പിവി അന്‍വര്‍ അധികാരമോഹി; വ്യാജം പറഞ്ഞ് പാര്‍ട്ടിയിലെത്തി, കത്ത് പരസ്യമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പിവി അന്‍വര്‍ രാജിവച്ചു. പിവി അന്‍വറിനെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. തൃണമൂല്‍ നേതൃത്വം ബേപ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മതിയായ പിന്തുണ നല്‍കിയില്ല എന്നാണ് അന്‍വര്‍ പറയുന്നത്. അന്‍വര്‍ അധികാര മോഹിയാണെന്നും അന്‍വര്‍ ചേരുന്ന പാര്‍ട്ടി തകരുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി വി ശിവദാസന്‍ പറയുന്നു.
അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് കഴിഞ്ഞ വര്‍ഷം നല്‍കിയ കത്ത് പാര്‍ട്ടി നേതൃത്വം പുറത്തുവിട്ടു. യു പ്രതിഭ, ജി സുധാകരന്‍ ഉള്‍പ്പെടെയുള്ള നിരവധി സിപിഎം, കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പ്പര്യപ്പെട്ടിട്ടുണ്ട് എന്ന് സൂചിപ്പിച്ചായിരുന്നു കത്ത്. കേരളത്തിലെത്തി അന്വേഷിച്ചപ്പോള്‍ എല്ലാം വ്യാജമാണ് എന്ന് തെളിഞ്ഞുവെന്ന് ശിവദാസന്‍ പറയുന്നു. അന്‍വര്‍ വാക്കുകള്‍ മാറ്റിപ്പറയുമെന്നും രാഷ്ട്രീയ സ്ഥിരതയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

കോണ്‍ഗ്രസ് വിട്ടാണ് അന്‍വര്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നതും നിലമ്പൂരില്‍ നിന്ന് എംഎല്‍എ ആയതും. പിണറായി വിജയന്റെ നിലപാടുകളിലെ വിയോജിപ്പ് പരസ്യമാക്കി എല്‍ഡിഎഫ് ബന്ധം ഉപേക്ഷിക്കുകയും എംഎല്‍എ പദവി രാജിവയ്ക്കുകയും ചെയ്ത അന്‍വര്‍ പിന്നീട് ഡിഎംകെ എന്ന പാര്‍ട്ടി രൂപീകരിച്ചു. ശേഷം പാര്‍ട്ടി പിരിച്ചുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇപ്പോള്‍ തൃണമൂല്‍ വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്.
ബേപ്പൂരില്‍ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ ടി.എം.സിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചതായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു. മെയ് 15നുള്ളില്‍ പുതിയ സംസ്ഥാന പാര്‍ട്ടിക്ക് രൂപം നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തായിരിക്കും പുതിയ പാര്‍ട്ടി.
ബേപ്പൂരില്‍ മത്സരിക്കുമ്പോള്‍ ടി.എം.സിയുടെ പിന്തുണയുണ്ടായില്ല. കോണ്‍ഗ്രസുമായി സഹകരിക്കുന്നത് പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിന് ബുദ്ധിമുട്ടാകുമെന്നാണ് അവര്‍ അറിയിച്ചത്. എന്നാല്‍, അത് കേരളത്തില്‍ നടക്കില്ലെന്നും ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കേണ്ട സാഹചര്യം അറിയിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് താന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
ബേപ്പൂരില്‍ ടി.എം.സി ചിഹ്നം നല്‍കാത്തത് യു.ഡി.എഫുമായി സഹകരിച്ചതിനാലാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒപ്പം വേദി പങ്കിടാന്‍ കഴിയാത്തതുകൊണ്ടാണ് ടി.എം.സി നേതാക്കള്‍ പ്രചാരണത്തിന് വരാത്തത്. സി.പി.എമ്മില്‍ നിന്ന് 15 ശതമാനം മുതല്‍ 20 ശതമാനം വരെ വോട്ടുകള്‍ യു.ഡി.എഫിന് ലഭിച്ചിട്ടുണ്ട്. 90 മുതല്‍ 110 സീറ്റ് വരെ നേടി യു.ഡി.എഫ് അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സജി മഞ്ഞകടമ്പില്‍, അഡ്വ. വി.എസ് മനോജ് കുമാര്‍, ഹംസ പറക്കാട്ട്, നിസാര്‍ മേത്തര്‍ പങ്കെടുത്തു.












Click it and Unblock the Notifications