പി എസ് സി നിയമനം: മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്ന് കെപിഎ മജീദ്
തിരുവനന്തപുരം: വഫഖ് ബോർഡ് നിയമനം പി എസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വിളിച്ചുചേർത്ത മതസംഘടനാ നേതാക്കളുടെ യോഗത്തിൽ ഗവർണർ ഒപ്പുവെക്കുന്നത് വരെ ആരും എതിർപ്പ് അറിയിച്ചില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ്. 2016 ൽ തന്നെ എല്ലാ മുസ്ലിം മത സംഘടനകളും ഈ വിഷയത്തിൽ ഒന്നിച്ച് ഗവർണറെ പോയി കണ്ടിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ സമരവും നടത്തിയെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. കെ പി എ മജീദിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
വഫഖ് ബോർഡ് നിയമനം പി എസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വിളിച്ചുചേർത്ത മതസംഘടനാ നേതാക്കളുടെ യോഗത്തിൽ ഗവർണർ ഒപ്പുവെക്കുന്നത് വരെ ആരും എതിർപ്പ് അറിയിച്ചില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് പച്ചക്കള്ളമാണ്. മതനേതാക്കളോട് ഇങ്ങനെ നുണ പറയാൻ അപാര തൊലിക്കട്ടി വേണം.

2016 ൽ തന്നെ എല്ലാ മുസ്ലിം മത സംഘടനകളും ഈ വിഷയത്തിൽ ഒന്നിച്ച് ഗവർണറെ പോയി കണ്ടിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ സമരവും നടത്തി. മുഖ്യമന്ത്രിക്ക് നിവേദനവും നൽകി. ഈ നിയമം അവതരിപ്പിക്കുന്ന സമയത്ത് ക്രമപ്രശ്നം ഉന്നയിക്കുന്നത് എൻ ഷംസുദ്ധീൻ എം എൽ എയാണ്. ഇത് ഭരണഘടനാപരമായി നിലനിൽക്കുന്നതല്ലെന്ന് അദ്ദേഹം വാദിച്ചു.
ഈ ബില്ല് ഇവിടെ അവതരിപ്പിക്കാൻ കഴിയില്ലെന്നും ഇത് നിരാകരിക്കണമന്ന് ഞാനും കുറിക്കോളി മൊയ്തീനും സഭയിൽ ആവശ്യപ്പെട്ടു. ഈ നിയമം സബ്ജക്ട് കമ്മിറ്റി വിടുന്നതിന് പകരം പൊതുജനാഭിപ്രായത്തിന് വിടണമെന്ന് നജീബ് കാന്തപുരം എം എൽ എയും പറഞ്ഞു. സബ്ജക്ട് കമ്മിറ്റിയിൽ പി ഉബൈദുല്ല എം എൽ എ എതിർപ്പ് രേഖപ്പെടുത്തി.
കെ.കെ ആബിദ്ഹുസൈൻ തങ്ങൾ, അഡ്വ യു.എ ലത്തീഫ്, കെ.ബാബു തുടങ്ങിയവരും നിയസമഭയിൽ ശക്തമായ ഭാഷയിൽ ഇതിനെതിരെ സംസാരിച്ചു. ഭരണഘടനപരമായി നിലനിൽക്കുന്നതല്ലെന്നും പി എസ് സിക്ക് വിട്ടാലുണ്ടാകുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളും ചൂണ്ടികാണിച്ച് പി.കെ കുഞ്ഞാലിക്കുട്ടിയും സംസാരിച്ചു.
Recommended Video
ഇതെല്ലാം നിയസമഭാ രേഖയാണെന്നിരിക്കെ മത നേതാക്കളുടെ യോഗത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. മുഖ്യമന്ത്രി പറയുന്നതാണ് ശരിയെങ്കിൽ ഞാൻ എം എൽ എ സ്ഥാനം രാജിവെക്കാൻ തയ്യാറാണ്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി എന്തിനാണ് നട്ടാൽ കുരുക്കാത്ത നുണ പറയുന്നത്! അതും രേഖകളിൽ വ്യക്തമായ വിഷയത്തിൽ. നിയമസഭയിൽ വഖഫ് മന്ത്രി പറഞ്ഞത് ഈ നിയമം നടപ്പിലാക്കും എന്ന് തന്നെയാണ്. അതിനെ തിരുത്താൻ മുഖ്യമന്ത്രി തയ്യാറായില്ല. മത സംഘടന നേതാക്കളെയും പൊതുസമൂഹത്തേയും പച്ചക്കള്ളം പറഞ്ഞുപറ്റിക്കുന്ന മുഖ്യമന്ത്രി മാപ്പ് പറയണം. നിയമം പിൻവലിക്കും വരെ മുസ്ലിംലീഗ് സമര രംഗത്തുണ്ടാകും.












Click it and Unblock the Notifications