• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിഎസ്സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടും, പുതുക്കിയ ശമ്പളവും അലവന്‍സുകളും ഏപ്രില്‍ 1 മുതല്‍

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാന്‍ പി.എസ്.സിയോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2021 ഫെബ്രുവരി 3-നും 2021 ആഗസ്റ്റ് 2-നും ഇടയ്ക്ക് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 2021 ആഗസ്റ്റ് 3 വരെ ദീര്‍ഘിപ്പിക്കാനാണ് ശുപാര്‍ശ. കോവിഡ് വ്യാപനം കാരണം പി.എസ്.സി പരീക്ഷകള്‍ നടത്തുന്നതിലെ സമയക്രമത്തില്‍ വ്യത്യാസം വന്നിട്ടുണ്ട്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് കൂടുതല്‍ സമയമെടുക്കുന്ന സ്ഥിതിയും വന്നു. സമീപകാലത്ത് സൃഷ്ടിച്ച തസ്തികകളിലേക്ക് പി.എസ്.സി വഴി നിയമനം നടത്തുന്നതിനുള്ള കാലതാമസം കൂടി പരിഗണിച്ചാണ് കാലാവധി നീട്ടുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചത്.

പതിനൊന്നാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള പുതുക്കിയ ശമ്പളവും അലവന്‍സുകളും ഏപ്രില്‍ ഒന്നു മുതല്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. പുതുക്കിയ ക്ഷാമബത്ത 2019 ജൂലായ് ഒന്നു മുതല്‍ പ്രാബല്യത്തോടെ നടപ്പാക്കും. കമ്മീഷന്‍ ശുപാര്‍ശ ചെയ്ത അലവന്‍സുകള്‍ക്ക് 2021 മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യമുണ്ടാകും. ആരോഗ്യമേഖലയില്‍ മാത്രം കമ്മീഷന്‍ പ്രത്യേകമായി ശുപാര്‍ശ ചെയ്ത സ്‌കെയില്‍ അനുവദിക്കും. ഇതര മേഖലകളില്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത സ്‌കെയിലുകള്‍, കാരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം മുതലായവ സംബന്ധിച്ച് സെക്രട്ടറിതല സമിതിയുടെ പരിശോധനയ്ക്ക് ശേഷം വിശദമായ ഉത്തരവ് പുറപ്പെടുവിക്കും. ഈ വിഷയങ്ങള്‍ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുന്നതിന് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കും ഈ സമിതിയുടെ കണ്‍വീനര്‍.

പെന്‍ഷന്‍ പുതുക്കുന്നത് സംബന്ധിച്ച തീരുമാനം ധനകാര്യവകുപ്പിന്റെ വിശദമായ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം എടുക്കും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലും നഗര പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും തൊഴിലെടുക്കുന്നവരുടെ ക്ഷേമത്തിന് ക്ഷേമനിധി രൂപീകരിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.

അറുപത് വയസ്സു പൂര്‍ത്തിയാക്കിയവരും അറുപത് വയസ്സുവരെ തുടര്‍ച്ചയായി അംശദായം അടച്ചവരുമായ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനും അംഗം മരണപ്പെട്ടാല്‍ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ക്ഷേമനിധിയില്‍ അംഗമായി ചേരുന്ന ഓരോ തൊഴിലാളിയും പ്രതിമാസം 50 രൂപ അംശദായം അടയ്ക്കണം. തൊഴിലാളികളുടെ എണ്ണത്തിനും തൊഴില്‍ ദിനത്തിനും അനുസരിച്ച് നിശ്ചിത തുക ഗ്രാന്റായോ അംശദായമായോ സര്‍ക്കാര്‍ ക്ഷേമനിധിയിലേക്ക് നല്‍കും. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 55 വയസ്സ് തികയാത്തവര്‍ക്കും അംഗത്വമെടുക്കാം.

കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്ററിലെ ഭരണ സാങ്കേതിക വിഭാഗം ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 55 ല്‍ നിന്ന് 56 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചു. സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ച് ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ എസ്.ഐ.യു.സി ഒഴികെയുള്ള നാടാര്‍ സമുദായങ്ങള്‍ക്ക് ഒ.ബി.സി സംവരണം നല്‍കാന്‍ തീരുമാനിച്ചു. നിലവില്‍ നാടാര്‍ സമുദായത്തില്‍പ്പെട്ട ഹിന്ദു, എസ്.ഐ.യു.സി-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ബാധിക്കാതെയാണ് ഇത് നടപ്പാക്കുക.

നിലവിലുള്ള മുഴുവന്‍ സംരക്ഷിത അധ്യാപകരെയും എയ്ഡഡ് സ്‌കൂളുകളില്‍ പുനര്‍വിന്യസിച്ച് സംരക്ഷണം നല്‍കുന്നതിനുള്ള നിബന്ധനകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. ഇതിന് അധ്യാപക ബാങ്ക് പുതുക്കുന്നതിനുള്ള സോഫ്റ്റ്‌വേര്‍ 'കൈറ്റ' വികസിപ്പിക്കും. നിലവിലുള്ള മുഴുവന്‍ സംരക്ഷിത അധ്യാപകരെയും എയിഡഡ് സ്‌കൂളുകളില്‍ നിയമിക്കുമെന്ന ഉറപ്പിന്മേല്‍ ഇതിനകം വ്യവസ്ഥാപിത തസ്തികകളില്‍ നിയമിക്കപ്പെട്ട യോഗ്യതയുള്ള മുഴുവന്‍ അധ്യാപകരുടെയും നിയമനം ഇത് സംബന്ധിച്ച കോടതി കേസുകള്‍ക്ക് വിധേയമായി ചട്ട വ്യവസ്ഥകളില്‍ താല്‍ക്കാലിക ഇളവ് നല്‍കി അംഗീകരിക്കും.

സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗം റേഷന്‍ കാര്‍ഡുകാര്‍ക്ക് 2021 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം വീതം അരി കിലോഗ്രാമിന് 15 രൂപ നിരക്കില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിര്‍മാണം സംബന്ധിച്ച ആര്‍ബിട്രേഷനു വേണ്ടി റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫിനെ കേരള സര്‍ക്കാരിനെ പ്രതിനിധാനം ചെയ്യുന്ന ആര്‍ബിട്രേറ്ററായി നിയമിക്കാന്‍ തീരുമാനിച്ചു. വയനാട് ജില്ലയില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് സ്ഥാപിക്കുന്നതിന് വാരിയാട് എസ്റ്റേറ്റിലെ (ചെമ്പ്രാ പീക്ക്) 102.6 ഏക്ര ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

മാഞ്ഞൂര്‍ (കോട്ടയം) വളവുപച്ച / ചിതറ (കൊല്ലം റൂറല്‍) പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് 36 തസ്തികകള്‍ വീതം (ആകെ 72) സൃഷ്ടിക്കാന്‍ തീരുമാനിച്ചു. പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകര സാറ്റലൈറ്റ് ക്ഷീര പരിശീലന കേന്ദ്രം, ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് സെന്റര്‍ ആയി ഉയര്‍ത്തുന്നതിന് 4 സ്ഥിരം തസ്തികകളും ദിവസവേതന അടിസ്ഥാനത്തില്‍ 3 തസ്തികകളും സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കെ.എസ്.ഡി.പിയുടെ മാനേജിംഗ് ഡയറക്ടറായി എസ്. ശ്യാമളയെ നിയമിക്കാന്‍ തീരുമാനിച്ചു. കെല്ലില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായ അവര്‍ ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ കെ.എസ്.ഡി.പി. എം.ഡിയായി സേവനമനുഷ്ഠിക്കുകയാണ്. 2021 ഏപ്രില്‍ 30 മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് നിയമനം. 108 ആംബുലന്‍സിന് തീ പിടിച്ച് ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാശനഷ്ടമുണ്ടായ കുട്ടനാട് നേത്ര ഒപ്ടിക്കല്‍സ് ഉടമ ചാവേലില്‍ വീട്ടില്‍ മഞ്ചു മഞ്ചേഷിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.

ഗവണ്‍മെന്റ് കരാറുകളില്‍ സര്‍ക്കാരുമായോ മറ്റേതെങ്കിലും കക്ഷിയുമായോ ഉള്ള തര്‍ക്കം പരിഹരിക്കുന്നതിന് ആര്‍ബിട്രേഷന്‍ കോടതിയായി ജില്ലാ കോടതി സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.

യൂണൈറ്റഡ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡിലെ ഓഫീസര്‍മാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ഈ കമ്പനിയിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും ദീര്‍ഘകാല കരാര്‍ 2011 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തോടെ നടപ്പാക്കാനും തീരുമാനിച്ചു. കേരള സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനിലെ അംഗീകൃത തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ട്രാക്കോ കേബിള്‍ ലിമിറ്റഡിലെ തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ 2016 ഏപ്രില്‍ 1 പ്രാബല്യത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചു.

കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിലെ ഐഡി ആക്ടിനു പരിധിയില്‍ വരുന്ന ജീവനക്കാരുടെ ദീര്‍ഘകാല കരാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഐടി പാര്‍ക്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ജോണ്‍ എം. തോമസിനെ (കോട്ടയം) മൂന്നു വര്‍ഷത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചു. ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിന് ലോവസ്റ്റ് ബിഡ്ഡറായ മേരിമാതാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന കമ്പനിക്ക് 32.6 കോടി രൂപയ്ക്ക് കരാര്‍ നല്‍കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി തപന്‍ രായഗുരുവിനെ മൂന്നു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ തീരുമാനിച്ചു.

cmsvideo
  Jacob Thomas will be BJP candidate in coming election

  സി-ഡിറ്റിലെ താല്‍ക്കാലിക തസ്തികകളില്‍ പത്തു വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 114 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനായി സുനില്‍ ചാക്കോയെ (സിയാല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍) നിയമിക്കാന്‍ തീരുമാനിച്ചു.

  കയര്‍മേഖലയിലെ സ്ഥാപനങ്ങളുടെ പുനരുദ്ധാരണം പഠിച്ച് ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് മുന്‍ കയര്‍ സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പത്മകുമാറിനെ ഒരു വര്‍ഷത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചു.

  കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശം വാട്ടര്‍ അതോറിറ്റിയുടെ സ്ഥലത്തുള്ള കുട്ടികളുടെ പാര്‍ക്കിന് സ്വാതന്ത്ര്യസമര സേനാനിയും ഐ.എന്‍.എ വനിതാ റെജിമെന്റിന്റെ ക്യാപ്റ്റനുമായിരുന്ന ലക്ഷ്മിയുടെ പേര് നല്‍കാന്‍ തീരുമാനിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനത്തോടെനുബന്ധിച്ചാണ് പാര്‍ക്കിന് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പേര് നല്‍കുന്നത്. നിയമസഭാ സമ്മേളന കാലാവധി അവസാനിച്ചതിനാല്‍ നിലവിലുള്ള 25 ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്യാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ഇതു കൂടാതെ ഒരു ഓര്‍ഡിനന്‍സ് ഭേദഗതികളോടെ പുനര്‍വിളംബരം ചെയ്യും. രണ്ട് ഓര്‍ഡിനന്‍സുകള്‍ സംയോജിപ്പിച്ചുകൊണ്ട് നാലു ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്യാനും മന്ത്രിസഭ ശുപാര്‍ശ ചെയ്തു.

  English summary
  PSC rank list extended to 6 more months and other cabinet decisions
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X