നിലമ്പൂര്‍ വിട്ട് പിവി അന്‍വര്‍; പൊടിപാറും പോരാട്ടം, യുഡിഎഫില്‍ ധാരണ, കൂടുതല്‍ സീറ്റ് ചോദിക്കും
തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പിവി അന്‍വര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിലമ്പൂരില്‍ നിറഞ്ഞു നിന്നിരുന്ന അന്‍വര്‍ ഇത്തവണ തട്ടകം മാറും. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെയാകും മല്‍സരിക്കാന്‍ സാധ്യത. ഈ സാഹചര്യത്തില്‍ കൂടിയാണ് അന്‍വര്‍ തട്ടകം മാറ്റുന്നത്.
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ആയിരിക്കും പിവി അന്‍വര്‍ മല്‍സരിക്കുക. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ചീഫ് കോഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. യുഡിഎഫില്‍ ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പ്രചാരണം ശക്തിപ്പെടുത്താനാണ് തീരുമാനം.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി പിവി അന്‍വര്‍ ബേപ്പൂര്‍ മണ്ഡലത്തിലുണ്ട്. പല നേതാക്കളെയും പ്രമുഖരെയും അദ്ദേഹം കണ്ടു. യുഡിഎഫ് പ്രവര്‍ത്തകരുമായി സംസാരിച്ചു. ചില ഇടങ്ങളില്‍ പിവി അന്‍വറിന് ബേപ്പൂര്‍ മണ്ഡലത്തിലേക്ക് സ്വാഗതം എന്ന ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു. പിണറായിസത്തിനും മരുമോനിസത്തിനുമെതിരെ എന്ന പ്രഖ്യാപനമാണ് പിവി അന്‍വര്‍ നടത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് വിട്ട് ഇടതുസ്വതന്ത്രനായി നിലമ്പൂരില്‍ ജനവിധി തേടിയ പിവി അന്‍വര്‍ രണ്ട് തവണ ജയിച്ചിരുന്നു. രണ്ടാം തവണ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പേ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായി ഉടക്കി. ആഭ്യന്തര വകുപ്പില്‍ സംഘപരിവാര്‍ പിടിമുറുക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അഭിപ്രായഭിന്നത.
തുടര്‍ന്നാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും എംഎല്‍എ പദവി രാജിവച്ചതും. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിച്ച് 20000ത്തോളം വോട്ട് പിടിച്ച് കരുത്ത് കാട്ടിയ പിവി അന്‍വര്‍ യുഡിഎഫില്‍ അസോസിയേറ്റഡ് അംഗമായി പ്രവര്‍ത്തിക്കുകയാണിപ്പോള്‍. ഈ വേളയിലാണ് ബേപ്പൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ ഒരുങ്ങുന്നത്. ഒന്നിലധികം സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ചോദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബേപ്പൂര്‍ മണ്ഡലം ചെങ്കോട്ട
കോഴിക്കോട് കോര്‍പറേഷന്റെ ചില വാര്‍ഡുകളും ഫറോക്ക്, രാമനാട്ടുകര മുന്‍സിപ്പാലിറ്റികളും കടലുണ്ടി ഗ്രാമ പഞ്ചായത്തും ചേര്‍ന്നതാണ് ബേപ്പൂര്‍ നിയമസഭാ മണ്ഡലം. കെ ചാത്തുണ്ണി, എന്‍പി മൊയ്തീന്‍, കെ മൂസക്കുട്ടി, ടികെ ഹംസ, വികെസി മമ്മദ് കോയ, എളമരം കരീം എന്നിവരുള്‍പ്പെടെയുള്ളവര്‍ തിരഞ്ഞെടുക്കപ്പെട്ട ബേപ്പൂര്‍ കൂടുതല്‍ കാലവും ഇടതുപക്ഷത്തിനൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 30000ത്തോളം വോട്ടിനാണ് പിഎ മുഹമ്മദ് റിയാസ് ജയിച്ചത്. കോണ്‍ഗ്രസിന് വേണ്ടി മല്‍സരിച്ച പിഎം നിയാസിന് 53418 വോട്ടുകളാണ് ലഭിച്ചത്. വീണ്ടും റിയാസ് മല്‍സരിക്കുമോ എന്ന് ഉറപ്പില്ല. റിയാസിനെ മലര്‍ത്തിയടിക്കാനാണ് അന്‍വറിന്റെ വരവ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുകള്‍ വര്‍ധിച്ചിട്ടുണ്ട്. എങ്കിലും എല്‍ല്‍ഡിഎഫിന് തന്നെയാണ് മേല്‍ക്കൈ.












Click it and Unblock the Notifications