'ഈ ഒരു കാര്യത്തിലെങ്കിലും യുഡിഎഫ് നേതാക്കള്‍ക്ക് മറുപടിയുണ്ടോ'?: ജെയ്ക്ക് സി തോമസ്
കോട്ടയം: പുതുപ്പള്ളിയിലെ റോഡ് വികസനത്തില്‍ യു ഡി എഫ് നേതാക്കളോട് ചോദ്യവുമായി എല്‍ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക്കി സി തോമസ്. കോട്ടയം ടൗണിൽ പോലുമില്ലാത്ത ഗതാഗതക്കുരുക്ക് പലപ്പോഴും പുതുപ്പള്ളിയിലെ പല സ്ഥലങ്ങളിലും കാണാമെന്ന് വ്യക്തമാക്കുന്ന അദ്ദേഹം വികസനം നടത്തി എന്ന പൊള്ളയായ അവകാശവാദം ഉന്നയിക്കുന്ന യുഡിഎഫ് നേതാക്കൾക്ക് ആർക്കെങ്കിലും ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകാമോയെന്നും ചോദിക്കുന്നു.
ജെയ്ക്ക് സി തോമസിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഏതൊരു നാടിന്റെയും അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളിൽ പ്രധാനപ്പെട്ടതാണല്ലോ ആ നാട്ടിലെ റോഡുകൾ. പുതുപ്പള്ളി മണ്ഡലത്തിലെ പ്രധാന ടൗണുകളായ പുതുപ്പള്ളി, മണർകാട്, അയർക്കുന്നം, ഞാലിയാകുഴി എന്നിവടങ്ങളിലൂടെ സഞ്ചരിച്ചാൽ മതിയാകും ഗതാഗതസാകര്യം എത്രയോ പരിതാപകരമാണെന്നു ബോധ്യപ്പെടാൻ. ഈ കവലകളിലെ ബ്ലോക്കിൽ പെടാത്ത ഒരാൾ പോലും ഈ മണ്ഡലത്തിൽ കാണില്ല.

കോട്ടയം ടൗണിൽ പോലുമില്ലാത്ത ഗതാഗതക്കുരുക്ക് പലപ്പോഴും പുതുപ്പള്ളിയിലെ പല സ്ഥലങ്ങളിലും കാണാം. നമ്മുടെ സമീപ മണ്ഡലങ്ങളിൽ ഒരിടത്തു പോലും ഈ ദുരവസ്ഥയില്ല. വികസനം നടത്തി എന്ന പൊള്ളയായ അവകാശവാദം ഉന്നയിക്കുന്ന യുഡിഎഫ് നേതാക്കൾക്ക് ആർക്കെങ്കിലും ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകാൻ സാധിക്കുമോ ?
40000 കോടി രൂപയുടെ റോഡുകളാണ് കേരളത്തിൽ കിഫ്‌ബി വഴി ഇടതുമുന്നണി സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. എന്നാൽ കേവലം രണ്ടു റോഡുകൾ മാത്രമാണ് കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി പുതുപ്പള്ളി മണ്ഡലത്തിൽ നടപ്പിലാക്കാനായി മുൻ എംഎൽഎ തീരുമാനിച്ചത്. അതും റോഡിന്റെ ഭൂരിഭാഗവും കോട്ടയം മണ്ഡലത്തിൽ വരുന്ന രീതിയിലും. നമ്മുടെ മണ്ഡലത്തിലെ ഗതാഗതസൗകര്യം പതിന്മടങ്ങ് വർധിപ്പിക്കുമായിരുന്ന അയർക്കുന്നം ബൈപാസ് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയത് എന്തു കൊണ്ടാണ് ? ഉത്തരം പറയേണ്ടത് യുഡിഎഫ് അല്ലേ ?
ആശുപത്രിയിലേക്കും സ്‌കൂളുകളിലേക്കും തുടങ്ങി എന്ത് കാര്യത്തിനാണേലും പുതുപ്പള്ളി മണ്ഡലത്തിലൂടെ യാത്ര ചെയ്യുന്ന നാം ഓരോരുത്തരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ശാശ്വതമായ ഒരു പരിഹാരം അനിവാര്യമാണ്. എന്നാൽ ഇത്രയും കാലം തുടർച്ചയായി നമ്മൾ തിരഞ്ഞെടുത്തവർക്ക് മണ്ഡലത്തിന്റെ ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾക്കുള്ള പരിഹാരം പോലും കാണാൻ കഴിഞ്ഞിട്ടില്ല.
ദീർഘവീക്ഷണത്തോടെ നാടിന്റെ വികസനപ്രവർത്തനങ്ങളിൽ അവർ ഇടപെടാത്തതിന്റെ ദുരന്തം അനുഭവിക്കുന്നത് നാട്ടിലെ സാധാരണ മനുഷ്യരാണ്. എന്നാൽ ഇക്കാലമത്രയും ഇതിനൊരു പരിഹാരം കണ്ടെത്താൻ ഒരു ശ്രമവുമുണ്ടായിട്ടില്ല. പുതുപ്പള്ളിയുടെ വികസനമില്ലായ്മയ്ക്ക് ശാപമോക്ഷം വേണം. പുതുപ്പള്ളിയും മാറണം. അതിനായി നമുക്ക് ഒന്നിച്ചു നിൽക്കാം.












Click it and Unblock the Notifications