Puthuppally Result: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ സർവ്വകാല റെക്കോർഡിൽ ജയിക്കും; തിരുവഞ്ചൂർ
കോട്ടയം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പുതുപ്പള്ളിയിലേത് സർക്കാരിനെതിരായ വിധിയെഴുത്തായിരിക്കും. ഭൂരിപക്ഷം പ്രവചിക്കുന്നില്ലെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് പറഞ്ഞു.
'പുതുപ്പള്ളി വിധി സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെയാണ് പറഞ്ഞത്. ആ വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഇത് സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെയാണ്. തൃക്കാക്കര തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്ന് എൽ ഡി എഫ് പറഞ്ഞു. അവർ തോറ്റു, അതിന് ശേഷം ഒന്നും മിണ്ടിയില്ല. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മൻ സര്‍വ്വകാല റെക്കോര്‍ഡോടെ ജയിക്കും.' തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഞങ്ങൾ ജയിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ജയത്തിന് അവർ ഒരു കാരണം കണ്ടെത്തുന്നത്. വിജയത്തിന്റെ ഗ്ലാമർ കുറക്കുന്നതിനാണ് ബി ജെ പി വോട്ട് പിടിച്ചിട്ടാണെന്ന് പറയുന്നത്. ബി ജെപി വോട്ട് കിട്ടിയിരുന്നുവെങ്കിൽ അവർ ജയിക്കുമായിരുന്നോ? വെറുതെ പറയുന്നതാണ്. ഭൂരിപക്ഷം പ്രവചിക്കുന്നില്ല, യാഥാർത്ഥ്യം നമ്മൾ കാണാൻ പോവുകയാണ്', തിരുവഞ്ചൂർ പറഞ്ഞു.
'ചാണ്ടി ഉമ്മൻ എംഎൽഎയായി 11 ന് സത്യപ്രതിജ്ഞ ചെയ്യും. ഞങ്ങൾ എല്ലാവരും ചേർന്ന് ചാണ്ടി ഉമ്മനെ നിയമസഭയിൽ എത്തിക്കും. എല്ലാവരും ചേർന്ന് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ കാണും. 53 വർഷക്കാലം മുൻനിരയിൽനിന്ന് ഞങ്ങൾക്ക് നേതൃത്വം നൽകിയ ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ അനുസ്മരിച്ചുകൊണ്ട് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് എന്റെ വിശ്വാസം',തിരുവഞ്ചൂർ വ്യക്തമാക്കി.
അതേസമയം യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും വിജയ പ്രതീക്ഷ പങ്കിട്ടു.എത്രത്തോളം വിജയ പ്രതീക്ഷ ഉണ്ടെന്ന ചോദ്യത്തിന് എല്ലാം വോട്ടിംഗ് മെഷീൻ പറയുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതേസമയം ശുഭപ്രതീക്ഷ ഉണ്ടെന്നായിരുന്നു എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസും വ്യക്തമാക്കിയത്. 'പുതുപ്പള്ളിയിലെ എല്ലാ വോട്ടർമാരും പറഞ്ഞത് ശുഭ പ്രതീക്ഷയോടെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകൂവെന്നാണ് അതിന് ഒരു ഇളക്കവും ഇല്ല, മങ്ങലും ഇല്ല', ജെയ്ക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു.
പുതുപ്പള്ളി ആര്‍ക്കൊപ്പമെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത് ബാക്കിയുള്ളത്. കോട്ടയം ബസേലിയസ് കോളേജിലാണ് വോട്ടെണ്ണല്‍ കേന്ദ്രം. രാവിലെ എട്ടേകാലോടെ ആദ്യഫലസൂചന പുറത്തുവരും. ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോള്‍ തന്നെ ട്രെന്‍ഡ് വ്യക്തമാകും.












Click it and Unblock the Notifications