ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 50000 കടക്കും: പിണറായി വിജയന് എത്ര ബിസിനസ് ഉണ്ടെന്നും ഷമ മുഹമ്മദ്
കോട്ടയം: പുതുപ്പള്ളിയിലെ പരാജയ ഭീതിയില്‍ നിന്നാണ് സി പി എം അണികള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിനെതിരെ അധിക്ഷേപ പ്രചരണങ്ങള്‍ അഴിച്ചുവിടുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. പുതുപ്പള്ളിയില്‍ എല്ലായിടത്തും നിറഞ്ഞ് നില്‍ക്കുന്നത് ചാണ്ടി ഉമ്മനാണ്. എന്റെ മനസ്സില്‍ ഇന്നും ഉമ്മന്‍ചാണ്ടിയുണ്ട്, അദ്ദേഹത്തെപ്പോലെ തന്നെയാണ് ഞാന്‍ ചാണ്ടി ഉമ്മനേയും കാണുന്നതെന്നും വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഷമ മുഹമ്മദ് പറയുന്നു.
ലാളിത്യമാണ് ഉമ്മന്‍ ചാണ്ടിയുടെ അടയാളം. ചാണ്ടി ഉമ്മനിലും ആ ലാളിത്യമുണ്ട്. ഉത്തരേന്ത്യയിലടക്കം ഒരുപാട് മുഖ്യമന്ത്രിമാരുടെ മക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്രയും എളിമയുള്ള, സാധാരണക്കാരോട് നല്ല രീതിയില്‍ ഇടപെടുന്ന വ്യക്തിയാണ് ചാണ്ടി ഉമ്മന്‍. സാധാരണ രീതിയില്‍ മുഖ്യമന്ത്രിയുടെ മകന്‍ എന്നൊക്കെ പറഞ്ഞാല്‍ ഒരു തലക്കനമാണ്. അത് ചാണ്ടി ഉമ്മനില്ലെന്നും കോണ്‍ഗ്രസ് പാർട്ടി ദേശീയ വക്താവ് വ്യക്തമാക്കുന്നു.

ഏത് സമയത്തും ആർക്കും അദ്ദേഹത്തെ കാണാനും സംസാരിക്കാനും സാധിക്കും. അതായത് ഉമ്മന്‍ ചാണ്ടി സാറിന്റെ അതേ രീതിയില്‍ അദ്ദേഹവും പോവുന്നു. പൊതുപ്രവർത്തനത്തിലും ചാണ്ടി ഉമ്മന്‍ ദീർഘകാലമായി സജീവമാണ്. കോവിഡ് കാലത്ത് വിദ്യാർത്ഥികള്‍ക്ക് പഠിക്കുന്നതിന് വേണ്ടി 1000 ഫോണുകള്‍ നല്‍കിയതൊക്കെ വലിയ കാര്യമാണ്. പുതുപ്പള്ളിയിലെ ഈ പ്രതികരണം കാണുമ്പോള്‍ 50000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തില്‍ അദ്ദേഹം ജയിക്കുമെന്നാണ് തോന്നുന്നത്.
അച്ചുവിനെതിരെയൊക്കെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് നടന്നത്. അച്ചു ഉമ്മനെ എനിക്ക് നന്നായി അറിയാം. അവരുടെ ഭർത്താവ് സ്വന്തം ബിസിനസ് ചെയ്യുന്ന വ്യക്തിയാണ്. അതാണ് അവളുടെ സാമ്പത്തിക സ്രോതസ്. എന്റെ നല്ലൊരു സുഹൃത്താണ്. സ്വന്തം നിലയിലും വർക്ക് ചെയ്യുന്ന അവള്‍ക്ക് നേരത്തെ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയും ഉണ്ടായിരുന്നു. ഒരാള്‍ സ്വന്തം അധ്വാനത്തിലൂടെ കാശ് ഉണ്ടാക്കുന്നതിനെ മോശമായ രീതിയില്‍ കാണുന്നത് എന്തിനാണെന്നും ഷമ ചോദിക്കുന്നു.
പിണറായി വിജയന് എത്ര ബിസിനസ് ഉണ്ട്. അദ്ദേഹത്തിന്റെ മകള്‍ക്ക് 1.7 കോടിയല്ലെ അവർക്ക് കിട്ടിയത്. അതൊക്കെ ഞങ്ങള്‍ പറയണമല്ലോ. ഇത്തരം വിവാദങ്ങളിലേക്ക് അച്ചു ഉമ്മന്റെ പേര് വലിച്ചിഴയ്ക്കാന്‍ പാടില്ല. സഹോദരന് വേണ്ടി അവർ സജീവമായി തന്നെ പുതുപ്പള്ളിയിലുണ്ട്. പുതുപ്പള്ളിയില്‍ വലിയ രീതിയില്‍ തോല്‍ക്കുമെന്ന് സിപിഎമ്മിന് അറിയാം. അപ്പോള്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ഒരു വാക്ക് കൊടുത്താല്‍ അത് പാലിക്കുന്ന വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹം കൊണ്ടുവന്ന ശ്രുതി തരംഗം പോലുള്ള ഒരുപാട് പ്രവർത്തികളുണ്ട്. അതെല്ലാം ഈ സർക്കാർ നിർത്തിയില്ലേ. തൊഴില്‍ കൊടുക്കും, വിലക്കയറ്റം നിയന്ത്രിക്കുമെന്നൊക്കെ പറഞ്ഞിട്ട് അവർ എന്താണ് ചെയ്തത്. തൊഴിലാളികളുടെ പാർട്ടി എന്ന് പറയും. എന്നാല്‍ ബസ് കണ്ടക്ടർമാർക്കും ടീച്ചർമാക്കും ശമ്പളമില്ലെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേർക്കുന്നു.
വോട്ട് കിട്ടാന്‍ വേണ്ടി ചാണ്ടി ഉമ്മന്, ഉമ്മന്‍ ചാണ്ടിയെ അനുകരിക്കേണ്ട ആവശ്യമില്ല. ആറ് വർഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ചാണ്ടി ഉമ്മനെ കാണുമ്പോഴും അദ്ദേഹം ഇങ്ങനെ തന്നെയാണ്. അന്നും ഇന്നും ഒരു മാറ്റമില്ല. പെട്ടെന്ന് ഒരു ദിവസം മുടി ചീകാതായതല്ല. ഭാരത് ജോഡോ യാത്രയില്‍ ചെരുപ്പിടാതെ മുഴുവന്‍ ദൂരവും നടന്ന് തീർത്തതാണ്. രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് വന്നൊരു വ്യക്തിയല്ല അദ്ദേഹം, അതുകൊണ്ട് തന്നെ അദ്ദേഹത്തിനുള്ള ബഹുമാനം നമ്മള്‍ കൊടുക്കണമെന്നും ഷമ മുഹമ്മദ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications