പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ചൂടുപിടിച്ച് ചര്‍ച്ചകള്‍, സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകില്ല
ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവ് വന്ന കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേരളത്തിലേത് ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും യോഗം ചേര്‍ന്ന ശേഷമാണ് തീരുമാനം.
സെപ്തംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ സെപ്തംബര്‍ എട്ടിനാകും. ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയെ എട്ടാം തിയ്യതി അറിയാന്‍ സാധിക്കും. ജൂലൈ 18നാണ് ഉമ്മന്‍ ചാണ്ടി അന്തരിച്ചത്. ഒന്നര മാസം കഴിയുമ്പോഴാണ് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് കടക്കാനിരിക്കുകയാണ്.

കേരളത്തിന് പുറമെ ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഒരോ നിയമസഭാ മണ്ഡലങ്ങളിലും ത്രിപുരയിലെ രണ്ട് സീറ്റുകളിലും ഉപതിരഞ്ഞെടുപ്പ് ഇതേ തിയ്യതിയില്‍ നടക്കും. മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും യോഗം ചേര്‍ന്ന ശേഷമാണ് ഏഴ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്.
ഈ മാസം പത്താം തിയ്യതി തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഒരു മാസത്തിന് താഴെ മാത്രമാണ് ഇനി വോട്ടെടുപ്പ് ദിവസത്തിനുള്ളത്. അതുകൊണ്ടുതന്നെ എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കുകയാണ്. മണ്ഡലത്തില്‍ ഒഴിവ് വന്നകാര്യം നിയമസഭാ സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.
ഒരു മണ്ഡലത്തില്‍ ഒഴിവ് വന്നാല്‍ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം എന്നാണ് ചട്ടം. പുതുപ്പള്ളിയിലെ കാര്യത്തില്‍ ഇത് അല്‍പ്പം നേരത്തെയായി എന്ന് പറയാം. മറ്റു അഞ്ച് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് കൂടിയുള്ളതിനാലാണ് പുതുപ്പള്ളിയിലും അതോടൊപ്പം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രബലരായ മൂന്ന് മുന്നണികളും സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ ചാണ്ടയുടെ മകന്‍ ചാണ്ടി ഉമ്മന്‍ മല്‍സരിക്കാനാണ് സാധ്യത. എല്‍ഡിഎഫിന് വേണ്ടി സിപിഎമ്മിലെ ജെയ്ക്ക് സി തോമസ് മല്‍സരിച്ചേക്കും. 2021ല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മല്‍സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ച വ്യക്തി കൂടിയാണ് ജെയ്ക്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി മല്‍സരിക്കാനുള്ള സാധ്യത തള്ളാനാകില്ല.
ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെയാകും യുഡിഎഫ് സ്ഥാനാര്‍ഥി എന്ന് നേരത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു. താന്‍ മല്‍സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ചാണ്ടി ഉമ്മന്‍ തന്നെ മല്‍സരിക്കുമെന്നാണ് കരുതുന്നത്. ഉമ്മന്‍ ചാണ്ടി 53 വര്‍ഷം പ്രതിനിധീകരിച്ച മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ സെപ്തംബര്‍ എട്ടിന് അറിയാം.












Click it and Unblock the Notifications