മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മന:പൂര്‍വം കാറിലിടിപ്പിച്ചു; പരാതിയുമായി കൃഷ്ണ കുമാര്‍
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി പോയ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന പൊലീസ് വാന്‍ മനഃപൂര്‍വം തന്റെ കാറില്‍ ഇടിപ്പിച്ചെന്ന പരാതിയുമായി ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗവും നടനുമായ കൃഷ്ണ കുമാര്‍. പൊലീസ് വാനിലുണ്ടായിരുന്നവര്‍ തന്നെ അസഭ്യം വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.
ഇത് സംബന്ധിച്ച പരാതി പൊലീസിന് കൃഷ്ണ കുമാര്‍ നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ പന്തളത്ത് വെച്ചായിരുന്നു പരാതിക്കാസ്പദമായ സംഭവം. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഏറ്റവും പിന്നിലായുണ്ടായിരുന്ന പൊലീസിന്റെ സ്‌ട്രൈക്കര്‍ ഫോഴ്‌സിന്റെ വാഹനം തന്റെ കാറില്‍ ഇടിപ്പിച്ചു എന്നാണ് കൃഷ്ണകുമാറിന്റെ പരാതി.

കാറില്‍ വാന്‍ ഇടിപ്പിച്ച ആഘാതത്തില്‍ കാര്‍ ഒരുവശത്തേക്ക് മാറിപ്പോവുകയും ചെയ്തു എന്ന് കൃഷ്ണകുമാര്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് കാറിന് കേടുപാടുകളുണ്ടായിട്ടുണ്ട്. അപകടകരമായി വാഹനമോടിച്ചതിനും മോശമായി പെരുമാറിയതിനും വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് എതിരെ കേസെടുക്കണം എന്നാണ് കൃഷ്ണ കുമാറിന്റെ ആവശ്യം. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് പന്തളം സി ഐയ്ക്ക് കൃഷ്ണ കുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.
പുതുപ്പള്ളിയിലില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന്റെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെയായിരുന്നു സംഭവം. 2014 ന് ശേഷം സംസ്ഥാനത്ത് ബി ജെ പിയിലേക്ക് എത്തിയ പ്രമുഖ സിനിമാതാരങ്ങളില്‍ ഒരാളാണ് കൃഷ്ണകുമാര്‍. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് കൃഷ്ണ കുമാര്‍ മത്സരിച്ചിരുന്നു. മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിക്കാന്‍ കൃഷ്ണ കുമാറിന് സാഝിച്ചിരുന്നു.
34996 വോട്ട് നേടിയ കൃഷ്ണ കുമാര്‍ 27.89 ശതമാനം വോട്ട് വിഹിതമാണ് നേടിയത്. അതിനിടെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് കൃഷ്ണകുമാര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാനാണ് താത്പര്യമെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മത്സരിക്കാന്‍ അവസരം ലഭിച്ചാല്‍ തിരുവനന്തപുരമാണ് തിരഞ്ഞെടുക്കുക എന്നും തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്നയാളാണ് താന്‍ എന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിച്ചയാളെന്ന നിലയില്‍ ജനങ്ങളുടെ നല്ലൊരു അംഗീകാരം ലഭിച്ചിട്ടുണ്ട് എന്നും ഇത്തവണ ബി ജെ പിക്ക് കേരളത്തില്‍ സാധ്യതയുണ്ടെന്നും കൃഷ്ണകുമാര്‍ അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications