പിവി അന്‍വര്‍-കെടി ജലീല്‍ പോരാട്ടം; താര മണ്ഡലമാകുമോ തവനൂര്‍, അണിയറയില്‍ ചര്‍ച്ച സജീവം
മലപ്പുറം: യുഡിഎഫിന് മികച്ച വിജയം സമ്മാനിക്കുന്ന ജില്ലയാണ് മലപ്പുറം. ഇടയ്ക്ക് എല്‍ഡിഎഫ് ചില ഞെട്ടിക്കലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും ജില്ലയിലെ മൊത്തം രാഷ്ട്രീയം വലത്തോട് ചാഞ്ഞ് നില്‍ക്കുന്നു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ത്രസിപ്പിക്കുന്ന വിജയമാണ് യുഡിഎഫ് നേടിയത്. ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷം പോലുമില്ലാത്ത വിധമായിരുന്നു ഫലം.
താരതമ്യേന പോരാട്ടം നടക്കുന്ന മണ്ഡലമായി മലപ്പുറം ജില്ലയില്‍ കണക്കാക്കുന്നത് നാലിടത്താണ്. പെരിന്തല്‍മണ്ണ, പൊന്നാനി, തവനൂര്‍, താനൂര്‍. വി അബ്ദുറഹ്മാന്‍ ഇത്തവണ താനൂരില്‍ മല്‍സരിച്ചേക്കില്ല എന്നാണ് വിവരം. മല്‍സരിക്കാനില്ലെന്ന് നേരത്തെ തവനൂരിലെ കെടി ജലീലും സൂചിപ്പിച്ചിരുന്നു. ഈ വേളയിലാണ് തവനൂരിലേക്ക് പിവി അന്‍വര്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍.

പിവി അന്‍വര്‍ നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ അടുത്തിടെയാണ് യുഡിഎഫില്‍ അസോസിയേറ്റഡ് അംഗമായി എടുത്തത്. ഇതോടെ അദ്ദേഹം വലിയ ആവേശത്തിലാണ്. പിണറായി വിജയനെതിരെയാണ് പിവി അന്‍വറിന്റെ പോരാട്ടം. കിട്ടുന്ന വേദികളിലെല്ലാം മുഖ്യമന്ത്രിക്കെതിരെയാണ് അദ്ദേഹത്തിന്റെ പ്രസംഗം. മൂന്ന് മണ്ഡലങ്ങളിലാണ് പിവി അന്‍വര്‍ മല്‍സരിക്കുമെന്ന അഭ്യൂഹമുള്ളത്.
മുഹമ്മദ് റിയാസ് ജയിച്ച കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, പാലക്കാട് ജില്ലയിലെ പട്ടാമ്പി, മലപ്പുറം ജില്ലയിലെ തവനൂര്‍. ബേപ്പൂരില്‍ അന്‍വറിനെ സ്വാഗതം ചെയ്തും എതിര്‍ത്തും കഴിഞ്ഞ ദിവസങ്ങളില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ അന്‍വറിന് താല്‍പ്പര്യം തവനൂരില്‍ മല്‍സരിക്കാനാണത്രെ. അദ്ദേഹം എത്തിയാല്‍ ഇടതുപക്ഷം കെടി ജലീലിനെ നാലാം തവണയും രംഗത്തിറക്കിയേക്കും.
മൂന്നു തവണ കെടി ജലീല്‍ വെന്നിക്കൊടി നാട്ടിയ തവനൂര്‍
ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു പിവി അന്‍വറും കെടി ജലീലും. രണ്ടുപേരും ഇടതുപാളയത്തില്‍ ആയിരുന്നു എങ്കിലും പിണറായി വിജയനെതിരെ യുദ്ധം പ്രഖ്യാപിച്ച് അന്‍വര്‍ കളംനിറഞ്ഞതോടെ കെടി ജലീല്‍ മുഖംതിരിച്ചു. ഇതോടെ പരസ്പരം പോരടിച്ച് ഇരുവരും രംഗത്തെത്തി. ഈ സാഹചര്യത്തില്‍ പിവി അന്‍വര്‍ തവനൂരില്‍ മല്‍സരിക്കാന്‍ എത്തിയാല്‍ സിപിഎമ്മിന് മുന്നില്‍ കെടി ജലീല്‍ അല്ലാതെ മറ്റൊരു സ്ഥാനാര്‍ഥിയുണ്ടാകില്ല.
2008ലാണ് പഴയ കുറ്റിപ്പുറം മണ്ഡലത്തിന്റെ ചില ഭാഗങ്ങളും തിരൂര്‍, പൊന്നാനി മണ്ഡലങ്ങളുടെ ഭാഗങ്ങളും ചേര്‍ത്ത് തവനൂര്‍ മണ്ഡലം രൂപീകരിച്ചത്. 2011ലായിരുന്നു ആദ്യ തിരഞ്ഞെടുപ്പ്. കുറ്റിപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയെ മലര്‍ത്തിയടിച്ച് താരപരിവേഷമുണ്ടായിരുന്ന കെടി ജലീലിനെ വച്ച് ആദ്യം തന്നെ ഇടതുപക്ഷം മണ്ഡലം പിടിച്ചു.
വിവി പ്രകാശ്, ഇഫ്തിഖാറുദ്ദീന്‍, ഫിറോസ് കുന്നംപറമ്പില്‍ എന്നിവരെയാണ് കെടി ജലീല്‍ പരാജയപ്പെടുത്തിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഷ്ടിച്ചായിരുന്നു ജലീലിന്റെ വിജയം. രണ്ടായിരത്തില്‍ താഴെ വോട്ടുകള്‍ക്ക് നഷ്ടമായ മണ്ഡലം ആഞ്ഞുപിടിച്ചാല്‍ കൂടെ പോരുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. അതുകൊണ്ടുതന്നെ പിവി അന്‍വര്‍ എത്തിയാല്‍ രംഗം കൊഴുിക്കും. അന്തിമ തീരുമാനം കാത്തിരിക്കുകയാണ് യുഡിഎഫ് അണികള്‍.












Click it and Unblock the Notifications