യുഡിഎഫിന് ഈസി വാക്കോവറില്ല, പുതുപ്പള്ളിയിൽ ജെയ്കിന് വിജയപ്രതീക്ഷയെന്ന് എംവി ഗോവിന്ദൻ
പുതുപ്പള്ളി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് വലിയ വിജയ പ്രതീക്ഷയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മണ്ഡലത്തിൽ ഈസി വാക്കോവർ ആയിരുന്നു ആദ്യം യുഡിഎഫ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ പ്രതീക്ഷിച്ച വിജയമുണ്ടാകില്ലെന്ന് യുഡിഎഫിന് ഇപ്പോഴറിയാമെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.
എംവി ഗോവിന്ദന്റെ വാക്കുകൾ: ''മണ്ഡലത്തിന്റെ എല്ലാ മേഖലകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ കാണാം. ജനങ്ങള്‍ ഉത്സവ തിമിര്‍പ്പോടെ വോട്ട് രേഖപ്പെടുത്തുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ജെയ്ക് സി തോമസിന് നല്ല പ്രതീക്ഷ നല്‍കുന്ന പോളിംഗ് ആണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ജെയ്ക് തന്നെ അക്കാര്യം വ്യക്തമാക്കുകയുണ്ടായി.

കഴിഞ്ഞ 53 വര്‍ഷം നീണ്ട കോണ്‍ഗ്രസിന്റെ ആധിപത്യം നിലനിര്‍ത്തിയ ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ഈ തിരഞ്ഞെടുപ്പ് ഈസി വാക്കോവര്‍ ആയിരിക്കും എന്നായിരുന്നു യുഡിഎഫിന്റെ ആദ്യത്തെ ധാരണ. വൈകാരികമായ ഒരു തലത്തില്‍ നിന്ന് കൊണ്ട് ജനങ്ങളൊക്കെ യുഡിഎഫിന് അനുകൂലമായി വോട്ട് നല്‍കും എന്നുളള പ്രതീക്ഷയായിരുന്നു അവര്‍ക്ക് ആദ്യം ഉണ്ടായിരുന്നത്.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ വികസനം പൊതുവായും പുതുപ്പള്ളിയിലെ വികസനം പ്രത്യേകിച്ചും ചര്‍ച്ച ചെയ്യപ്പെടുകയും കേരള സര്‍ക്കാരിന്റെ നിലപാടുകള്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ തങ്ങള്‍ വിചാരിച്ച പോലെ ആ മണ്ഡലത്തില്‍ ജയിക്കാനാകില്ലെന്ന കാര്യം യുഡിഎഫിന് തന്നെ മനസ്സിലായിട്ടുണ്ട്. വന്‍ പ്രതിക്ഷയാണ് ഇടതുപക്ഷത്തിനുളളത്. നല്ല വിജയം കരസ്ഥമാക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അവിടെ പ്രവര്‍ത്തകരെല്ലാം പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ 53 വര്‍ഷക്കാലത്തെ പുതുപ്പള്ളിയിലെ ചരിത്രത്തിനിടയില്‍ ഇത്രയും സജീവമായും ജനകീയമായും ഫലപ്രദമായും ഒരു തിരഞ്ഞെടുപ്പ് സംഘടനാ പ്രവര്‍ത്തനവും രാഷ്ട്രീയ നിലപാട് സ്വീകരിച്ച് കൊണ്ടുളള പ്രചാരണവും നടത്തിയ ഒരു അനുഭവം ഉണ്ടായിട്ടില്ല. നല്ല നിലയില്‍ രാഷ്ട്രീയ പ്രചാരണം നടത്തുകയും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നുളള പ്രവര്‍ത്തനവും നടത്തിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമെന്നോണം ആവേശകരമായ വോട്ടിംഗ് ആണ് നടക്കുന്നത്. ജെയ്ക് സി തോമസിന് നല്ല വിജയസാധ്യതയാണ് കാണുന്നത്''.












Click it and Unblock the Notifications