' അരലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം യുഡിഎഫിന്റെ സ്വപ്നം, പോത്ത് പരാമർശം ചേരുക സുധാകരന് ': വി എൻ വാസവൻ
കോട്ടയം: മുഖ്യമന്ത്രിയെ പോത്ത് എന്ന് വിളിച്ച് അധിക്ഷേപിച്ച കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി എൻ വാസവൻ. പോത്ത് പരാമർശം ചേരുന്നത് സുധാകരന് തന്നെയാണെന്നും കെ പി സി സി പ്രസിഡന്റ് സ്ഥാനത്തിന് യോജിക്കാത്ത പരാമർശമാണ് നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കേണ്ട വിഷയങ്ങളിലൊക്കെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിട്ടുണ്ട്. പുതുപ്പള്ളിയിൽ യു ഡി എഫിന് അരലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം കിട്ടുമെന്നത് സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ ആയിരുന്നു സുധാകരൻ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയത്.

വാ മൂടികെട്ടിയ പോത്താണ് മുഖ്യമന്ത്രി എന്നാണ് സുധാകരൻ അധിക്ഷേപിച്ചത്. താെലിക്കട്ടിയുടെ കൂടുതൽ കൊണ്ടാണ് പുതുപ്പള്ളിയിൽ മുഖ്യമന്ത്രി പ്രചരണത്തിന് എത്തിയതെന്നും തൊലിക്കട്ടിയില്ലെങ്കില് മുഖ്യമന്ത്രി എത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് അത്രത്തോളം അവമതിപ്പാണ് സർക്കാരിനോട്. സർക്കാർ വിരുദ്ധ വികാരം പുതുപ്പള്ളിയിൽ പ്രതിഫലിക്കും എന്നും മുഖ്യമന്ത്രിക്കെതിരെ സി പി എമ്മിൽ തന്നെ അങ്കം തുടങ്ങിയെന്നും സുധാകരൻ പറഞ്ഞു. പുതുപ്പള്ളിയിൽ ഉയർന്ന വ്യക്തി അധിക്ഷേപങ്ങൾ വിശകലനം ചെയ്ത് ജനം ഉപ തിരഞ്ഞെടുപ്പുകളിലെ റെക്കോർഡ് ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മനെ ജയിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications