Puthuppally Result: ബിജെപിക്ക് ഇക്കാലം മുഴുവന്‍ കിട്ടിയ വോട്ടും നല്‍കിയാലും അവര്‍ ജയിക്കില്ല; സുരേന്ദ്രന്‍
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരവും സഹതാപ തരംഗവുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബി ജെ പിയ്ക്ക് വലിയ സ്വാധീനമുള്ള മണ്ഡലമല്ല പുതുപ്പള്ളിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. പിണറായിയ്ക്ക് ലഭിച്ച ഷോക്ക് ട്രീറ്റ്‌മെന്റാണ് തിരഞ്ഞെടുപ്പ ഫലമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സുരേന്ദ്രന്റെ വാക്കുകള്‍...
പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ അതിശക്തമായ ഭരണ വിരുദ്ധ തരംഗം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ജനങ്ങളുടെ മുന്നില്‍ പിണറായി വിജയനെ എങ്ങനെയെങ്കിലും പാഠം പഠിപ്പിക്കണം എന്ന അജണ്ട മാത്രമായിരുന്നു ഉണ്ടായിരുന്നത്. മാസപ്പടി വിവാദത്തിലും നിരവധി അഴിമതി കേസുകളിലും പെട്ട് വലിയ തോതില്‍ ഭരണസ്തംഭനം ഉണ്ടായി. ഓണത്തിനടക്കം ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയി.

അപ്പോള്‍ കിട്ടിയ അവസരം നന്നായി മുതലാക്കിയ ജനങ്ങള്‍ പ്രധാന പ്രതിപക്ഷത്തെ പിന്തുണച്ച് കൊണ്ട് ഉപയോഗിച്ചു എന്നുള്ളതാണ് ഫലം ഇങ്ങനെ വരാന്‍ കാരണമായത്. വലിയ തകര്‍ച്ചയാണ് ഇടതുമുന്നണിക്ക് സംസ്ഥാനത്തുടനീളം ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ സൂചന കൂടിയാണ് ഇത്. ദേശീയതലത്തില്‍ ഇന്ത്യ മുന്നണി വന്നതോട് കൂടി രണ്ട് കക്ഷികള്‍ക്ക് അതില്‍ സ്ഥാനമില്ല എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.
ഈ തിരഞ്ഞെടുപ്പ് ഫലം താല്‍ക്കാലികമായിട്ടുള്ള പ്രതിഭാസമാണ്. ഒരു എം എല്‍ എ മരിച്ചതിന് ശേഷം നടന്നിട്ടുള്ള ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ഈ പ്രവണത നമ്മള്‍ കണ്ടിട്ടുണ്ട്. തൃക്കാക്കരയിലും അരുവിക്കരയിലും അതാണ് സംഭവിച്ചത്. പ്രധാനപ്പെട്ട നേതാക്കള്‍ മരണപ്പെട്ടിടത്തെല്ലാം കെ എം മാണി മരണപ്പെട്ട ഉപതിരഞ്ഞെടുപ്പൊഴിച്ചാല്‍ ഏതാണ്ട് മറ്റെല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ഇതേ രീതിയിലുള്ള ഒരു വോട്ടിംഗ് പാറ്റേണാണ് കേരളം കണ്ടിരിക്കുന്നത്.
അസാധാരണമായ വിധിയെഴുത്തായി ആരും ഇതിനെ കണക്കാക്കുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള ജനങ്ങളുടെ ശക്തമായ അമര്‍ഷം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 5000 വോട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. അത് ഞങ്ങള്‍ പരിശോധിക്കും. ബി ജെ പിക്ക് ഇക്കാലം മുഴുവന്‍ കിട്ടിയ വോട്ടുകളും ചേര്‍ന്ന് ഇടതുമുന്നണിക്ക് നല്‍കിയാലും അവര്‍ ജയിക്കില്ല.
എല്‍ഡിഎഫിന് കിട്ടിയതിന്റെ ഇരട്ടി വോട്ട് അവിടെ യുഡിഎഫിന് കിട്ടിയിരിക്കുകയാണ്. ഇത്തരം വിഡ്ഢിത്തങ്ങള്‍ തിരഞ്ഞെടുപ്പ് വിശകലനത്തിന്റെ ഭാഗമായി പറയുന്നത് കൊണ്ടാണ് ആ പാര്‍ട്ടിക്ക് ഈ ഗതികേട് വരുന്നത്. അവരുടെ 15000 ത്തോളം വോട്ട് പോയിടത്താണ് ഞങ്ങളുടെ 5000 വോട്ട് തപ്പി നടക്കുന്നത്.
പിണറായി വിജയന് എങ്ങനെയെങ്കിലും ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കണം എന്നാണ് ജനങ്ങള്‍ കരുതിയത്. അതിന് ഇവിടെ ബി ജെ പിക്ക് വോട്ട് ചെയ്ത് കൊണ്ട് സാധ്യമാവില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ലക്ഷ്യം വെക്കുന്ന മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് അപ്രസക്തമാകും. യു ഡി എഫും എന്‍ ഡി എയും തമ്മിലായിരിക്കും മത്സരം. പുതുപ്പള്ളി ഞങ്ങളെ സംബന്ധിച്ച് ഒരു ലോ പ്രൊഫൈല്‍ കോണ്‍സ്റ്റിറ്റുവന്‍സിയാണ്.












Click it and Unblock the Notifications