'പുതുപ്പള്ളിയിലും സമദൂരം; ബിജെപിക്ക് പിന്തുണയെന്ന വാർത്ത തെറ്റ്'; സുകുമാരൻ നായർ
കോട്ടയം: പുതുപ്പള്ളിയിൽ എൻ എസ് എസ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഉപതിരഞ്ഞെടുപ്പിൽ എൻ എസ് എസ് സമഗൂപ നിലപാട് തുടരുമെന്നും സുകുമാരൻ നായർ പറഞ്ഞു. എൻ എസ് എസ് വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'ചരിത്രത്തിൽ ആദ്യമായി എൻ എസ് എസ് സമദൂരസിദ്ധാന്തം ഉപേക്ഷിച്ചുവെന്നും ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ചെന്നുമുള്ള വാർത്ത അടിസ്ഥാനരഹിതമാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും രാഷ്ട്രീയമായി സമദൂര നിലപാട് തന്നെയാണ് എൻ എസ് എസിനുള്ളത്. എൻ എസ് എസ് പ്രവർത്തകർക്ക് അവരുടേതായ രാഷ്ട്രീയത്തിൽ വിശ്വസിക്കാനും വോട്ടു ചെയ്യാനും അവകാശമുണ്ട്. അതുകൊണ്ട് എൻ എസ് എസ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് പിന്തുണ നൽകി എന്ന് അർഥമില്ല',എൻ എസ് എസ് പ്രസ്താവനയിൽ പറഞ്ഞു. മിത്ത് വിവാദത്തിൽ നേരത്തേ സി പി എമ്മിനെതിരെ എൻ എസ് എസ് രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെ തിരഞ്ഞെടുപ്പുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല എന്നായിരുന്നു സുകുമാരൻ നായർ പറഞ്ഞത്.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് എൻ എസ് എസ് ആസ്ഥാനത്തെത്തിയിരുന്നു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന, വിശ്വാസത്തെ വര്‍ഗീയതയിലേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ നിലപാടെടുത്ത എൻ എസ് എസുമായി ഇടതുപക്ഷത്തിന് വിയോജിക്കാനാകില്ലെന്നായിരുന്നു ജെയ്ക്ക് പറഞ്ഞത്.
അതേസമയം പുതുപ്പള്ളിയിൽ പരസ്യപ്രചരണത്തിന് ഇനി മൂന്ന് നാൾ മാത്രമാണ് ശേഷിക്കുന്നത്. പ്രമുഖ നേതാക്കളെ തന്നെ കളത്തിലിറക്കി പ്രചരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ എ കെ ആന്റണി, ശശി തരൂർ , കെ മുരളീധരൻ എംപി, കെസി വേണുഗോപാൽ തുടങ്ങിയ നേതാക്കളാണ് ചാണ്ടി ഉമ്മന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയത്. മന്ത്രിമാരെ ഇറക്കിയാണ് എൽ ഡി എഫ് പ്രചരണം.എംബി രാജേഷ്, വീണാ ജോർജ്, കെ.രാധാകൃഷ്ണൻ, പി പ്രസാദ്, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ കൂടാതെ എ. വിജയരാഘവൻ, പികെ ശ്രീമതി, സിഎസ് സുജാത, കെകെ ശൈലജ തുടങ്ങിയ നേതാക്കളാണ് ജെയ്ക്കിന് വേണ്ടി ഇറങ്ങുക. സപ്റ്റംബർ 5 നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ്. 8 നാണ് വോട്ടണ്ണൽ.












Click it and Unblock the Notifications