പള്‍സര്‍ സുനിക്ക് വിദേശ ബന്ധം: മനുഷ്യക്കടത്തിലെ മുഖ്യകണ്ണി, കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍!!
ഇയാളുടെ വിദേശ ബന്ധം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ തൃക്കാക്കര എംഎല്‍എ പിടി തോമസ് വെളിപ്പെടുത്തി. പള്‍സര്‍ സുനി വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചിരുന്നു.
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് വിദേശ ബന്ധം. ഇയാളുടെ വിദേശ ബന്ധം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ തൃക്കാക്കര എംഎല്‍എ പിടി തോമസ് വെളിപ്പെടുത്തി.
പള്‍സര്‍ സുനി വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചിരുന്നു. ഇതുപയോഗിച്ച് നിരവധി തവണ വിദേശ യാത്രയും നടത്തിയിട്ടുണ്ട്. മനുഷ്യക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാണ് സുനിയെന്നും പിടി തോമസ് പറഞ്ഞു. നടിയെ തട്ടിക്കൊണ്ടുപോവുന്ന ദൃശ്യങ്ങളടങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് കിട്ടിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഈ വിവരം പുറത്തുവരുന്നത്.

വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചാണ് വിദേശത്ത് പോയതെന്ന് ഏറെ വിശ്വാസമുള്ള വ്യക്തിയാണ് വിവരം നല്‍കിയതെന്ന് പിടി തോമസ് പറയുന്നു. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എംഎല്‍എ കത്തു നല്‍കിയിട്ടുണ്ട്. വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം.

പള്‍സര്‍ സുനി മനുഷ്യക്കടത്തിന് ആരെയൊക്കെ ഉപയോഗിച്ചിരുന്നു എന്ന കാര്യം കണ്ടെത്തുകയാണ് വേണ്ടതെന്ന് പിടിതോമസ് പറഞ്ഞു. വ്യാജ പാസ്‌പോര്‍ട്ട് എങ്ങനെ സംഘടിപ്പിച്ചുവെന്നതും അറിയണം. അതിന് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നോ എന്നും അറിയേണ്ടതുണ്ട്.

പഴുതടച്ച അന്വേഷണം നടത്തിയാല്‍ നടിയെ തട്ടിക്കൊണ്ടു പോയ കേസിന് ബലമേകുന്ന വിവരങ്ങള്‍ ലഭിക്കുമെന്നാണ് എംഎല്‍എ പറയുന്നത്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ശക്തമായ തെളിവുകള്‍ ലഭിക്കാതെ പോലിസ് വലയുമ്പോഴാണ് പുതിയ വിവരം പുറത്തുവന്നിരിക്കുന്നത്.

മുമ്പ് സിനിമയില്‍ എത്തിയ പലരും മേഖല വിട്ടിരുന്നു. കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ച ശേഷമാണ് ഈ നടികളുടെ പിന്‍വാങ്ങലുണ്ടായത്. അവര്‍ ആരെങ്കിലും ഈ മനുഷ്യക്കടത്തില്‍ അകപ്പെട്ടിരുന്നോ എന്ന കാര്യം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പിടി തോമസ് ആവശ്യപ്പെട്ടിട്ടുണ്ട്.

പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ എംഎല്‍എയുടെ കൈവശമുണ്ടെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം ബാക്കി കാര്യങ്ങള്‍ പുറത്തുവിടുമെന്നാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക തെളിവാകുമെന്ന് കരുതുന്ന പെന്‍ഡ്രൈവും മെമ്മറി കാര്‍ഡും സിം കാര്‍ഡും പോലിസ് കണ്ടെടുത്തിരുന്നു. പള്‍സര്‍ സുനിയുടെ കൂട്ടുകാരന്‍ ആലപ്പുഴ അമ്പലപ്പുഴ കക്കാഴം സ്വദേശി മനുവിന്റെ വീട്ടില്‍ നിന്നാണ് ഇവ പോലിസ് പിടിച്ചെടുത്തത്. എന്നാല്‍ ഇതില്‍ തന്നെയാണോ നടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

കൂടാതെ നടിയെ തട്ടിക്കൊണ്ടുപോവുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. ഹൈവേയില്‍ ഘടിപ്പിച്ചതും റോഡിനരികിലെ കടകളിലുള്ളതുമായ സിസിടിവി കാമറകളില്‍ പതിച്ച ദൃശ്യങ്ങളാണ് കിട്ടിയത്. ഇത് പോലിസ് അന്വേഷണത്തിന് കൂടുതല്‍ കരുത്ത് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട തൊട്ടടുത്ത ദിവസം രാവിലെ സുനി മനുവിന്റെ വീട്ടിലെത്തിയിരുന്നു. ഇക്കാര്യം മനുവിന്റെ അമ്മയും സഹോദരിയും പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഫോണില്‍ നിന്ന് സിം കാര്‍ഡും മെമ്മറി കാര്‍ഡും എടുക്കുന്നതിന് സഹോദരിയോട് സേഫ്റ്റി പിന്‍ സുനി ആവശ്യപ്പെട്ടെന്നും പോലിസിന് വിവരം ലഭിച്ചു.

എന്നാല്‍ മനുവിന്റെ വീട്ടില്‍ വച്ച് ഇവര്‍ക്ക് ഫോണ്‍ തുറക്കാനായില്ല. മനുവിനെ കൂട്ടി പുറത്തേക്ക് പോയ ശേഷം ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് തിരിച്ചുവന്നത്. ഈ സമയം ഫോണ്‍ തുറന്ന് സിം കാര്‍ഡും മെമ്മറിയും പുറത്തെടുത്തിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. മനുവിനോട് സുനി പണം കടം ചോദിച്ചെങ്കിലും കൊടുത്തിരുന്നില്ലെന്നാണ് മൊഴി. ടിവിയില്‍ ചിത്രം വരാന്‍ തുടങ്ങിയതോടെ മനുവിന്റെ വീട്ടില്‍ നിന്നു സുനി പോവുകയായിരുന്നു.

വിശദമായ പരിശോധനയ്ക്ക് ശേഷമേ മനുവിന്റെ വീട്ടില്‍ നിന്നു കിട്ടിയ മെമ്മറി കാര്‍ഡില്‍ തന്നെയാണോ നടിയുടെ ദൃശ്യങ്ങളുള്ളതെന്ന് ഉറപ്പിക്കാനാവു. കഴിഞ്ഞ ദിവസം അഭിഭാഷകന്റെ കൈയില്‍ നിന്ന് കിട്ടിയ മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സംഭവത്തിന് ശേഷം പ്രതി പോയത് ആലപ്പുഴയിലേക്കാണ്. അവിടെ നിന്നു തിരിച്ച് കൊച്ചയിലെത്തി ശേഷമാണ് കോയമ്പത്തൂരിലേക്കു പോയത്. കോയമ്പത്തൂരിലേക്ക് പോവുന്നതിന് തൊട്ടു മുമ്പ് പുതിയ മൊബൈല്‍ ഫോണ്‍ കളമശേരിയിലെ കടയില്‍ നിന്നാണ് വാങ്ങിയിരുന്നു.

ഫോണിന്റെയും ഗൂഢാലോചനയുടെയും കാര്യത്തില്‍ സുനി ഇടക്കിടെ മൊഴി മാറ്റി പറയുന്നത് പോലിസിനെ കുഴക്കുന്നുണ്ട്. തുടര്‍ന്നാണ് സുനി ഒളിവില്‍ കഴിയവെ പോയെന്ന് പറയുന്ന എല്ലാ പ്രദേശങ്ങൡലും പോലിസ് തെളിവെടുപ്പിനെത്തുന്നത്. എന്നാല്‍ വാഗമണില്‍ നിന്നു കാര്യമായ തുമ്പൊന്നും പോലിസിന് ലഭിച്ചിട്ടില്ല.

നടിയെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പോലിസ് കരുതുന്നത്. എന്നാല്‍ കാറില്‍ വച്ച് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയും അതില്‍ ദൃശ്യങ്ങള്‍ ഉണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്താലേ പോലിസിന്റെ വാദം ശരിയാവൂ. ഫോണ്‍ കണ്ടെടുക്കാനായില്ലെങ്കില്‍ എല്ലാം പാളും. നടിയുടെ ഫോട്ടോകളും വീഡിയോകളുമെടുത്തിട്ടുണ്ടെന്നാണ് നേരത്തെ അറസ്റ്റിലായ മണികണ്ഠന്‍ പറഞ്ഞിരിക്കുന്നത്. നടിയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.












Click it and Unblock the Notifications