ഒന്നും ചെയ്യാതെ അപ്പയെ 12 തവണ ജയിപ്പിക്കുമോ? പുതുപ്പള്ളിയിലെ വികസനങ്ങള്‍ പറഞ്ഞ് ചാണ്ടി ഉമ്മന്‍
കോട്ടയം: പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ വികസനം ചർച്ചയാക്കാനാണ് തങ്ങളും ആഗ്രഹിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍. പുതുപ്പള്ളിയില്‍ വികസനം ഇല്ലായിരുന്നെങ്കില്‍ തുടർച്ചയായ 12 തവണയും അപ്പയെ ഇവിടുത്തെ ജനങ്ങള്‍ വിജയിക്കുമോയെന്ന് വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ചാണ്ടി ഉമ്മന്‍ ചോദിക്കുന്നു.
തന്റെ പിതാവിന്റെ വിയോഗം കഴിഞ്ഞിട്ട് ഒരു മാസം പോലും ആയിട്ടില്ല. അദ്ദേഹത്തിന്റെ ഓർമ്മയിലാണ് ഈ ദേശം മുഴുവനും. ഏത് വീട്ടില്‍ ചെന്നാലും അപ്പയെ ഓർത്ത അമ്മമാർ കരയുന്നത് കാണാന്‍ സാധിക്കും. അതുകൊണ്ട് തന്നെ അദ്ദേഹത്തെക്കുറിച്ചുള്ള ഇടത് പ്രചരണങ്ങള്‍ക്ക് പ്രതികരിക്കാന്‍ ഞാനില്ല. ഒരോരുത്തർക്കും വിശ്വാസമുണ്ട്. ആരുടേയും വിശ്വാസത്തെ ഞാന്‍ ഹനിക്കില്ലെന്നും 'പുണ്യാളന്‍' വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി ചാണ്ടി ഉമ്മന്‍ പറയുന്നു.

ജെയ്ക് സി തോമസ് എന്‍എസ്എസ് ആസ്ഥാനത്ത് പോയിട്ടുണ്ടെങ്കില്‍ അതിനെ വിമർശിക്കാനല്ല, സ്വാഗതം ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എല്ലാവർക്കും എല്ലായിടത്തും പോവാനുള്ള അവകാശമുണ്ട്. അതിനെ ഞാന്‍ എന്തിന് വിമർശിക്കണം. അത്തരം സ്വാതന്ത്രം ഉപയോഗിക്കുന്ന വ്യക്തിയാണ് ഞാന്‍. പുരോഹിതന്മാരേയും മതകേന്ദ്രങ്ങളും സന്ദർശിക്കുന്ന വ്യക്തിയാണ് ഞാന്‍. എല്ലാവരുമായും കാര്യങ്ങള്‍ ചർച്ച ചെയ്യുന്നത് നല്ലതാണ്.
പുതുപ്പള്ളിയില്‍ വികസനം ഇല്ലാതിരുന്നെങ്കില്‍ ഇടതുപക്ഷത്തിന് കൂടി അടിത്തറയുള്ള പുതുപ്പള്ളി പോലൊരു മണ്ഡലത്തില്‍ എങ്ങനെയാണ് ഉമ്മന്‍ ചാണ്ടി തുടർച്ചയായി 12 തവണ ജയിക്കുന്നത്. പുതുപ്പള്ളി തിരഞ്ഞെടുപ്പിന് പാർട്ടിയും മുന്നണിയും സജീവമായി കഴിഞ്ഞു. കെ പി സി സി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തുടങ്ങിയവർ ഇവിടെയുണ്ട്. ഇന്ത്യയിലെ പല കോണ്‍ഗ്രസ് നേതാക്കളും ഇവുടെ വരാന്‍ പോവുന്നുവെന്നും ജയ്ക്ക് സി തോമസ് പറയുന്നു.
പുതുപ്പള്ളിയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ചെന്ന് ശ്രദ്ധേയമായ ആരോഗ്യ സ്ഥാപനമുണ്ട്. ഐഎച്ച്ആർഡി, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സയന്‍സ് ഇന്‍സ്റ്റിന്റ്യൂട്ട്, കെആർ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലം തുടങ്ങിയ പ്രമുഖ സ്ഥാപാനങ്ങള്‍ പുതുപ്പള്ളിയില്‍ പ്രവർത്തിക്കുന്നുണ്ട്.
പുതുപ്പള്ളിയിലേതെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന ഒരു തടിപ്പാലം ഞാന്‍ കണ്ടു. യഥാർത്ഥത്തില്‍ അത് സ്ഥിതിചെയ്യുന്നത് ഏറ്റുമാനൂരാണ്. വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാന്‍ ഞാന്‍ ഇടതുപക്ഷത്തെ വെല്ലുവിളിക്കുന്നു. ഇവിടുത്തെ സർക്കാർ എന്താണ് ചെയ്യുന്നത്. ഓണക്കാലത്ത് പോലും രൂക്ഷമായ വിലക്കയറ്റമാണ്. ജനങ്ങള്‍ പട്ടിണിയിലാണ്. അതിനെക്കുറിച്ച് ചർച്ച ചെയ്തിട്ട് ബാക്കി ചർച്ച ചെയ്യാം. പുതുപ്പള്ളിയില്‍ യുഡിഎഫ് നൂറ്റൊന്ന് ശതമാനം ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications