ആഭ്യന്തരം കിട്ടണം, കൂടെ വനം വകുപ്പും; ഉപാധികള്‍ പരസ്യമാക്കി പിവി അന്‍വര്‍, സതീശനെ മാറ്റണം
മലപ്പുറം: യുഡിഎഫ് നേതാക്കള്‍ തന്നെ ഇപ്പോഴും ബന്ധപ്പെടുന്നുണ്ടെന്ന് പിവി അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ അന്‍വറിനെ മല്‍സരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം നടക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് പ്രതികരണം. വിഡി സതീശനെതിരെ അദ്ദേഹം ഇന്നും തുറന്നടിച്ചു.
പിണറായി വിജയന്റെ സര്‍ക്കാരിനെ പുറത്താക്കണം എന്നാണ് അന്‍വറിന്റെ നിലപാട്. മറ്റൊരു പിണറായിയെ ആ സ്ഥാനത്ത് ഇരുത്തില്ല എന്ന് വിഡി സതീശനെ സൂചിപ്പിച്ച് അന്‍വര്‍ വ്യക്തമാക്കുന്നു. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രധാനമായും പോലീസിനെ കുറിച്ചും വനംമേഖലയെ പറ്റിയുമാണ്. അതുകൊണ്ടുതന്നെ 2026ല്‍ അധികാരത്തിലെത്തിയാല്‍ ഈ രണ്ട് വകുപ്പും തനിക്ക് കിട്ടണം എന്ന ഉപാധിയും അന്‍വര്‍ മുന്നോട്ടുവച്ചു.

'ഇന്ന് രാവിലെയും മുതിര്‍ന്ന നേതാക്കള്‍ എന്നെ വിളിച്ചു. ഒറ്റക്കാര്യമേ ഞാന്‍ അവരോട് പറഞ്ഞുള്ളൂ. വിഡി സതീശന്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തിരിക്കുമ്പോള്‍ ഞാന്‍ വരില്ല. കാരണം, ഒരു പിണറായിയെ ഇറക്കിയിട്ട് മറ്റൊരു പിണറായിയെ കയറ്റാന്‍ ഞാനില്ല. മിഖ്യമന്ത്രി പദം ഏതായാലും തരില്ല. വനം, ആഭ്യന്തര വകുപ്പുകള്‍ തനിക്ക് കിട്ടണം എന്ന ഉപാധി വച്ചിട്ടുണ്ട്.
പോലീസിന്റെ വീഴ്ച സംബന്ധിച്ചാണ് ഞാന്‍ നേരത്തെ പറഞ്ഞിട്ടുള്ളത്. ഞാന്‍ ഏറ്റെടുത്ത വിഷയം പോലീസ് വകുപ്പും വനം വകുപ്പുമാണ്. ഇത് രണ്ടും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എനിക്ക് തരാന്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ ഉത്തരവാദപ്പെട്ട നേതാക്കള്‍ ഇരുന്ന് ചര്‍ച്ച ചെയ്ത് കരാര്‍ എഴുതി തരണം. അത് പരസ്യമാക്കണം.
ഉപാധി അംഗീകരിച്ചാല്‍ യുഡിഎഫിന്റെ മുന്നണിപ്പോരാളിയായി താനുണ്ടാകും. ഒന്നുകില്‍ രണ്ട് വകുപ്പുകള്‍ തരണം, അല്ലെങ്കില്‍ വിഡി സതീശനെ മാറ്റി മറ്റൊരാളെ യുഡിഎഫ് ചെയര്‍മാനാക്കണം. ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കിയാല്‍ മാത്രമേ ഞാന്‍ മുന്നണിയിലേക്കുള്ളൂ. കുഞ്ഞാലിക്കുട്ടി, പിജെ ജോസഫ്, ഷിബു ബേബി ജോണ്‍ തുടങ്ങി എല്ലാ നേതാക്കളും ഇക്കാര്യത്തില്‍ ധാരണയാകണം. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സതീശനെ മാറ്റാമെന്ന ധാരണയുണ്ടാക്കണം.
പത്രിക പിന്‍വലിക്കില്ല. പത്രിക നല്‍കാന്‍ പോകുമ്പോള്‍ കേരളത്തിലെ ജനങ്ങളോട് പറഞ്ഞതാണ്, മരിച്ചില്ലെങ്കില്‍ മുന്നോട്ട് പോകുമെന്ന്. താന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും' അന്‍വര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ അന്‍വര്‍ മുന്നോട്ടുവച്ച ഉപാധികള്‍ ഒരിക്കലും യുഡിഎഫ് നേതൃത്വം അംഗീകരിക്കാന്‍ തയ്യാറാകില്ല എന്ന് ഉറപ്പാണ്.
അന്‍വര്‍ ഓരോ ദിവസവും ഓരോ കാര്യങ്ങളാണ് പറയുന്നത് എന്നാണ് യുഡിഎഫ് നേതാക്കളുമായി ബന്ധപ്പെടുമ്പോള്‍ ലഭിക്കുന്ന പ്രതികരണം. അപ്രായോഗികമായ ആവശ്യങ്ങളാണ് മുന്നോട്ട് വെക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യം യുഡിഎഫ് പ്രവേശത്തിനാണ് അന്‍വര്‍ ശ്രമിച്ചിരുന്നത്. പിന്നീട് ചില നിയമസഭാ മണ്ഡലങ്ങള്‍ ആവശ്യപ്പെട്ടുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ പരസ്യമായി രണ്ട് വകുപ്പുകള്‍ കിട്ടണം എന്ന് അന്‍വര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications