പൾസർ സുനിയുടെ കറക്കം 30 ലക്ഷത്തിന്റെ കിയയിലും 20 ലക്ഷത്തിന്റെ ഥാറിലും; ആരാണ് പിന്നിൽ?
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് അന്വേഷണം തുടങ്ങി സ്പെഷ്യൽ ബ്രാഞ്ച്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത് മുതൽ ആഢംബര വാഹനങ്ങളിലാണ് സുനിയുടെ സഞ്ചാരം. കാൽക്കോടിയോളം വിലയുള്ള വാഹനങ്ങളിലാണ് വിചാരണക്കായി സുനി കോടതിയിലെത്തുന്നത്. വെറുമൊരു ഡ്രൈവർ മാത്രമായിരുന്ന സുനിക്ക് ഇത്രയും വിലയുള്ള വാഹനങ്ങൾ എവിടെ നിന്ന് ലഭിക്കുന്നുവെന്നതാണ് പോലീസ് അന്വേഷിക്കുന്നത്.
ഇക്കഴിഞ്ഞ സപ്റ്റംബർ 20 നായിരുന്നു സുനി ജാമ്യം നേടി പുറത്തിറങ്ങിയത്. കർശന വ്യവസ്ഥകളോടെയായിരുന്ന ജാമ്യം അനുവദിച്ചിരുന്നത്. 10 തവണയോളം ഹൈക്കോടതിയിലും പിന്നീട് നാല് തവണ സുപ്രീം കോടതിയിലും പോയാണ് ഒടുവിൽ സുനി ജാമ്യം നേടിയെടുത്തത്. സിനിമ താരങ്ങളുടെ ഡ്രൈവർ ആയി ജോലി ചെയ്തിരുന്നയാളാണ് സുനി. സാമ്പത്തികമായി വളരെ താഴ്ന്ന ചുറ്റുപാടിൽ ഉള്ളതാണ് സുനിയുടെ കുടുംബം. നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായതിന് പിന്നാലെ തന്റെ കൈയ്യിൽ പൈസയില്ലെന്ന് വ്യക്തമാക്കി പൾസർ സുനി എഴുതിയതായി പറയപ്പെടുന്ന കത്തടക്കം നേരത്തേ പുറത്ത് വന്നിരുന്നു.

ഇത്രയൊക്കെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ സഹായത്തോടെ ആയിരുന്നില്ല ജാമ്യം തേടി സുനി മേൽക്കോടതികളെ സമീപിച്ചിരുന്നു. മാത്രമല്ല ഒറ്റ സിറ്റിംഗിൽ ലക്ഷങ്ങൾ ഫീസായി വാങ്ങിയിരുന്ന പ്രമുഖരായ അഭിഭാഷകരായിരുന്നു സുനിക്ക് വേണ്ടി സുപ്രീം കോടതിയിൽ അടക്കം ഹാജയരായത്. ജയിലിൽ 63 രൂപ കൂലിക്ക് പണിയെടുക്കുന്ന സുനിക്ക് ഇത്രയും തുക എവിടെ നിന്ന് ലഭിക്കുന്നുവെന്ന സശയം നേരത്തേ ഹൈക്കോടതി ഉന്നയിച്ചിരുന്നു. സുനിയുടെ സാമ്പത്തിക സ്രോതസിൽ സംശയം ഉണ്ടെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്.
ജാമ്യം അനുവദിച്ച വേളയിൽ രണ്ട് ലക്ഷം രൂപ കെട്ടിവെയ്ക്കാൻ വിചാരണ കോടതി ഉത്തരവിട്ടിരുന്നു. ഈ തുകയും യാതൊരു പരാതിയുമില്ലാതെ കെട്ടിവെച്ചാണ് സുനി പുറത്തിറങ്ങിയത്. ഇപ്പോഴിതാ ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ആഡംബരത്തിൽ ജീവിക്കുകയാണ് സുനി. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽ രണ്ടാം ഘട്ട വിചാരണയ്ക്ക് സുനി കോടതിയിലെത്തിയത് 30 ലക്ഷത്തോളം വില വരുന്ന കിയ കാർണിവൽ എന്ന ആഡംബര വാഹനത്തിലായിരുന്നു. രണ്ടാം ദിവസം എത്തിയത് 20 ലക്ഷം വില വരുന്ന ഥാർ ജീപ്പിലും. ഈ ജീപ്പ് കുട്ടനാടുള്ള കുഞ്ഞുമോൾ എന്നയാളുടെ പേരിലുള്ളതാണ്.
അതേസമയം സുനിയുടെ പോക്കുവരവുകൾ സ്പേഷ്യൽ ബ്രാഞ്ച് സംഘം നിരീക്ഷിക്കുന്നുണ്ട്. സുനിയുടെ വീടും പോലീസ് നിരീക്ഷണത്തിലാണ്. ജയിലിൽ നിന്നും ഇറങ്ങിയാൽ ഒരു ഫോൺ മാത്രമേ ഉപയോഗിക്കാവൂ എന്നായിരന്നു സുനിക്ക് കോടതി നൽകിയ നിർദ്ദേശം. സുനി തന്റെ നമ്പറുകളിൽ നിന്ന് നിരവധി പേരെ ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം.
അതേസമയം ജയിലിൽ നിന്നും പുറത്തിറങ്ങിയ സുനിയുടെ ജീവിത രീതികൾ സുനിക്ക് പിന്നിൽ ഏതൊക്കെയോ വമ്പൻമാർ ഉണ്ടെന്ന സംശയമാണ് ബലപ്പെടുത്തുന്നത്. കേസിലെ ആകെയുള്ള 8 പ്രതികളിൽ 7 പേരും സാമ്പത്തികമായി ഉയർന്ന പശ്ചാത്തലം ഉള്ളവരല്ല. എട്ടാം പ്രതി കോടികൾ ആസ്തിയുള്ള നടൻ ദിലീപാണ്. സുനിക്ക് പിന്നിൽ ദിലീപാണെന്ന ആരോപണമാണ് അതിജീവിതയെ പിന്തുണയ്ക്കുന്നവർ ആരോപിക്കുന്നത്. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ സുനിയുടെ സാമ്പത്തിക ഉറവിടം എന്താണെന്ന് കണ്ടെത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.












Click it and Unblock the Notifications