നഷ്ടപ്പെട്ട 2.5 ലക്ഷം രൂപ തിരികെ നൽകി പൊതുപ്രവർത്തകൻ
തിരുവനന്തപുരം:ഒരു പൊതുപ്രവര്ത്തകനായാല് ഇങ്ങനെ വേണം.കളഞ്ഞ് കിട്ടിയ രണ്ടരലക്ഷം രൂപ തിരികെ നൽകി മാതൃകയായിരിക്കുകയാണ് സുരേഷ്.
വസ്തു ഇടപാടിലൂടെ ലഭിച്ച അഡ്വാൻസ് തുകയും രേഖകളുമാണ്
ഉടമസ്ഥന് തിരികെ നൽകിയത്. ഇന്നലെ ഉച്ചയ്ക്ക് 1 ഓടെ നെട്ടയം പാപ്പാട് സ്വദേശിയായ ജയസുധന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ട 2.5 ലക്ഷം രൂപയും രേഖകളുമാണ് പുല്ലാന്നിമുക്ക് സ്വദേശിയായ സുരേഷിന് ലഭിച്ചത്. ജയസുധന്റെ വസ്‌തു വിൽപ്പനയുമായി ബന്ധപ്പെട്ട് വെങ്ങാനൂർ പുല്ലാന്നിമുക്കിൽ വെച്ച് മംഗലത്തുകോണം സ്വദേശി ബിജു അഡ്വാൻസായി നൽകിയ പണവും രേഖയുടെ പകർപ്പുകളുമാണ് നഷ്ടപ്പെട്ടത്.

പെരിങ്ങമ്മലയിലേക്കുള്ള യാത്രയ്ക്കിടയ്ക്കാണ് ഫയലിൽ സൂക്ഷിച്ചിരുന്ന പണവും രേഖകളും നഷ്ടമായത്. ഇക്കാര്യം മനസിലാക്കിയ ജയസുധൻ പുല്ലാന്നിമുക്കിൽ മടങ്ങിയെത്തുകയും വിഴിഞ്ഞം പൊലീസിൽ അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെ പുല്ലാന്നിമുക്ക് സ്വദേശിയായ പൊതുപ്രവർത്തകൻ പൊലീസ് സ്റ്റേഷനിൽ പണം എത്തിച്ചതായി വിവരം ലഭിച്ചു. തുടർന്ന് ജയസുധൻ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ എത്തി. എസ്.എെ പി. രതീഷിന്റെ സാന്നിദ്ധ്യത്തിൽ സുരേഷ് പണവും രേഖകളും കൈമാറി. എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു.












Click it and Unblock the Notifications