എന്റെ വാദം തെറ്റാണെന്നു തെളിയിച്ചാൽ പരസ്യമായി പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയാറാണ്; പിടി തോമസ്
എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊറോണ പരിശോധനയില്‍ ഏര്‍പ്പെട്ടിരുന്ന ഡോക്ടറിൽ നിന്നും വീഴ്ച ഉണ്ടായി എന്ന തന്റെ ആരോപണം തെറ്റാണെന്നു തെളിയിച്ചാൽ പരസ്യമായി പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയാറുമാണെന്ന് പിടി തോമസ് എംഎല്‍എ. താന്‍ ചൂണ്ടിക്കാണിച്ച വീഴ്ച എറണാകുളത്തെ ഡോക്ടറിൽ നിന്നും ഉണ്ടായിട്ടില്ല എന്നാണ് കൃഷി വകുപ്പ് മന്ത്രി സുനിൽ കുമാര്‍ അഭിപ്രായപ്പെട്ടത്. എന്റെ വാദം ശരി ആണെങ്കിൽ മന്ത്രി മാപ്പ് പറയേണ്ട.. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതെ ശ്രദ്ധിക്കുമെന്ന് ഒരു ഉറപ്പ് നൽകിയാൽ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
നെടുമ്പാശേരി എയർപോർട്ടിൽ മാത്രമല്ല, തിരുവനന്തപുരം എയർപോർട്ടിലും, കോട്ടയം മെഡിക്കൽ കോളേജിലും, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കൊറോണ കേസ് കൈകാര്യം ചെയ്തിരുന്ന ആരോഗ്യ പ്രവർത്തകരെ കൊറൈൻറ്റയിൻ ചെയ്യാതെ വീണ്ടും ഡ്യുട്ടിക്ക് ഇട്ടതിന്റെ ഗുരുതരമായ വീഴ്ചകളുടെ തെളിവ് പുറത്ത് വിടാൻ തയ്യാറാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മാപ്പ് പറയാം
ഇന്നലെ 02/04/2020 കേരള മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഞാൻ ചൂണ്ടിക്കാണിച്ച വീഴ്ച എറണാകുളത്തെ ഡോക്ടറിൽ നിന്നും ഉണ്ടായിട്ടില്ല എന്ന കൃഷി വകുപ്പ് മന്ത്രി സുനിൽ കുമാറിന്റെ അവകാശവദത്തെ സംബന്ധിച്ച് ചില കാര്യങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഡോക്ടറുടെയും രോഗിയുടെയും പേരും ഓപ്പറേഷൻ നടന്ന തീയതിയും അതിനെ പിന്തുണയ്ക്കുന്ന മറ്റ് രേഖകളും പുറത്തു വിടുവാൻ ഞാൻ തയ്യാറാണ്. എന്റെ വാദം തെറ്റാണെന്നു തെളിയിച്ചാൽ പരസ്യമായി പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയാറുമാണ്.

ഗുരുതരമായ വീഴ്ച
എന്റെ വാദം ശരി ആണെങ്കിൽ മന്ത്രി മാപ്പ് പറയേണ്ട..
ഇത്തരം വീഴ്ചകൾ ആവർത്തിക്കാതെ ശ്രദ്ധിക്കുമെന്ന് ഒരു ഉറപ്പ് നൽകിയാൽ മതിയാകും. നെടുമ്പാശേരി എയർപോർട്ടിൽ മാത്രമല്ല, തിരുവനന്തപുരം എയർപോർട്ടിലും, കോട്ടയം മെഡിക്കൽ കോളേജിലും, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കൊറോണ കേസ് കൈകാര്യം ചെയ്തിരുന്ന ആരോഗ്യ പ്രവർത്തകരെ കൊറൈൻറ്റയിൻ ചെയ്യാതെ വീണ്ടും ഡ്യുട്ടിക്ക് ഇട്ടതിന്റെ ഗുരുതരമായ വീഴ്ചകളുടെ തെളിവ് പുറത്ത് വിടാൻ തയ്യാറാണ്.

വിമാനത്തിന് അകത്ത്
കൊറോണ നിരീക്ഷണത്തിൽ മൂന്നാർ കെ ടി ഡി സി (KTDC ടീ കൗണ്ടി ) യിലെ താമസ സ്ഥലത്തു നിന്നും ബ്രിട്ടീഷ് പൗരൻ ജില്ലാ ഭരണകൂടത്തിന്റെയും മൂന്നാർ മുതൽ നെടുമ്പാശേരി വരെയുള്ള ഏഴോ, എട്ടോ, പോലീസ് സ്റ്റേഷൻ അധികൃതരുടെയും കണ്ണുവെട്ടിച്ചു വിമാനത്തിന് അകത്തു കടന്നത് കൊറോണ പ്രതിരോധനത്തിനായി കണ്ണിൽ എണ്ണയൊഴിച്ചു കാത്തുനിന്നവർ എന്തെ കാണാതെ പോയി.
ഇതു തന്നെ അല്ലെ കൊല്ലം സബ് കളക്ടറുടെ കാര്യത്തിലും സംഭവിച്ചത്. ഈ അവസരത്തിൽ ഇതു പറയാമോ എന്ന് ചോദിക്കുന്ന നിഷ്കളങ്കരോട് ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ ഇറ്റലിയുടെ ആവർത്തനം ആണ് സംഭവിക്കുക എന്നാണ് പറയാനുള്ളത്.

സൈബർ പോരാളികൾ
ഇറ്റലിയിൽ ക്രമാതീതമായി രോഗം പടർന്നതിന്റെ മുഖ്യ കാരണങ്ങളിൽ ഒന്ന് ആരോഗ്യ പ്രവർത്തകരെ വേണ്ട രീതിയിൽ സംരക്ഷീക്കാത്ത അധികൃതരുടെ വീഴ്ച മൂലമാണെന്ന് കണ്ടെത്തിയിട്ടുള്ള വിവരം ഓർമ്മിക്കുന്നത് നല്ലതാണ്. ഇത്തരം ചില കാര്യങ്ങൾ ചൂണ്ടി കാണിച്ചതിന് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പി ആർ ഗ്രൂപ്പിലെ സൈബർ പോരാളികൾ എന്നവകാശപ്പെടുന്ന ചിലർ എന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് അതിൽ തെല്ലും ഭയമില്ല.

തെറി അഭിഷേകം
സ്പെഷ്യൽ പി ആർ ഗ്രൂപ്പിലെ പോരാളികളോട് അൽപ്പം കൂടി മാന്യത ഉള്ള വാക്കുകൾ കൊണ്ട് എന്നെ ആക്രമിക്കുവാൻ ഉപേദേശിച്ചിരുന്നെങ്കിൽ നന്നായിരുന്നു. മദ്യപിച്ചു സ്വബോധം നഷ്ട്ടപ്പെടുന്ന തെരുവ് ഗുണ്ട പോലും ഉപയോഗിക്കാൻ അറയ്ക്കുന്ന തെറി അഭിഷേകമാണ് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പി ആർ പോരാളികൾ എന്നവകാശപ്പെടുന്നവർ നടത്തുന്നത്. കുറെ കൂടി മാന്യത ഉള്ളവരായിരിക്കും ഇവർ എന്ന് ഞാൻ കരുതിയത് തെറ്റായി എന്ന് ഇപ്പോൾ ബോധ്യമായി.

മറ്റൊന്നും പ്രതീക്ഷിച്ചു കൂടല്ലോ
പരനാറി, എടാ ഗോപാലകൃഷ്ണ, നികൃഷ്ടജീവി, തുടങ്ങിയ ഭാഷ പ്രയോഗത്തിന്റെ "പൊന്നു തമ്പുരാന്റെ " പോരാളികളിൽ നിന്നും മറ്റൊന്നും പ്രതീക്ഷിച്ചു കൂടല്ലോ.. തൊട്ട് അടുത്ത സംസസ്ഥാനമായ തമിഴ് നാട്ടിൽ എല്ലാ ദിവസവും നടക്കുന്ന വിശകലനത്തിൽ ഹെൽത്ത് സെക്രട്ടറി
ബില രാജേഷ് ഐ എ എസ് ന്റെയും പബ്ലിക് ഹെൽത്ത് ഡയറക്ടർ, പ്രിവന്റീവ് മെഡിസിൻ ഡയറക്ടർ ഡോ കൊളന്തൈ സ്വാമി എന്നിവരുടെ വിശകലനങ്ങളും നിർദേശങ്ങളും വിലയിരുത്തലുകളും കേൾക്കാം.
ഇടയ്ക്കിടെ മെഡിക്കൽ ബുള്ളറ്റിനുകളും ഉണ്ടാകാറുണ്ട്.

തമിഴ്നാട്ടിൽ
7 കോടിയിൽ അതികം ജനങ്ങൾ ഉള്ള തമിഴ്നാട്ടിൽ നിന്നും ആരോഗ്യ വകുപ്പിന്റെ കണ്ണിൽപ്പെടാതെ എയർപോർട്ടിൽ നിന്നും ഒറ്റ കൊറോണ രോഗി പോലും പുറത്ത് പോയിട്ടില്ല എന്നാണ് പ്രശസ്ത പത്ര പ്രവർത്തകൻ ആയ കുമാർ ചെല്ലപ്പൻ ചൂണ്ടികാണിക്കുന്നത്. എന്നാൽ നമ്മുടെ എയർപോർട്ട്കളിൽ നിന്നും ആരോഗ്യ വകുപ്പിന്റെ കണ്ണിൽ പെടാതെ പുറത്ത് പോയ എത്ര സംഭവങ്ങൾ വേണമെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയും.

നിശബ്ദരാക്കിയിരിക്കുന്നു
ഇതും ഇപ്പോൾ പറയുവാൻ പാടില്ലാത്തതു ആകുമോ ആവോ..
ചാട്ടുളി പോലെ ചോദ്യശരങ്ങൾ എറിഞ്ഞിരുന്ന പല മാധ്യമ പ്രവർത്തകരെ എങ്ങനെയോ നിശബ്ദരാക്കിയിരിക്കുന്നു. ചൈനയിലെ വുഹാനിൽ വസ്തുതകൾ റിപ്പോർട് ചെയ്യാൻ പോയ ചില മാധ്യമ പ്രവർത്തകരെ കാണാനില്ലെന്ന വാർത്തയും വരുന്നുണ്ട്. കൊറോണ കാലം യുദ്ധ സമാനമായ സാഹചര്യം ആണെന്നതിൽ യാതൊരു സംശയയവും ഇല്ല..
യുദ്ധം ജയിക്കാൻ പഴുതുകൾ അടച്ചു മുന്നേറേണ്ടതു അനിവാര്യമാണ്...
വാൽക്കഷ്ണം
സ്റ്റാലിന്റെ കാലത്തെ മലങ്കോവിന്റെ ഭാഷയിലെ "നിരുപദ്രവി" ആയി തീരാതിരിക്കാൻ നമുക്ക് ഉണർന്നിരിക്കാം
സ്നേഹപൂർവ്വം
പി ടി തോമസ് എം എൽ എ
കോവിഡ് പ്രതിരോധം; കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശവുമായി രാഹുല്‍ ഗാന്ധി
അഭിമാന നേട്ടം സ്വന്തമാക്കി കേരളം; 93 കാരനായ തോമസും ഭാര്യയും അശുപത്രി വിട്ടു, നഴ്സിനും രോഗം ഭേദമായി