Puthuppally Result: പുതുപ്പള്ളിയിലെ പുതിയ താരം ആര്? ഫലം അറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം
കോട്ടയം: ഉമ്മന്‍ ചാണ്ടിയല്ലാതെ ആര്? അരനൂറ്റാണ്ടി ശേഷം പുതുപ്പള്ളിയില്‍ നിന്നുള്ള ആ ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി. കൃത്യം എട്ട് മണിയോടെ തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. കോട്ടയം ബസേലിയസ് കോളേജിലാണ് വോട്ടെണ്ണല്‍ കേന്ദ്രം. പതിവ് പോലെ പോസ്റ്റല്‍ വോട്ടുകളായിരിക്കും ആദ്യം എണ്ണുക. തുടർന്ന് വോട്ടിങ് മെഷീനുകളിലേക്ക് കടക്കും. ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ തന്നെ ട്രെൻഡ് വ്യക്തമാകും.
വോട്ടെണ്ണിത്തുടങ്ങി രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ അന്തിമഫലം അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആകെ 20 മേശകളാണ് കൗണ്ടിംഗിനായി തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 14 മേശകളിലായി വോട്ടിങ് യന്ത്രങ്ങള്‍ സജ്ജീകരിച്ചു. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തീരും. അയർകുന്നം, അകലകുന്നം, കൂരോപ്പട, മണർക്കാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം എന്നീ പഞ്ചായത്ത് അടിസ്ഥാനത്തിലായിരിക്കും വോട്ടെണ്ണല്‍ നടത്തുക.

അയർക്കുന്നം പഞ്ചായത്ത് എണ്ണുമ്പോള്‍ തന്നെ കൃത്യമായ ട്രെന്‍ഡ് അറിയാന്‍ സാധിക്കും. ശക്തമായ മത്സരം നടന്ന 2021 ല്‍ പോലും ഉമ്മൻ ചാണ്ടിക്ക് 1293 വോട്ടിന്‍റെ ഭൂരിപക്ഷം അയർക്കുന്നത്ത് കിട്ടിയിരുന്നു. ഇത്തവണ ചാണ്ടി ഉമ്മന് ഇവിടെ പ്രതീക്ഷിക്കുന്നത് അയ്യായിരത്തിന് മുകളിലുള്ള ലീഡാണ്. അങ്ങനെയെങ്കില്‍ ആകെ ലീഡ് 40000 ത്തിന് മുകളിലേക്ക് കടക്കുകയും ചെയ്യും. ഏത് സാഹചര്യത്തിലും ചാണ്ടി ഉമ്മന്റെ ലീഡ് 30000 ത്തില്‍ കുറയില്ലെന്നതാണ് യു ഡി എഫ് ആത്മവിശ്വാസം.
അട്ടിമറിയാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. പുതുപ്പള്ളി ഇത്തവണ മാറി ചിന്തിക്കുമെന്ന് ഇടത് ക്യാമ്പ് കണക്കുകൂട്ടുന്നു. യുഡിഎഫ് ഭൂരിപക്ഷം വലിയ തോതില്‍ കുറയ്ക്കാന്‍ സാധിച്ചാല്‍ അതും നേട്ടമാണ്. ബി ജെ പിയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ഇത്തവണ നല്ല മത്സരം കാഴ്ചവെക്കാന്‍ സാധിച്ചെന്നാണ് അവരുടെ നേതൃത്വം അവകാശപ്പെടുന്നത്.
ഉപതെരഞ്ഞെടുപ്പിൽ ആകെ 72.86 ശതമാനം പോളിങായിരുന്നു രേഖപ്പെടുത്തിയത്. 1,76,412 വോട്ടർമാരിൽ 1,28,535 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 86,131 പുരുഷന്മാരിൽ 64,078 പേരും 90,277 സ്ത്രീകളിൽ 64,455 പേരും നാലു ട്രാൻസ്‌ജെൻഡർമാരിൽ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി.
വോട്ടെടുപ്പ് ദിനത്തിനു മുമ്പ് പോസ്റ്റൽ ബാലറ്റ് മുഖേന 2491 അസന്നിഹിത വോട്ടർമാർ (80 വയസിനുമുകളിലുള്ളവർ, ഭിന്നശേഷിക്കാർ) വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. ഇലക്‌ട്രോണിക് ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സംവിധാനം (ഇ.റ്റി.പി.ബി.എസ്.) വഴി 138 സർവീസ് വോട്ടർമാർക്ക് സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിന് സംവിധാനം ഒരുക്കിയിരുന്നു












Click it and Unblock the Notifications