പുതുപ്പളളിയിൽ പുതുചരിത്രം, റെക്കോർഡ് ഭൂരിപക്ഷത്തിൽ കൂറ്റൻ വിജയം പ്രവചിച്ച് 'ദ ഫോര്‍ത്ത്' സർവ്വേ
കോട്ടയം: കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമാണെങ്കില്‍ പോലും പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിനും എല്‍ഡിഎഫിനും നിര്‍ണായകമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉമ്മന്‍ചാണ്ടിയില്ലാത്ത തിരഞ്ഞെടുപ്പിന് പുതുപ്പള്ളി സാക്ഷിയാകുന്നത്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്.
പുതുപ്പള്ളിയില്‍ കന്നിയങ്കത്തിന് ഇറങ്ങിയ ചാണ്ടി ഉമ്മന്‍ അപ്പന് പിന്‍ഗാമിയാകുമോ അതോ മൂന്നാം അങ്കത്തില്‍ പുതുപ്പളളി ജെയ്ക് സി തോമസ് കൈപ്പിടിയിലൊതുക്കുമോ. ദ ഫോര്‍ത്ത്-എഡ്യുപ്രസുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേ പ്രവചിക്കുന്നത് ചാണ്ടി ഉമ്മന്റെ വിജയമാണ്.

രണ്ട് ഘട്ടമായാണ് എഡ്യുപ്രസ് സര്‍വ്വേ നടത്തിയത് എന്ന് ദ ഫോര്‍ത്ത് വ്യക്തമാക്കുന്നു. പുതുപ്പളളിയില്‍ വെറും വിജയമല്ല, കൂറ്റന്‍ വിജയം ഉമ്മന്‍ചാണ്ടിയുടെ മകന്‍ സ്വന്തമാക്കും എന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. ഉമ്മന്‍ചാണ്ടി നേടിയതിനേക്കാള്‍ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ നേടാന്‍ സാധ്യതയുണ്ടെന്നും സര്‍വ്വേ പറയുന്നു.
ദ ഫോര്‍ത്ത്-എഡ്യുപ്രസ് സര്‍വ്വേ പ്രകാരം ചാണ്ടി ഉമ്മന്‍ 72.85 ശതമാനം വോട്ട് സ്വന്തമാക്കും. പുതുപ്പളളിയിലെ 1,75605 വോട്ടര്‍മാരില്‍ 102548 പേരും ചാണ്ടി ഉമ്മനെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കും. എതിരാളിയായ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് ലഭിക്കുക വെറും 22.92 ശതമാനം വോട്ട് മാത്രമായിരിക്കും. അതായത് 40,347 വോട്ടുകള്‍. ബിജെപിയുടെ സ്ഥാനാര്‍ത്ഥി ജി ലിജിന്‍ലാലിന് 4991 വോട്ടുകള്‍ മാത്രമേ ലഭിക്കൂ എന്നും സര്‍വ്വേ പറയുന്നു.
ചാണ്ടി ഉമ്മന് ലഭിക്കുക 60,000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമായിരിക്കും. സര്‍വ്വേ ഫലിച്ചാല്‍ ഇത് പുതുപ്പള്ളി നിയമസഭാ മണ്ഡലം ഇതുവരെ കാണാത്ത റെക്കോര്‍ഡ് ഭൂരിപക്ഷം ആയിരിക്കും. 12 തവണ പുതുപ്പളളിയുടെ എംഎല്‍എ ആയിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഇതുവരെ നേടാനായ ഏറ്റവും വലിയ ഭൂരിപക്ഷം 33,225 വോട്ടിന്റേതാണ്. 2011ലെ തിരഞ്ഞെടുപ്പില്‍ സുജ സൂസന്‍ ജോര്‍ജിന് എതിരെയായിരുന്നു ഈ വിജയം.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളളവര്‍ ഇറങ്ങിയുളള പുതുപ്പളളിയിലെ ഇടത് പ്രചാരണത്തില്‍ ഉന്നയിക്കുന്ന പ്രധാന വിഷയം വികസനമാണ്. മുഖ്യമന്ത്രി കൂടിയായിരുന്ന ഉമ്മന്‍ചാണ്ടി എംഎല്‍എ ആയിരുന്നിട്ടും പുതുപ്പള്ളി വികസനത്തില്‍ ഏറെ പിന്നിലാണ് എന്ന് ഇടതുപക്ഷം ചൂണ്ടിക്കാണിക്കുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് വികസന കാര്യത്തില്‍ പുതുപ്പളളിയിലെ വോട്ടര്‍മാരുടെ പ്രതികരണമെന്നാണ് ഫോര്‍ത്തിന്റെ സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്.
സര്‍വ്വേ പ്രകാരം മണ്ഡലത്തിലെ 29.12 ശതമാനം പേര്‍ മാത്രമാണ് വികസന കാര്യത്തില്‍ പൂര്‍ണ തൃപ്തരായിട്ടുളളത്. 55.19 ശതമാനം വോട്ടര്‍മാര്‍ പറയുന്നത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല എന്നാണ്. വികസനം ഒരു പ്രശ്‌നമായി നിലനില്‍ക്കുമ്പോഴും ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് ശേഷമുളള വൈകാരിക പശ്ചാത്തലത്തില്‍ ചാണ്ടി ഉമ്മന് വിജയം അനായാസമായേക്കും എന്നാണ് സര്‍വ്വേ വിലയിരുത്തുന്നത്.












Click it and Unblock the Notifications