പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാനാകില്ല; പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം; പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി. കാലാവധി നീട്ടാനാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎയപടെ അടിയന്തരപ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിതനയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്നും സഭയിൽ മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് സാഹചര്യത്തിൽ മത്സര പരീക്ഷകള്‍ യഥാസമയം നടത്താൻ പിഎസ്സിക്ക് സാധിച്ചിരുന്നില്ല. എന്നാൽ കോവിഡ് സാഹചര്യത്തില്‍ ഒഴിവുകള്‍ ഉണ്ടാകുന്ന കാര്യത്തിലോ, ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തിലോ ഒരു തടസ്സവും ഉണ്ടായിട്ടില്ല. മാത്രവുമല്ല, ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തോ ഈ സര്‍ക്കാരിന്റെ കാലത്തോ പി.എസ്.സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്ന നിയമനാധികാരികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ എടുത്ത നിലപാട്. അതിനാല്‍ റാങ്ക് ലിസ്റ്റുകള്‍ വീണ്ടും നീട്ടാനുള്ള സാഹചര്യം ഇപ്പോള്‍ നിലവിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിട്ടുള്ള മുഴുവൻ പിഎസ്സി പരീക്ഷകളും അഭിമുഖങ്ങളും കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞാലുടനെ പുനരാരംഭിക്കാന്‍ പിഎസ്സി നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ റാങ്ക് ലിസ്റ്റ് നീട്ടാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ മുടിമുറിക്കൽ സമരം നടത്തി.കൊവിഡ്, പ്രളയ കാലഘട്ടത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. ഓഗസ്റ്റ് നാലിന് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കേയാണ് പ്രതിഷേധം.അതേസമയം റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയില്‍ ഹരജി നൽകിയിട്ടുണ്ട്. ലിസ്റ്റ് നീട്ടുന്നത് പ്രായോഗികമല്ലെന്നും ലിസ്റ്റ് നീട്ടിയാൽ പുതിയ ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടപ്പെടാൻ അത് കാരണമാകുമെന്നും ഹർജിയിൽ പറയുന്നു.












Click it and Unblock the Notifications