ഇതുപോലെ എത്ര പാര്‍ട്ടികള്‍ക്ക് കിട്ടും? ഫലം വന്ന പിന്നാലെ പിവി അന്‍വര്‍ ചോദിക്കുന്നു... യുഡിഎഫ് കൂട്ടുമോ
ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുമ്പ് കേരള രാഷ്ട്രീയം ആടിയുലഞ്ഞത് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ തുറന്നുവിട്ട പോര്‍മുഖത്താണ്. പോലീസ് സേനയെ എഡിജിപി എംആര്‍ അജിത് കുമാര്‍ കൈയ്യിലിട്ട് അമ്മാനമാടുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആരോപണം. ഓരോ ദിവസവും അന്‍വര്‍ പരസ്യപ്പെടുത്തിയ കാര്യങ്ങള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്തു. അന്‍വര്‍ പോകുന്നിടത്തെല്ലാം മാധ്യമങ്ങള്‍ വട്ടംകൂടി.
ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പിവി അന്‍വര്‍ ശക്തമായ ആരോപണവുമായി രംഗത്തുവന്നു. മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്നു വരെ അന്‍വര്‍ ആഞ്ഞടിച്ചു. ഇതോടെ ഇടതുക്യാമ്പില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറന്ന അന്‍വറുമായി പക്ഷേ, മറ്റു പാര്‍ട്ടികള്‍ അകലം പാലിച്ചു. ശക്തി തെളിയിക്കാന്‍ തമിഴ്‌നാട് യാത്ര നടത്തിയ അദ്ദേഹം ഡിഎംകെ എന്ന സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചു.

ഈ വേളയിലായിരുന്നു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച അന്‍വര്‍ പാലക്കാടും ചേലക്കരയിലും ഡിഎംകെ മല്‍സരിക്കുമെന്ന് അറിയിച്ചു. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ നിലപാട് മയപ്പെടുത്തി യുഡിഎഫിന്റെ വാതില്‍ തുറക്കുമോ എന്ന് നോക്കി. വിഡി സതീശന്‍ സ്വരം കടുപ്പിച്ചതോടെ അന്‍വറിന്റെ നെറ്റി ചുളിഞ്ഞു. പാലക്കാട്ടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് അന്‍വര്‍ ചേലക്കരയില്‍ കച്ചകെട്ടി.
പ്രമുഖ കോണ്‍ഗ്രസ് നേതാവ് എന്‍കെ സുധീറിനെ കൂടെ ചേര്‍ത്തതോടെ യുഡിഎഫ് വോട്ടുകള്‍ ചിതറുമെന്ന ആശങ്കയായി. എങ്കിലും 'തമാശ പറയല്ലേ അന്‍വര്‍' എന്ന മറുപടിയാണ് വിലപേശലിന് ശ്രമിച്ചപ്പോള്‍ സതീശനില്‍ നിന്ന് കിട്ടിയത്. പ്രചാരണത്തില്‍ കൊമ്പു കുലുക്കാന്‍ ഡിഎംകെ ആഞ്ഞു ശ്രമിച്ചെങ്കിലും എവിടെയോ പാളി. ഫലം വന്നപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥി എന്ന നിലയില്‍ എന്‍കെ സുധീറിന് കിട്ടിയ വോട്ടുകള്‍ ചെറുതല്ലെന്ന് ആശ്വസിക്കാം.
3920 വോട്ടുകളാണ് എന്‍കെ സുധീറിന് കിട്ടിയത്. വാശിയേറിയ പോരാട്ടം മുന്നണികള്‍ക്കിടയില്‍ നടക്കുമ്പോള്‍ ഈ വോട്ടുകള്‍ നേടാനായത് അന്‍വറിന് ആശ്വാസമാണ്. 12000 വോട്ടിന്റെ ഭൂരിപക്ഷമാണ് യുആര്‍ പ്രദീപിന് ചേലക്കരയില്‍ ലഭിച്ചത്. 2021ല്‍ കെ രാധാകൃഷ്ണന് 39000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ചേലക്കരയില്‍ കണ്ടത് പിണറായി സര്‍ക്കാരിനോടുള്ള ജനവികാരമാണ് എന്ന് അന്‍വര്‍ സൂചിപ്പിക്കുന്നു. 140 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മല്‍സരിച്ച ഇത്രയും വോട്ട് നേടാന്‍ സാധിക്കുന്ന എത്ര പാര്‍ട്ടികള്‍ കേരളത്തിലുണ്ട് എന്ന നിര്‍ണായക ചോദ്യവും അന്‍വര്‍ മുന്നോട്ടുവെക്കുന്നു.
തിരഞ്ഞെടുപ്പ് ആവേശം കഴിഞ്ഞ സാഹചര്യത്തില്‍ കേരള രാഷ്ട്രീയത്തില്‍ അന്‍വറിന്റെ ഭാവി എന്ത് എന്ന ചോദ്യമാണ് ബാക്കിയാകുന്നത്. ഡിഎംകെയെ ശക്തിപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കുമോ. അതല്ല, മറ്റു മുന്നണികളുടെ ഭാഗമായി മാറുമോ... സര്‍ക്കാരിനും പോലീസിനുമെതിരെ അന്‍വര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ പ്രധാനമാണ് എന്ന് നിരീക്ഷിക്കുന്നവരുണ്ട്. അന്‍വറിനെ കൂടെ കൂട്ടിയാല്‍ പാര്‍ട്ടിക്കുള്ളില്‍ വിള്ളലുണ്ടാകുമോ എന്ന ആശങ്കയാണ് കോണ്‍ഗ്രസിന്.
മലപ്പുറത്ത് കോണ്‍ഗ്രസിന് ശക്തമായ സാന്നിധ്യമുള്ള രണ്ട് മണ്ഡലങ്ങളാണ് നിലമ്പൂരും വണ്ടൂരും. എപി അനില്‍കുമാറുള്ളപ്പോള്‍ വണ്ടൂരിന്റെ അവകാശത്തിനായി ചോദ്യം ഉയരില്ല. ആര്യാടന്‍ ഷൗക്കത്തും വിഎസ് ജോയിയുമെല്ലാം നോട്ടമിടുന്ന നിലമ്പൂരില്‍, അന്‍വറിനെ കൂടെ ചേര്‍ത്ത് പുതിയ വെല്ലുവിളി തോളിലേറ്റണ്ട എന്ന നിലപാടില്‍ കോണ്‍ഗ്രസ് എത്താനാണ് സാധ്യത. അതേസമയം, അന്‍വര്‍ പുറത്തുനിന്നാല്‍ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും തിരിച്ചടി ലഭിക്കുന്നത് മലപ്പുറത്തെ സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കാണ് എന്നതും എടുത്തുപറയണം.












Click it and Unblock the Notifications