പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; സെപ്‌തംബർ 5ന് മണ്ഡലത്തിൽ പൊതുഅവധി
കോട്ടയം: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബർ 5ന് കോട്ടയം പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള സർക്കാർ, അർദ്ധസർക്കാർ, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങൾക്ക് പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് നിയമം 1881 പ്രകാരമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ സംരംഭങ്ങൾ-സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് വേതനത്തോടു കൂടിയ അവധിയായിരിക്കും. അവധി ദിനത്തിന്റെ പേരിൽ വേതനം കുറവുചെയ്യൽ, വെട്ടിക്കുറയ്ക്കൽ എന്നിവയടക്കമുള്ള നടപടികൾ സ്വീകരിക്കാൻ പാടില്ലെന്നും ഇതിനാവശ്യമായ നടപടികൾ ലേബർ കമ്മീഷണർ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

മറ്റിടങ്ങളിൽ ജോലിചെയ്യുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ സ്ഥിരതാമസക്കാരും വോട്ടർമാരുമായ കാഷ്വൽ ജീവനക്കാർ അടക്കമുള്ള ജീവനക്കാർക്കും വേതനത്തോടെയുള്ള അവധി ബാധകമാണ്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; മത്സരിക്കാൻ ഏഴുപേർ, ചിഹ്നമായി
പുതുപ്പള്ളി നിയമസഭ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ നാമനിർദേശപട്ടിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സരരംഗത്തെ കളം തെളിഞ്ഞു. ആരും പത്രിക പിൻവലിച്ചിട്ടില്ല. ഏഴുസ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർഥികൾക്കു ചിഹ്നങ്ങളും അനുവദിച്ചു.
അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), ജെയ്ക് സി. തോമസ് (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്), ലിജിൻ ലാൽ (ഭാരതീയ ജനതാ പാർട്ടി), ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി), പി.കെ. ദേവദാസ് (സ്വതന്ത്രൻ), ഷാജി(സ്വതന്ത്രൻ), സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ) എന്നിവരാണ് മത്സരരംത്ത് ഉള്ളത്. നാല് അംഗീകൃത രാഷ്ട്രീയപാർട്ടികൾക്ക് അവരുടെ ചിഹ്നവും മൂന്നുസ്വതന്ത്ര സ്ഥാനാർഥികൾക്ക് വരണാധികാരി അനുവദിച്ച ചിഹ്നങ്ങളുമാണ് നൽകിയിരിക്കുന്നത്.
സ്ഥാനാർഥികളും പാർട്ടിയും ചിഹ്നവും
1 അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)- കൈ
2 ജെയ്ക് സി. തോമസ്((കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്), - ചുറ്റിക, അരിവാൾ, നക്ഷത്രം
3 ലിജിൻ ലാൽ(ഭാരതീയ ജനതാ പാർട്ടി)- താമര
4 ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി) -ചൂല്
5 പി.കെ. ദേവദാസ് (സ്വതന്ത്രസ്ഥാനാർഥി )- ചക്ക
6 ഷാജി(സ്വതന്ത്രസ്ഥാനാർഥി)- ബാറ്ററി ടോർച്ച്
7 സന്തോഷ് പുളിക്കൽ (സ്വതന്ത്ര സ്ഥാനാർഥി) -ഓട്ടോറിക്ഷ












Click it and Unblock the Notifications