ചിത്രയ്‌ക്കെതിരായ അവഗണന...കേരളം ഒറ്റക്കെട്ടായി പൊരുതും!! അവര്‍ക്ക് വഴങ്ങേണ്ടിവരും!!
ഹൈക്കോടതിയെ സമീപിക്കുമെന്ന് താരത്തിന്‍റെ കോച്ച് അറിയിച്ചു
പാലക്കാട്: ആഗസ്റ്റില്‍ ലണ്ടനില്‍ നടക്കാനിരിക്കുന്ന ലോക അത്‌ലറിക്‌സ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നു മലയാളി താരം പി യു ചിത്രയെ തഴഞ്ഞതിനെതിരേ പ്രതിഷേധം വ്യാപകമാവുന്നു. ടീമില്‍ നിന്നൊഴിവാക്കിയതിനെതിരേ ചിത്ര ഹൈക്കോടതിയെ സമീപിക്കുമെന്ന് താരത്തിന്റെ പരിശീലകനായ ആര്‍എസ് സിജിന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും ചിത്ര തഴയപ്പെട്ടതില്‍ പ്രതിഷേധം രേഖപ്പെടുത്തി. ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനായി കേന്ദ്ര കായിക മന്ത്രാലയത്തിനുമേല്‍ സംസ്ഥാനം സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ഇന്ത്യയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതോടെയാണ് ചിത്രയ്ക്ക് ലോകചാംപ്യന്‍ഷിപ്പിലേക്ക് അവസരം ലഭിച്ചത്.

അന്താരാഷ്ട്ര മികവ് ലര്‍ത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെലക്ഷന്‍ കമ്മിറ്റി ചിത്രയെ ലോക മീറ്റില്‍ നിന്നു ഒഴിവാക്കിയത്. പിടി ഉഷ, ഷൈനി വില്‍സണ്‍, രാധാകൃഷ്ണന്‍ നായര്‍ എന്നിവരക്കം ഏഴു പേർ സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിരുന്നു
ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ 4.17.91 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് ചിത്ര ജേതാവായത്. ലോക മീറ്റിനു യോഗ്യത നേടേണ്ട സമയം 4.07.43 സെക്കന്റായിരുന്നു. യോഗ്യതാ മാര്‍ക്ക് കടന്നില്ലെങ്കിലും ഏഷ്യന്‍ ചാംപ്യനെന്ന നിലയില്‍ ചിത്രയ്ക്ക് ലോക മീറ്റില്‍ മല്‍സരിക്കാമായിരുന്നു.

ചിത്രയുടെ രണ്ടാമത്തെ മാത്രം അന്താരാഷ്ട്ര മല്‍സരമായിരുന്നു ഏഷ്യന്‍ മീറ്റ്. ഇതില്‍ തന്നെ സ്വര്‍ണം നേടി കഴിവ് തെളിയിച്ച താരത്തെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്നാണ് കായിക താരങ്ങളും പരിശീലകരും പറയുന്നത്.
ഏഷ്യന്‍ ജേതാവായ ചിത്രയെ ലോക ചാംപ്യന്‍ഷിപ്പില്‍ നിന്നു തഴഞ്ഞ സെലക്ഷന്‍ കമ്മിറ്റി 1500 മീറ്ററില്‍ ആരെയും മല്‍സരിപ്പിക്കുന്നുമില്ല. തന്നെ തീര്‍ച്ചയായും ലോക മീറ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു ചിത്ര. ഇതിനായി താരം ഊട്ടിയില്‍ പരിശീലനം നടത്തിവരികയായിരുന്നു. തന്നെ ടീമില്‍ നിന്നൊഴിവാക്കിയതില്‍ സങ്കടമുണ്ടെന്ന് ചിത്ര പറഞ്ഞു. തന്നെ തഴയാനുള്ള കാരണം എന്താണെന്ന് അറിയില്ലന്നും താരം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications