പിഎസ്‌സിയുടെ മെറിറ്റ് അട്ടിമറി ഗ്യാനേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് അട്ടിമറിക്ക് സമാനം: മന്ത്രി ടി സിദ്ദിഖ്
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നത് പോലെ കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവിയെ തകര്‍ക്കുന്ന മെറിറ്റ് അട്ടിമറിക്ക് നേതൃത്വം കൊടുത്ത സിസ്റ്റമാണ് പിഎസ്സിയെന്ന് കൃഷി മന്ത്രി ടി സിദ്ദീഖ്. യുഡിഎഫ് ഗവണ്‍മെന്റ് വന്നതിന് ശേഷം പിഎസ്സി വിഷയം വളരെ ഗൗരവത്തോടുകൂടിയാണ് കൈകാര്യം ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉള്ള നിയമ പരിരക്ഷയാണ് ഇവര്‍ക്ക് വൃത്തികേടുകള്‍ ചെയ്യാനുള്ള കരുത്ത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ വിശദമായി ചര്‍ച്ച ചെയ്താണ് ഈ വിഷയത്തില്‍ അന്വേഷണത്തിന് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ആഭ്യന്തര വകുപ്പ് പിഎസ്‌സിക്കെതിരെ അന്വേഷണവുമായി മുന്നോട്ടുപോയി. ക്രൈംബ്രാഞ്ച് അന്വേഷണം നല്ല രീതിയില്‍ നടക്കുന്നുണ്ട്...

ചുരുങ്ങിയ ദിവസങ്ങള്‍ക്കകം അന്വേഷണത്തില്‍ പ്രധാനപ്പെട്ട ചുവടുവെപ്പുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നു. ആരൊക്കെയാണ് പ്രതികള്‍ എന്ന് കണ്ടെത്തും. ആ പ്രതികളെ മുഴുവന്‍ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാതെ വിട്ടുവീഴ്ച ചെയ്യില്ല. 10 വര്‍ഷം കൊണ്ട് കേരളത്തിലെ ഭരണഘടന സ്ഥാപനങ്ങള്‍ക്ക് ഉണ്ടായ ആഘാതം ചെറുതല്ലെന്നും മന്ത്രി പറയുന്നു.
അതീവ ഗുരുതരമായിട്ടുള്ള പ്രശ്‌നമാണ് പിഎസ്‌സി, സര്‍വകലാശാല എന്നീ മേഖലകളില്‍ ഉണ്ടായത്. അഞ്ചാം സ്ഥാനത്ത് ഇരിക്കേണ്ടവനെ ഒന്നാം സ്ഥാനത്തേക്ക് കൈപിടിച്ചുയര്‍ത്തിയത് രാഷ്ട്രീയ തീരുമാനമാണ്. പിഎസ്‌സിയുടെ ക്രെഡിബിലിറ്റി മുഴുവന്‍ തകര്‍ക്കാന്‍ നേതൃത്വം കൊടുത്ത ടീമാണ് ഇവര്‍. ഗൗരവതരമായ വിഷയമാണിത്.
ഈ വിഷയത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കോടതി പൂര്‍ണ പിന്തുണ തന്നിട്ടുണ്ട്. മുഴുവന്‍ പ്രതികളെയും കണ്ടെത്താനുള്ള അന്വേഷണത്തിന് വേഗത കൂട്ടും. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും മന്ത്രി ടി സിദ്ദീഖ് പറഞ്ഞു.
നിയമന അട്ടിമറി, ക്രമക്കേട് എന്നീ ആരോപണങ്ങളാണ് പിഎസ്‌സിക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. ഗവര്‍ണര്‍ പിഎസ്‌സിയെ പിരിച്ചുവിടണം എന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. രാഷ്ട്രപതി വിഷയം സുപ്രീംകോടതിക്ക് റഫര്‍ ചെയ്യുമെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ തീരുമാനം കൂടി അറിഞ്ഞ ശേഷം രാഷ്ട്രപതി അന്തിമ തീരുമാനമെടുക്കുകയാണ് ചെയ്യുക. കേരളത്തില്‍ ആദ്യമായിട്ടാണ് പിഎസ്‌സി പിരിച്ചുവിടണം എന്ന ശുപാര്‍ശ ഗവര്‍ണര്‍ കൈമാറുന്നത്. ഭരണഘടനാ സ്ഥാപനമായതിനാല്‍ സര്‍ക്കാരിന് പിഎസ്‌സി അംഗങ്ങളെ പുറത്താക്കാന്‍ സാധിക്കില്ല. ഗവര്‍ണറും രാഷ്ട്രതിയുമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.


Click it and Unblock the Notifications
