പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിൽ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
വോട്ടുള്ള മണ്ഡലത്തിനു പുറത്തു ജോലി ചെയ്യുന്ന ജീവനക്കാർക്കും വോട്ടു ചെയ്യാൻ പോകാനായി ശമ്പളത്തോടു കൂടിയ അവധിക്ക് അർഹതയുണ്ട്. താൽക്കാലിക ജീവനക്കാർ ഉള്‍പ്പെടെയുള്ളവർക്കും ശമ്പളത്തോടു കൂടിയ അവധി അനുവദിക്കണമെന്നാണ് ഉത്തരവിലെ നിർദേശം.

ഏപ്രിൽ 9 ന് ഒരു ഘട്ടമായാണ് കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. മെയ് 4 നാണ് വോട്ടെണ്ണൽ. കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നിവിടങ്ങളിലും നിയമസഭ തിരഞ്ഞെടുപ്പ് നടക്കും.
പരിസ്ഥിതി സൗഹാര്‍ദ്ദ തിരഞ്ഞെടുപ്പിനായി 'ഗ്രീന്‍ ബട്ടണ്‍' ക്യാമ്പയിൻ
നിയമസഭാ തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടപ്പിലാക്കുന്നതിയുള്ള 'ഗ്രീന്‍ ബട്ടണ്‍' ക്യാമ്പയിന്റെ ഭാഗമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ ഹാന്‍ഡ്ബുക്ക് പുറത്തിറക്കി. ശുചിത്വമിഷനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസും സംയുക്തമായി തയ്യാറാക്കിയ ഹാന്‍ഡ് ബുക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. ഇതോടൊപ്പം ഹരിതചട്ട പാലനത്തിനുഉള്ള ''ഗ്രീന്‍ ബട്ടണ്‍'' ക്യാമ്പെയ്ന്‍ ലോഗോയും പുറത്തിറക്കി.
ഹാന്‍ഡ്ബുക്കുകള്‍ സംസ്ഥാനത്തെ ജില്ലാ വരണാധികള്‍ക്കും, റിട്ടേണിങ്ങ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍ എന്നിവര്‍ക്ക് ലഭ്യമാക്കും. ഓണ്‍ലൈന്‍ പതിപ്പ് എളുപ്പത്തില്‍ ലഭ്യമാകുന്നതിനുള്ള ക്യൂആര്‍ കോഡും തയ്യാറായി. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കല്‍, പുനരുപയോഗ വസ്തുക്കളുടെ പ്രചാരം വര്‍ദ്ധിപ്പിക്കല്‍, ശാസ്ത്രീയമായ മാലിന്യ നിര്‍മ്മാര്‍ജ്ജനം ഉറപ്പാക്കല്‍ എന്നിവയ്ക്കായുള്ള വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രിന്റിംഗിനായുള്ള ബാനറുകള്‍, പ്രചാരണ സാമഗ്രികള്‍ എന്നിവയില്‍ പിവിസി ഫ്ലക്സ് പോലെയുള്ള നിരോധിത പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഒഴിവാക്കി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമുള്ള പോളി എത്തിലിന്‍ ഷീറ്റുകള്‍, 100% കോട്ടണ്‍ തുണി തുടങ്ങിയവ ഉപയോഗിക്കണം. പ്രചാരണ യോഗങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ആവരണമുള്ള പ്ലേറ്റ്, പേപ്പര്‍ കപ്പ് തുടങ്ങിയവയും ഒഴിവാക്കണം.
''ഗ്രീന്‍ ബട്ടണ്‍'' ക്യാമ്പെയ്ന്‍ മുഖേന വോട്ടര്‍മാരിലും രാഷ്ട്രീയ പാര്‍ട്ടികളിലും ഹരിത ബോധവല്‍ക്കരണം ശക്തിപ്പെടുത്തുകയും അതുവഴി കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ രാജ്യത്തിനാകെ മാതൃകയായ പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് ആക്കി മാറ്റുകയുമാണ് ലക്ഷ്യം.












Click it and Unblock the Notifications