴിക്കാനായി ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും എത്തുന്നവര്‍ക്ക് അമ്മമാര്‍ വിളമ്പുന്ന സംതൃപ്തി നല്‍കാന്‍ സാധിക്കണം എന്നും പിണറായി വിജയന്‍ പറഞ്ഞു.
കേരള സംസ്ഥാനത്തെ ആകെ ഊട്ടുന്നവരാണ് ഹോട്ടലുകളും റസ്റ്ററന്റുകളും എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍ ഭക്ഷണത്തില്‍ പുതിയ രീതികളും പരീക്ഷണങ്ങളും നടത്തുമ്പോളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് എന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. കൃത്യത പാലിച്ച് കൊണ്ട് മുന്നോട്ടുപോകാന്‍ എല്ലാവരും തയാറാകണം എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
വിലക്കയറ്റമാണ് ഹോട്ടലുകള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേയില്‍ ഇക്കാര്യം വ്യക്തമാണ് എന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. ഹോട്ടലുകാരുടെ നട്ടെല്ലൊടിക്കുന്ന തരത്തിലാണ് പാചക വാതക വില കൂടുന്നത് എന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം പിടിച്ച് നിര്‍ത്താനുള്ള ശ്രമമാണ് കേരളം നടത്തുന്നത് എന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ഭക്ഷ്യപദാര്‍ഥങ്ങള്‍ക്ക് പോലും നമ്മുടെ രാജ്യത്ത് ജി എസ് ടി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന നിരവധി ആളുകള്‍ ഉണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. നമ്മുടെ നാട്ടിലെ ഭക്ഷണ രീതികള്‍ പിന്തുടര്‍ന്നപ്പോള്‍ ഇവിടെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നും ഭക്ഷണ കാര്യത്തില്‍ വഴിവിട്ട നടപടികള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഭക്ഷ്യവിഷ ബാധ സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉടനീളം ഹോട്ടലുകളില്‍ ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിശോധന നടക്കുന്നുണ്ട്. വൃത്തിയും നടപടി ക്രമങ്ങളും പാലിച്ചില്ല എന്ന് കണ്ടെത്തിയ പല ഹോട്ടലുകളുടേയും ലൈസന്‍സുകള്‍ റദ്ദാക്കിയിട്ടുമുണ്ട്.
അതേസമയം ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ 59-ാം സംസ്ഥാന സമ്മേളനമാണ് കൊച്ചിയില്‍ നടക്കുന്നത്. ഫെബ്രുവരി 10, 11, 12 തിയതികളിലായി കൊച്ചി മറൈന്‍ ഡ്രൈവിലാണ് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം നടക്കുന്നത്












Click it and Unblock the Notifications