'കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം', പുലിക്കളി വിവാദത്തിൽ മാപ്പ് പറഞ്ഞ് വികെ ശ്രീരാമൻ
പുലിക്കളിക്കെതിരായ പരാമർശം വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് നടനും സാംസ്ക്കാരിക പ്രവർത്തകനുമായ വികെ ശ്രീരാമൻ. കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം എന്നാണ് പുലിക്കളിയെ കുറിച്ച് വികെ ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചത്.
വികെ ശ്രീരാമന്റെ പോസ്റ്റ് ഇങ്ങനെ: ''പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്. ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല.
ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്‌ത്രത്തിൽ 'ശാർദൂലവിക്രീഡിതം ' എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ്. സുബ്രൻസാമി പറയുന്നത്.
അതാണൊരാശ്വാസം''.

ഈ പോസ്റ്റ് വൈറലായതോടെ വലിയ വിമർശനമാണ് വികെ ശ്രീരാമന് നേരെ ഉയർന്നത്. പൂര പ്രേമികളും പുലിക്കളി സംഘങ്ങളും അടക്കം വികെ ശ്രീരാമന് എതിരെ രംഗത്ത് വന്നു. പുലിക്കളിയെ അധിക്ഷേപിക്കുന്ന പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് കടക്കുമെന്നും പുലിക്കളി സംഘങ്ങൾ വ്യക്തമാക്കി. പുലിക്കളിയെ അധിക്ഷേപിക്കുക മാത്രമല്ല ബോഡി ഷെയിംമിഗ് കൂടിയാണ് വികെ ശ്രീരാമൻ നടത്തിയത് എന്നും ആക്ഷേപം ഉയർന്നു. ഇതിന് പിന്നാലെ വിവാദമായ പോസ്റ്റ് പിൻവലിച്ച് വികെ ശ്രീരാമൻ ഖേദപ്രകടനം നടത്തി.
''പുലികളിയെ സംബന്ധിച്ചുള്ള എൻ്റെ പോസ്റ്റിനു പിന്നാലെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള പലതരത്തിലുള്ള അഭിപ്രായങ്ങളും പതിവുപോലെ തെറി വിളികളുമുണ്ടായി. അതിൽ ശ്രദ്ധേയമായി തോന്നിയ ഒരു അഭിപ്രായം ഇതാണ്.
'തൃശൂരിലെ പുലിക്കളി യഥാർത്ഥത്തിൽ ഒരു സിങ്കിൾ തീം കാർണിവെൽ ആണ്. കാസർകോടൻ പുലിക്കളി ഒരു മാർഷൽ ആർട്ട് ഫോം ആണ്. കായികത (ആയോധന കല) കലർന്ന കലാരൂപം. പരിശീലനവും മെയ് വഴക്കവും വേണ്ടത്. കാർണിവെല്ലിന് അതൊന്നും ആവശ്യമില്ല. പ്രത്യക്ഷം സ്പെക്ടക്കിൾ സൃഷ്‌ടിക്കുക എന്നതാണ് പ്രധാനം.'
ഈ അഭിപ്രായം ശരിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു, അതിനാൽ എൻ്റെ അഭിപ്രായപ്രകടനം പക്വത ഉള്ളതായില്ല എന്നും. ഈ നൃത്ത കലാരൂപത്തെ കുറെക്കൂടി മനോഹരമാക്കാനുള്ള ശ്രമങ്ങൾ കലാകാരന്മാരുടെയും സംഘാടകരുടെയും ഭാഗത്തു നിന്നു ഉണ്ടാവട്ടെ എന്നാണെൻ്റെ ആശംസ. പുലിക്കളി കലാകാരന്മാർക്കും അതിനോടു ബന്ധപ്പെട്ടവർക്കും എൻ്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം ഉണ്ടാക്കിയെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിലുള്ള ഖേദം ഞാൻ രേഖപ്പെടുത്തുന്നു'.



Click it and Unblock the Notifications