അൻവറിന്റെ നീക്കം പൊളിയുമോ? 'അപേക്ഷ' തള്ളി കോൺഗ്രസ് ;'സ്ഥാനാർത്ഥിയെ ഹൈക്കമാന്റ് തീരുമാനിക്കും'
പിവി അൻവറിന്റെ രാജിയോടെ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഉണ്ടായാൽ താൻ മത്സരിക്കില്ലെന്ന് അൻവർ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല യു ഡി എഫിന് നിരുപാധിക പിന്തുണ നൽകുമെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ മലപ്പുറം കോൺഗ്രസ് ജില്ലാ അധ്യക്ഷൻ വി എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നാണ് അൻവറിന്റെ ആവശ്യം. ഇതിനെ പൂർണമായും തള്ളുകയാണ് കോൺഗ്രസ്. ആര് സ്ഥാനാർത്ഥിയാകണമെന്ന് ഹൈക്കമാന്റാണ് തീരുമാനിക്കുകയെന്ന് കെ മുരളീധരൻ പ്രതികരിച്ചു. പിവി അൻവറിനെ മുന്നണിയിലേക്ക് എടുക്കണോ എന്നത് ഇപ്പോൾ അജണ്ടയിൽ ഇല്ലെന്നും മുരളീധരൻ പറഞ്ഞു.
'നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുതയാണെങ്കിൽ വിജയം ഉറപ്പാക്കുക എന്നതാണ് ഇപ്പോഴത്തെ അജണ്ട്. കോൺഗ്രസ് ആരെ സ്ഥാനാർത്ഥിയാക്കണമെന്നതൊക്കെ തീരുമാനിക്കുന്നത് ഹൈക്കമാന്റ് ആണ്. യോഗ്യതയുള്ളവരുടെ പേര് ചർച്ച ചെയ്ത് നേതൃത്വം തീരുമാനിക്കും. ഒരു കാര്യം ഉറപ്പാണ്, ഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന അന്ന് തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയും രംഗത്ത് വരും. ഇതുവരെ ഉണ്ടായിരുന്ന വിമർശനം ഉപതിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റ് മാത്രമേ ജയിച്ചിട്ടുള്ളൂ, എൽ ഡി എഫിന്റെ സീറ്റ് പിടിച്ചിട്ടില്ലെന്നാണല്ലോ, നിലമ്പൂരിൽ ആ പരാതി ഞങ്ങൾ പരിഹരിക്കും. ഉപതിരഞ്ഞെടുപ്പിൽ ആര് പിന്തുണ നൽകിയാലും ഞങ്ങൾ സ്വീകരിക്കും', മുരളീധരൻ പറഞ്ഞു.

അതേസമയം ജോയ് മത്സരിക്കണമെന്നത് അപേക്ഷ മാത്രമാണെന്നാണ് പിവി അൻവർ പറയുന്നത്. മാത്രമല്ല താൻ നിലമ്പൂർ വിട്ടിട്ടില്ലെന്നും അൻവർ വ്യക്തമാക്കി. 'ജീവതകാലം തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്ന് പറഞ്ഞിട്ടില്ല .നിലമ്പൂർ വിട്ടെന്ന് ആരും സ്വപ്നം കാണണ്ട. നിലമ്പൂരും ഏറനാടും വണ്ടൂരുമൊന്നും വിട്ട് എനിക്കെവിടേയും പോകാൻ സാധിക്കില്ല. അതെന്റെ നാടാണ്. 2011 ൽ ഞാൻ മത്സരിക്കുമ്പോൾ 46000 വോട്ട് കിട്ടി, 2014 ലും 2021 ലും എന്നെ ജയിപ്പിച്ചത് ഇതേ ജനമാണ്. ആ നാടും ആ ജനവും ഇല്ലെങ്കിൽ പിവി അൻവർ ഇല്ല. നിലമ്പൂരിലെ ജനങ്ങൾ എന്റെ ഹൃദയത്തിന്റെ ഭാഗമാണ്', അൻവർ പറഞ്ഞു.
അതിനിടെ നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കണമോയെന്ന് അപ്പോൾ തീരുമാനിക്കും എന്നാണ് അൻവർ പ്രതികരിച്ചത്. ഷൗകത്തിന്റെ അളവറ്റ് അൻവർ പരിഹസിക്കുകയും ചെയ്തു. അദ്ദേഹം വെറും സിനിമ സാംസ്കാരിക പ്രവർത്തകനല്ലേയെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തോട് അൻവർ പറഞ്ഞത്.












Click it and Unblock the Notifications