പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം; ഐസക്കിനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം പ്രതിപക്ഷം കുത്തിയിളക്കി വിടുന്നതാണ് എന്ന മന്ത്രി തോമസ് ഐസക്കിന്റെ ആരോപണം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണം തലയ്ക്കു പിടിച്ചത് കൊണ്ടാണ് തോമസ് ഐസക്കിന് ഇപ്പോൾ സമരങ്ങളോട് പുച്ഛവും അലർജിയും തുടങ്ങിയത്. ഒരു കമ്യൂണിസ്റ്റ് മന്ത്രിക്ക് ചേർന്ന നിലപാടല്ല ഈ വിഷയത്തിൽ ഐസക്കിന്റേത്. സമരം ചെയ്യുന്ന കർഷകരെ 'സമരജീവികൾ'' എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന നരേന്ദ്ര മോദിയും പി എസ് സി ഉദ്യോഗാർഥികളുടെ സമരം യുഡിഎഫ് ഗൂഢാലോചനയാണെന്ന് പറയുന്ന തോമസ് ഐസക്കും തമ്മിലെന്ത് വ്യത്യാസം? പഠിച്ചു പാസായി കഷ്ടപ്പെട്ട് പിഎസ്‌സി ലിസ്റ്റിൽ കയറുന്ന ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാതെ വരുമ്പോൾ അവർ പ്രതിഷേധിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
നീതി ലഭിക്കാനുള്ള അവരുടെ പോരാട്ടത്തെ ഞങ്ങൾ അനുകൂലിച്ചതിൽ എന്താണ് തെറ്റ്. ആ സമരം യു ഡി എഫ് ഇളക്കി വിടുന്നതാണ് എന്ന ഐസക്കിന്റെ വാക്കുകൾ അധികാരം തലയ്ക്ക് പിടിച്ച ഭരണാധികാരിയുടെ ജല്പനങ്ങൾ മാത്രമാണ്. മൂന്ന് ലക്ഷം പിൻവാതിൽ നിയമനം നടത്തിയ നാണം കെട്ട സർക്കാരാണിത്. മണ്ണെണ്ണയൊഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രതിഷേധിക്കേണ്ടി വരുന്ന കേരളത്തിലെ യുവാക്കളുടെ ഹൃദയവികാരം മാനിക്കാൻ സർക്കാർ തയ്യാറാകണം.

ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
ഒരു കമ്മ്യൂണിസ്റ്റുകാരനും ന്യായമായ ജോലി കിട്ടുന്നതിന് ഞങ്ങൾ എതിരല്ല. ചട്ടങ്ങളും നിയമങ്ങളും മറികടന്നു പിൻവാതിലിലൂടെ നടക്കുന്ന നിയമനങ്ങളെയാണ് എതിർക്കുന്നത്.കേരളത്തിലെ യുവാക്കൾക്ക് നീതി ലഭിക്കും വരെ യു ഡി എഫ് ഈ സമരത്തെ പിന്തുണയ്ക്കും. ഭരണത്തിലെത്തുമ്പോൾ ഉദ്യോഗാർത്ഥികളുടെ താല്പര്യം സംരക്ഷിക്കുന്ന നിയമം കൊണ്ടുവരികയും ചെയ്യും. ഒഴിവുവരുന്ന തസ്തികകൾ പൂഴ്ത്തിവയ്ക്ക്കുന്നത് ക്രിമിനൽ കുറ്റമാക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Recommended Video













Click it and Unblock the Notifications