പുതുപ്പള്ളിയെക്കുറിച്ച് ചോദിച്ചാല്‍ കോണ്‍ഗ്രസ് പറയുന്നത് എറണാകുളത്തെക്കുറിച്ച്: തോമസ് ഐസക്
തിരുവനന്തപുരം: പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനും കെസി വേണുഗോപാലിനുമെതിരെ പരിഹാസവുമായി സിപിഎം നേതാവ് തോമസ് ഐസക്. പുതുപ്പള്ളിയിൽ മണ്ഡലത്തിന്റെ വികസനം ചർച്ച ചെയ്യാനായി ഇടതുമുന്നണി സ്ഥാനാർഥി യുഡിഎഫ് സ്ഥാനാർത്ഥിയെ ക്ഷണിച്ചുവെങ്കിലും യുഡിഎഫ് അതിനെ പരിഹസിക്കുകയും ഒഴിഞ്ഞു മാറുകയുമായിരുന്നുവെന്നും തോമസ് ഐസക് പറയുന്നു.
ഒടുവിൽ വികസനം ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ.സി. വേണുഗോപാൽ തന്നെ വന്നതിൽ ഏറെ സന്തോഷം തോന്നുന്നു. ജനാധിപത്യ സംവാദങ്ങളുടെ പ്രാധാന്യം കേരളത്തിലെ യുഡിഎഫ് നേതാക്കൾക്ക് ഇനിയെങ്കിലും ബോധ്യമാകുമെന്നു കരുതാം. പുതുപ്പള്ളിയിലെ വികസനത്തെക്കുറിച്ചു ചർച്ച ചെയ്യാൻ വന്ന കെ.സി. വേണുഗോപാലിന് എറണാകുളം ജില്ലയിലെ കാര്യങ്ങൾ പറഞ്ഞു പോകേണ്ടി വന്നതു തന്നെ പുതുപ്പള്ളിയിലെ വികസനമുരടിപ്പ് അദ്ദേഹത്തിനും ബോധ്യമുള്ള കാര്യമാണ് എന്ന് വ്യക്തമാണ്.

നെടുമ്പാശേരി എയർപോർട്ടുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ സൈബർ വിഭാഗം കാലങ്ങളായി പ്രചരിപ്പിക്കുന്ന നുണയാണ് ഒരു ദേശീയനേതാവ് ഏറ്റുപിടിച്ചിരിക്കുന്നത്. നെടുമ്പാശ്ശേരി എയർപോർട്ട് നിർമാണത്തിന് ഇടതുപക്ഷം എതിരായിരുന്നുവെന്നൊക്കെ പ്രചരിപ്പിക്കും മുൻപ് അക്കാലത്തെ നിയമസഭാ രേഖകളെങ്കിലും കെ.സി. വേണുഗോപാൽ പരിശോധിക്കേണ്ടതായിരുന്നുവെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.
1999 മെയ് 25-ന് ഉദ്ഘാടനം ചെയ്യപ്പെട്ട കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിന്റെ നിർമാണ ആലോചനകൾക്ക് തുടക്കമാകുന്നത് 1993-ലാണ്. 1991-1996 കാലയളവിൽ നെടുമ്പാശ്ശേരി ഉൾപ്പെടുന്ന വടക്കേക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് ഇടതുപക്ഷമായിരുന്നു, മുൻമന്ത്രി എസ്. ശർമയായിരുന്നു അവിടെ നിന്നുള്ള എംഎൽഎ. എയർപോർട്ട് നിർമാണവുമായി ബന്ധപ്പെട്ടു എംഎൽഎ എന്ന നിലയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ നിയമസഭാ രേഖകളിലുണ്ട്. രണ്ടു പ്രധാനപ്പെട്ട സബ്മിഷനുകളാണ് അദ്ദേഹം അതുമായി ബന്ധപ്പെട്ട് സഭയിൽ കൊണ്ടുവന്നത്. ഒന്ന് 1993 ജൂൺ 26-നും മറ്റൊന്ന് 1996 മാർച്ച് 13-നും. രണ്ടിന്റെയും കോപ്പികൾ കമന്റിലുണ്ട്.
ഒന്നാമത്തെ സബ്മിഷനിൽ എയർപോർട്ട് വരുന്നതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതോടൊപ്പം ഭൂമി വിട്ടുനൽകുന്നവരെ വിശ്വാസത്തിലെടുത്ത് എയർപോർട്ട് നിർമാണപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണമെന്നാണ് പറഞ്ഞത്. രണ്ടാമത്തെ സബ്മിഷൻ വരുന്നത് സ്ഥലമെടുപ്പ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിലാണ്. അപ്പോഴും ഭൂമിവിട്ടുനല്കിയവർക്ക് മതിയായി വിലനൽകി എയർപോർട്ട് നിർമാണം മുന്നോട്ട് പോകണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമല്ല. ഇടതുമുന്നണിയിലെ എംഎൽഎമാർ സഭയിൽ ഉന്നയിക്കുന്നത് ഇടതുമുന്നണിയുടെ പൊതുവായ അഭിപ്രായത്തിന്റെ ഭാഗമായുണ്ടാകുന്ന ഒന്നാണെന്ന് പറയേണ്ടതില്ലല്ലോ.
നിയമസഭാരേഖകളുള്ള വിഷയങ്ങളിൽ പോലും നുണപ്രചരിപ്പിച്ചു അപഹാസ്യമാകാൻ വേണുഗോപാലിനെപ്പോലുള്ളവർ തയ്യാറാകരുതെന്നാണ് വിനയത്തോടെയുള്ള അഭ്യർത്ഥന. രണ്ട് ചോദ്യങ്ങൾ. ഒന്ന്, ശ്രീ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കേരളത്തിലെ ദേശീയപാത നിർമ്മാണം ഭൂമി ഏറ്റെടുക്കാൻ കഴിയാതെ കേന്ദ്രസർക്കാർ ഉപേക്ഷിച്ചില്ലേ? ഇപ്പോൾ എങ്ങനെയാണ് യുദ്ധാകാലാടിസ്ഥാനത്തിൽ ദേശീയപാത നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നത്? രണ്ട്, കൂടംകുളത്തുനിന്നു പുതുപ്പള്ളി വഴിയുള്ള പവർ ഹൈവേ നിർമ്മാണം ശ്രീ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മുടങ്ങിക്കിടക്കുയായിരുന്നില്ലേ? ഇപ്പോൾ അത് എങ്ങനെ പൂർത്തിയായെന്നും സിപിഎം നേതാവ് ചോദിക്കുന്നു.
എന്തായാലും വികസനം ചർച്ചചെയ്യാൻ തുടങ്ങിയ സ്ഥിതിക്ക് നമുക്ക് പുതുപ്പള്ളിയിലെ വികസനത്തെക്കുറിച്ചു കൂടി ചർച്ചചെയ്യാം. കെ.സി. വേണുഗോപാൽ എറണാകുളവും കൊല്ലവുമൊക്കെവിട്ട് പുതുപ്പള്ളിയിലേക്ക് തന്നെ ചർച്ചയെകൊണ്ടുവരും എന്ന് പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, ക്ഷേമപെൻഷൻ എന്നീ മേഖലകളിൽ ശ്രീ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേക്കാൾ കേരളത്തിലെ മറ്റു പ്രദേശങ്ങളെപ്പോലെ തന്നെ എത്രയോ വലിയ കുതിച്ചു ചാട്ടമാണ് ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുള്ളതെന്ന് ഞാൻ നേരത്തെ എഴുതിയിരുന്നു.
ആ ചർച്ചയിലേക്ക് വരാനാണ് ജയ്ക്ക് എതിർസ്ഥാനാർഥിയോട് അഭ്യർത്ഥിച്ചത്. നിർഭാഗ്യവശാൽ അദ്ദേഹമോ അദ്ദേഹത്തിന്റെ മുന്നണി നേതാക്കളോ അതിനു തയ്യാറായില്ല എന്നു മാത്രമല്ല, രമേശ് ചെന്നിത്തല അത് ഇടതുപക്ഷത്തിന്റെ ഒരു ട്രാപ്പ് ആണെന്നുപോലും പറഞ്ഞു. ഒരു നാടിന്റെ വികസനവിഷയങ്ങൾ ചർച്ച ചെയ്യുന്നത് എങ്ങനെയാണ് ട്രാപ്പ് ആകുന്നതെന്നു മനസിലാകുന്നില്ല. നാലാംകിടക്കാരോട് സംവാദത്തിനില്ല എന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അതും അത്ഭുതകരമായിരുന്നു. അവരുടെ ഈ വിഷയത്തിലുള്ള അരക്ഷിതാവസ്ഥ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
ഏതായാലും നാലാംകിടക്കാരോട് സംവാദത്തിന് കെസി വേണുഗോപാൽ വന്നതിൽ സന്തോഷമുണ്ടെന്നും തോമസ് ഐസക് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications