വികസന സംവാദത്തിന് യുഡിഎഫിനെ വെല്ലുവിളിച്ച് ജെയ്ക്ക്; 'സ്ഥലവും സമയവും നിശ്ചയിച്ചോളൂ'
കോട്ടയം: പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നു. ഇന്ന് മുതൽ ഇടത്-വലത് മുന്നണികളുടെ പ്രമുഖ നേതാക്കൾ മണ്ഡലത്തിലെത്തി പ്രചരണം ശക്തമാക്കും.അതേസമയം എൻഡിഎയുടെ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
വിലക്കയറ്റവും വികസനവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാക്കിയാണ് പുതുപ്പള്ളിയിൽ പ്രചരണം കൊഴുക്കുന്നത്. മണ്ഡലത്തിലെ വികസനമാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ ജെയ്ക്ക് സി തോമസ് പ്രധാന ചർച്ചയാക്കുന്നത്. പുതുപ്പള്ളിയുടെ വികസനകാഴ്ച്ചപ്പാട് രൂപപ്പെടുത്താൻ ചുമതലപ്പെട്ടവർ അതിൽ പരാജയപ്പെട്ടു എന്നത് വൈകിയാണെങ്കിലും എല്ലാവരും തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും. യു ഡി എഫിന്റെ കയ്യിൽ രാഷ്ട്രീയ അധികാരമുണ്ടായിരുന്ന സമയത്ത് വികസനം സാധ്യമാക്കുന്ന ഇടപെടലുകളും നിയമനിർമ്മാണവും ഈ മണ്ഡലത്തിൽ ഉണ്ടായിട്ടില്ലെന്നും ജെയ്ക്ക് വിമർശിച്ചു.

ജനങ്ങൾക്ക് തിരുത്താനുള്ള അവസരമാണ് തിരഞ്ഞെടുപ്പ്. പുതുപ്പള്ളിയുടെ വോട്ടർമാർ അങ്ങനെ ചിന്തിച്ചു തുടങ്ങി എന്നാണ് അവരുടെ പ്രതികരണങ്ങളിൽ നിന്ന് അനുഭവവേദ്യമായത്.ജനങ്ങളിൽ നിന്ന് ഉയരുന്ന വികസനം എന്ന ചോദ്യത്തിൽ നിന്ന് മണ്ഡലത്തിന്റെ ഭരണം നിയന്ത്രിച്ചിരുന്നവർ ഒളിച്ചോടുകയാണ്. എങ്കിലും നമ്മൾക്ക് നിരന്തരം ഈ ചോദ്യം ചോദിച്ചുകൊണ്ടേ ഇരിക്കാമെന്നും ജെയ്ക്ക് പറഞ്ഞു. വികസന സംവാദത്തിന് യു ഡി എഫിനെ ജെയ്ക്ക് വെല്ലുവിളിച്ചു. സ്ഥലവും സമയവും മുന്നണിക്ക് നിശ്ചയിക്കാമെന്നും ജെയ്ക്ക് പറഞ്ഞു.
അതേസമയം 53 വർഷത്തെ അപ്പയുടെ പ്രവർത്തനം അഭിമാനമാണെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. വികസനവും കരുതലും ജനങ്ങളിൽ അഭിമാനമുണ്ടാക്കിയെന്നും ഉപതിരഞ്ഞെടുപ്പിൽ ജനങ്ങളുടെ അഭിമാന വോട്ടാണിതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. നിലവിൽ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കുകയാണ് ചാണ്ടി ഉമ്മൻ.
യു ഡി എഫ് കൺവെൻഷൻ
പുതുപ്പള്ളിയിൽ ഇന്ന് യു ഡി എഫ് കൺവെൻഷൻ നടക്കും. വൈകീട്ട് നാല് മണിക്കാണ് പരിപാടി. എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ,കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, യു ഡി ഫ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, ഷിബു ബേബി ജോൺ, മാണി സി കാപ്പൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. പതിനാറിനാണ് എൽ ഡി എഫ് കൺവെൻഷൻ. സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുക.












Click it and Unblock the Notifications